കേപ്പ് ടൗണിലേക്ക് നടക്കുന്ന കേരളം




ഈ  വേനലിന്റെ  ഓരോ ദിവസങ്ങളിലും ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗൺ നഗരത്തിലെ നാൽപ്പത് ലക്ഷത്തോളം ജനങ്ങൾ ഭയാനകമായ ഒരു വാർത്തയും പ്രതീക്ഷിച്ചായിരുന്നു ഉറക്കമുണർന്നിരുന്നത്. തങ്ങൾ ഓരോരുത്തരും ആയുധധാരികളായ സൈനികർ കാവൽ നിൽക്കുന്ന ടാപ്പിൽ നിന്ന് അനുവദിച്ചിട്ടുള്ള റേഷൻ പ്രകാരം നഗരത്തിലെ ഏറ്റവും വിലകൂടിയ ദ്രാവകം - വെള്ളം - ശേഖരിക്കുന്ന ദിനമായിരുന്നു ആ വാർത്ത. അതീവഗുരുതരമായ ജലദൗർലഭ്യം മൂലം നഗര ഭരണകൂടം ടാപ്പുകൾ അടച്ച് പൂട്ടുന്ന ഡേ സീറോയെ ഭയന്ന് ജീവിക്കുകയായിരുന്നു ആ നഗരം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി കടുത്ത വരൾച്ചയെ അഭിമുഖീകരിക്കുകയാണ് കേപ്പ് ടൗൺ. ഓരോ പൗരനും വെള്ളത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് നഗരഭരണകൂടം നിരന്തരം അഭ്യർത്ഥിച്ച് കൊണ്ടിരിക്കുന്നു. അല്ലെങ്കിൽ ജലവിതരണം നിർത്തി റേഷൻ സമ്പ്രദായം ഏർപ്പെടുത്തേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകുന്നു. ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ പട്ടാളത്തെ നിയോഗിക്കുമെന്ന് പ്രഖ്യാപിക്കുന്നു. 
  

കേരള സംസ്ഥാനത്തിനു ആയുസ്സ് 33 വര്‍ഷം കൂടി മാത്രം  (2050) എന്നു പറയുന്ന പഠനങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, വരള്‍ച്ചയില്‍ കരിഞ്ഞു പോയ ഹാരപ്പ നാടിനെയാണ്. ആ പട്ടികയിലേക്ക് ജൂലൈ 15ന് കേപ്പ് ടൗൺ നഗരവും ഏറെ വൈകാതെ ബാംഗ്ളൂർ സിറ്റിയും എത്തിച്ചേരും.


41 നദികളും അതിന്‍റെ അരുവികളും തടാകങ്ങളും 65 ലക്ഷം കിണറുകളും ഉള്ള കേരളത്തിലെ 50% ലധികം ഗ്രാമങ്ങളിലും അതിലധികം നഗരങ്ങളിലും ജലക്ഷാമം രൂക്ഷമായത് മഴയിൽ കുറവുണ്ടായതു കൊണ്ടു മാത്രമല്ല. ലോകത്തെ ഏറ്റവും കൂടുതൽ മഴ പെയ്യുന്ന മൗസം നഗറും ചിറാപുഞ്ചിയും ജലക്ഷാമത്തിലാണ്. കാരണം വളരെ ലളിതവും. മഴ ഉണ്ടാക്കുന്ന മണ്ണൊലിപ്പ് ,ഭൂഗർഭത്തിലേക്ക് വെള്ളം ഒഴുകി ഇറങ്ങുവാൻ അനുവദിക്കുന്നില്ല. 

 

3000 mm ശരാശരി  മഴ ലഭിക്കുന്ന കേരളത്തിന്റെ ഭൂഗർഭ ജലവിതാനം വല്ലാതെ കുറയുകയാണ്. കിണറുകളിൽ 70% ത്തിലും ജലവിതാനം കുറഞ്ഞു. സംസ്ഥാനത്തെ 30 ബ്ലോക്കുകൾ ജലക്ഷാമത്തിലാണ്.  വരൾച്ച കാലത്ത് ഒരോ പഞ്ചായത്തിനും 11 ലക്ഷം രൂപയും മുൻസിപാലിറ്റിക്ക് 16 ലക്ഷം രൂപയും സർക്കാർ അനുവദിക്കുന്നു എന്ന് മേനി നടിക്കുകയാണ്.

 

കാരണങ്ങളിലേക്ക് എത്താതെ വരൾച്ചയെ പ്രതിരോധിക്കുവാൻ പദ്ധതികൾ ഒരുക്കുന്ന സർക്കാർ നിഴലിനോടാണ് യുദ്ധം ചെയ്യുന്നത്. കേരളത്തിന് പ്രതിവർഷം നഷ്ടപ്പെടുന്ന 5000 ഹെക്ടർ വനഭൂമി.1965 മുതൽ നാടിന് 9 ലക്ഷം ഹെക്ടർ വനം നഷ്ടപ്പെട്ടു കഴിഞ്ഞു. (ഒരു  ഹെക്ടർ വനത്തിന് സർക്കാർ നിശ്ചയിച്ച സാമ്പത്തിക മൂല്യം 0.50 to 1.5 കോടി .ഏറ്റവും കുറഞ്ഞത് 9 ലക്ഷം കോടി രൂപ കേരളത്തിന് നഷ്ടപ്പെട്ടതായി  ഇതം വഴി കണക്കാക്കാം .)

 

സംസ്ഥാനത്തെ നഷ്ടപ്പെട്ട വയലുകൾ 7 ലക്ഷം ഹെക്ടർ വരും. ഭക്ഷണത്തിന്റെ (നെല്ലിന്റെ ) 15% മാത്രം ഇന്നിവിടെ ഉൽപ്പാദിപ്പിക്കുന്നു.(1957 ൽ 48% ആവശ്യമായ നെല്ലും ഇവിടെ കൃഷി ചെയ്തു വന്നു.) 5000 കോടി രൂപ ഭക്ഷ്യധാന്യത്തിനായി സംസ്ഥാനത്തിന് പുറത്തേക്കൊഴുക്കേണ്ടി വരുന്നു. നെൽപ്പാടം പ്രകൃതിയുടെ സമ്മാനമാണ്. നെൽവയൽ ഉണ്ടായി തീരുവാൻ നൂറ്റാണ്ടുകൾ വേണ്ടിവരും. ആധുനിക ശാസ്ത്ര വിദ്യ എത്ര ഹെക്ടർ നിലം  നിർമ്മിച്ചു എന്നറിവുണ്ടോ ? നദികളും കായലുകളും ഇങ്ങനെ തന്നെയാണ്.

 

ഒരു ഹെക്ടർ നിലത്തിന് 800  ഘനമീറ്റർ (8ലക്ഷം ലിറ്റർ)  വെള്ളം സംഭിരിക്കുവാൻ ശേഷിയുണ്ട്. അവിടെ 200 ലധികം സൂക്ഷ്മ, സ്ഥൂല ജീവികൾ നിലനിൽക്കുന്നു.കായൽ പരപ്പുകളിൽ 75% വും മണ്ണിട്ടു മൂടിയതായി സർക്കാർ സമ്മതിച്ചു. അത് കടൽ കായൽ. തീരദേശത്തിന്റെ സംതുലനത്തെ തകർത്തു. കണ്ടൽ  കാടുകളുടെ വിസ്തൃതി 700 ചതു.കി.മീ.ൽ നിന്നും 9 കി.മീറ്റർ ആയി.

 

സംസ്ഥാനത്തെ നെൽവയലുകളുടെയും അവശേഷിക്കുന്ന നീർത്തടങ്ങളുടെയും  സംരക്ഷണത്തിനായി രാജ്യത്താദ്യം ഉണ്ടായ സംസ്ഥാന നിയമമാണ് നെൽവയൽ തണ്ണീർതട സംരക്ഷണ നിയമം 2008. അതിനെ അട്ടിമറിക്കുവാൻ ശ്രമിച്ച ഐക്യമുന്നണി സർക്കാർ തീരുമാനത്തെ വിമർശിച്ച് പ്രകടനപത്രികയിൽ 2008 ലെ നിയമത്തെ ശക്തിപ്പെടുത്തും എന്നു പറഞ്ഞ ഇടതുപക്ഷം , ആ നിയമത്തെ പരിപൂർണ്ണമായും അട്ടിമറിച്ച് അവശേഷിക്കുന്ന നിർത്തടങ്ങൾ, ഭൂമി കച്ചവടക്കാരുടെ ചരക്കാക്കി മാറ്റി കൈമാറുവാൻ അവസരം ഉണ്ടാക്കുകയാണ്. 


ഇടതു സർക്കാർ ഇന്നലെ നിയമസഭയിൽ പാസാക്കിയ ഭേദഗതികൾ ഏറെ അപകടകരങ്ങളാണ്. 2008 ലെ നിയമപ്രകാരം 2008 ആഗസ്റ്റ് 12 ൽ രേഖപ്പെടുത്തുന്ന  ഡാറ്റ ബാങ്കിന്റെ അടിസ്ഥാനത്തിൽ പാടങ്ങളുടെ സ്ഥിതി നിശ്ചയിക്കണം. എന്നാൽ നാളിതുവരെയായി ഡാറ്റ ബാങ്ക് ഉണ്ടാക്കി കഴിഞ്ഞില്ല. 2008 ലെ നിയമം നടപ്പാക്കുവാൻ നെൽവയൽ പരിശോധനയും മറ്റും RDO യോ അതിനു മുകളിൽ ഉള്ളവരെയോ  ചുമതലപ്പെടുത്തിയിരുന്നു. ആ ചുമതല വില്ലേജ് ആപ്പീസറെ ഏൽപ്പിച്ചു . 50 % നെൽപ്പാടം നികത്തുവാൻ നിയമ ഭേദഗതി അവസരം ഒരുക്കി. (കോട്ടയം കോറിഡോർ പ്രൊജക്റ്റ്നായി നടപ്പിലാക്കി).

 

2015 ൽ തണ്ണീർതടങ്ങളെ ഡാറ്റ ബാങ്കുകളുടെ അടിസ്ഥാനത്തിൽ എന്നത് , നികുതി രേഖയുടെ അടിസ്ഥാനത്തിൽ എന്നാക്കി മാറ്റി.വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ സ്വഭാവ വ്യതിയാനം എന്നത്  ഭൂമിയുടെ സ്വഭാവം, പൂർവ്വ സ്ഥിതിയിലേക്ക് കൊണ്ടുവരുവാൻ കഴിയാത്തതെന്നാക്കി എന്നു പുതുക്കി നിശ്ചയിച്ചു. നെൽവയലിലേക്കും എന്ന വാക്കിന് ശേഷം അല്ലെങ്കിൽ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയിലേക്കും  എന്നാക്കി. പദ്ധതികൾക്ക് എന്നത് പദ്ധതികളും പ്രോജക്ടുകളും എന്നു തുടങ്ങുന്നു. ചുരുക്കത്തിൽ സർക്കാർ പദ്ധതികൾക്കൊപ്പം പൊതുവായ ആവശ്യത്തിന് നിലം നികത്താമെന്നും അതിൽ അഭിപ്രായം പറയുവാൻ കൂടിയുള്ള അധികാരം പ്രാദേശിക സർക്കാരുകൾക്കില്ല എന്നും പുതിയ ഭേദഗതി തീരുമാനിച്ചു.

 

ഇതേ ഭേദഗതി നടന്ന ദിവസം തന്നെ ഇടുക്കി ജില്ലയിൽ പശ്ചിമഘട്ടത്തെ സമ്പൂർണ്ണമായി തകർക്കുവാൻ സഹായിക്കുന്ന തരത്തിൽ പശ്ചിമഘട്ട സംരക്ഷണത്തിൽ വെള്ളം ചേർക്കുന്നതിനായി  സർക്കാരിനെ കൂടുതൽ അനുവദിക്കുന്ന നിലപാടുകൾ എടുപ്പിക്കുന്നതിന്റെ ഭാഗമായി  ഐക്യജനാധിപത്യ മുന്നണി ഹർത്താൽ നടത്തി. 

 

കേരളത്തിന്റെ അവശേഷിക്കുന്ന പാടങ്ങളെയും ബന്ധപ്പെട്ട ചതുപ്പു പ്രദേശങ്ങൾക്കും മുകളിൽ പ്രാദേശിക സർക്കാരിന് പരിമിതമായി ഉണ്ടായിരുന്ന അവകാശങ്ങളെ ഉൾപ്പെടെ അട്ടിമറിക്കുവാൻ ഊർജ്ജം നൽകുന്ന നെൽവയൽ തണ്ണീർതട നിയമ ഭേദഗതിക്കെതിരെ മലയാളികൾ ഒറ്റകെട്ടായി പ്രതികരിക്കാതെ കേരളം എന്ന പച്ചതുരുത്തിനെ സംരക്ഷിക്കുവാൻ കഴിയില്ല.

 

നമ്മുടെ മുന്നിൽ കേയ്പ്പ് ടൗണും ജോഹന്നാസ് ബർഗും പാഠമായി നിൽക്കുന്നു. വിവേകശൂന്യമായ പാരിസ്ഥിതിക നയങ്ങളുമായി കേപ്പ് ടൗണിലേക്ക് നടക്കുകയാണ് കേരളം. 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment