മിഖായേൽ ; അമേരിക്കൻ തീരത്തേക്ക് പുതിയ ചുഴലിക്കൊടുങ്കാറ്റ്




ഫ്ലോറൻസ് കൊടുങ്കാറ്റിന് പിന്നാലെ അമേരിക്കയെ ഭീതിയിലാഴ്ത്തി മിഖായേൽ കൊടുങ്കാറ്റ്. മെക്സിക്കൻ ഉൾക്കടലിൽ രൂപം കൊണ്ട മിഖായേൽ ചുഴലിക്കാറ്റ് അതിവേഗം ശക്തി പ്രാപിച്ച് കൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ വടക്ക് കിഴക്കൻ ഗൾഫ് തീരത്തുടനീളം 300 മൈൽ പ്രദേശത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബുധനാഴ്ചയോടെ കാറ്റഗറി മൂന്നിൽ പെടുന്ന ഈ കൊടുങ്കാറ്റ് തീരം തൊടും എന്നാണ് നാഷണൽ ഹരിക്കെയ്ൻ സെന്റർ നൽകുന്ന മുന്നറിയിപ്പ്. മെക്സിക്കൻ കടലിലെ ഫ്ലോറിഡ പാൻഹാൻഡിൽ ദ്വീപിലായിരിക്കും കൊടുങ്കാറ്റ് ആദ്യമെത്തുക. ഫ്ലോറിഡ അലബാമ തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. 

 

 

മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. തീര സംസ്ഥാനങ്ങളിൽ കനത്ത നാശം വിതയ്ക്കാൻ കഴിയുന്ന കൊടുങ്കാറ്റായി മിഖായേൽ മാറുമെന്നാണ് കാലാവസ്ഥാ വിദഗ്‌ധരുടെ പ്രവചനം. മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. കഴിഞ്ഞ മാസം സൗത്ത് കരോലൈന, വിർജീനിയ, മേരിലൻഡ്, വാഷിങ്ടൺ ഡി.സി. ജോർജിയ എന്നീ സംസ്ഥാങ്ങളെ ബാധിച്ച ഫ്ലോറൻസ് കൊടുങ്കാറ്റിനെ തുടർന്ന് സൗത്ത് കരോലൈന, നോർത്ത് കരോലൈന.എന്നിവിടങ്ങളിൽനിന്ന് 17 ലക്ഷം പേരെ ഒഴിപ്പിച്ചിരുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ കൊടുങ്കാറ്റായി ഫ്ലോറൻസ് മാറിയേക്കുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും തീരം തൊട്ടതോടെ കാറ്റിന്റെ വേഗം കുറഞ്ഞത് നാശനഷ്ടങ്ങൾ കുറക്കുകയായിരുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment