വേദാന്തയെ പിന്തുണച്ച് ജഗ്ഗി വാസുദേവും ബാബ രാംദേവും




തൂത്തുക്കുടി വേദാന്ത ചെമ്പ് ശുദ്ധീകരണ പ്ലാന്റിനെ പിന്തുണച്ച് ആൾദൈവം ജഗ്ഗി വാസുദേവ്.  ഇംഗ്ലീഷ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജഗ്ഗി വാസുദേവ് വേദാന്തയെ പിന്തുണച്ചത്. അഭിമുഖത്തിലെ പരാമർശങ്ങൾക്ക് പിന്നാലെ വേദാന്തയെ പിന്തുണച്ച് സദ്ഗുരു എന്ന് വിളിക്കുന്ന ജഗ്ഗി വാസുദേവ് ട്വീറ്റ് ചെയ്തു. താൻ ഈ വിഷയത്തിൽ വിദഗ്ദൻ ഒന്നുമല്ല, എന്നാൽ ഇന്ത്യ ചെമ്പ് ഉൽപ്പാദിപ്പിച്ചില്ലെങ്കിൽ ചൈനയിൽ നിന്ന് വാങ്ങേണ്ടി വരുമെന്നും, വൻകിട പദ്ധതികളെ ആക്രമിക്കുന്നത് സാമ്പത്തികാവസ്ഥയുടെ ആത്മഹത്യയാവും എന്നുമാണ് ജഗ്ഗി ട്വീറ്റ് ചെയ്തത്. പരിസ്ഥിതിയെ നശിപ്പിച്ചെന്ന നിരവധി കേസുകൾ നേരിടുന്ന ആളാണ് ജഗ്ഗി വാസുദേവ്. നദീസംരക്ഷണത്തിന് വേണ്ടി റാലി ഫോർ റിവർ എന്ന പേരിൽ   ജഗ്ഗി വാസുദേവ് ഭാരത പര്യടനം നടത്തിയിരുന്നു. 

 

ദിവസങ്ങൾക്ക് മുൻപ് വിവാദ ആൾദൈവം ബാബ രാംദേവും വേദാന്തയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ലണ്ടനിൽ വേദാന്ത തലവൻ അനിൽ അഗർവാളിനൊപ്പം നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു ബാബ രാംദേവിന്റെ പ്രതികരണം. തൂത്തുക്കുടി സംഭവത്തിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചന ഉണ്ടെന്നും വ്യവസായശാലകൾ വികസനത്തിന്റെ ദേവാലയങ്ങളായി കാണണമെന്നുമായിരുന്നു രാംദേവിന്റെ ട്വീറ്റ്. 

 

എന്നാൽ രാംദേവിന്റെയും ജഗ്ഗി വാസുദേവിന്റെയും അഭിപ്രായങ്ങൾ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കില്ല എന്ന കാര്യത്തിൽ സർക്കാരിന് ഉറച്ച തീരുമാനമാണ് ഉള്ളതെന്നുമാണ് ഇന്ന് തമിഴ്നാട് മൽസ്യബന്ധന വകുപ്പ് മന്ത്രി ഡി.ജയകുമാർ പറഞ്ഞു. മെയ് 22 നു വേദാന്തയ്ക്കെതിരെ സമരം ചെയ്ത 13 പേരെ പോലീസ് വെടിവെച്ച് കൊന്നിരുന്നു. ഇതിന് പിന്നാലെ മെയ് 23 നാണ് തമിഴ്നാട് സർക്കാർ പ്ലാന്റ് അടച്ച് പൂട്ടിയത്. 

 

തൂത്തുക്കുടി പ്ലാന്റ് ഉണ്ടാകുന്ന മലിനീകരണത്തെ കുറിച്ചോ, പ്ലാന്റിനെതിരെ സമരം ചെയ്തവരെ പോലീസ് വെടിവെച്ച് കൊന്നതിനെ പറ്റിയോ ആൾദൈവം ഒന്നും മിണ്ടിയില്ല എന്നത് ശ്രദ്ധേയമാണ്.  പരിസ്ഥിതി സംരക്ഷണത്തിന് എന്ന പേരിൽ കോർപറേറ്റ് പിന്തുണയോടെ റാലി ഫോർ റിവർ എന്ന പരിപാടി നടത്തിയ ആൾദൈവത്തിന്റെ യഥാർത്ഥ മുഖം വെളിവാക്കുന്നതാണ്  വേദാന്തയ്ക്ക് വേണ്ടിയുള്ള നിലപാട്. പ്ലാന്റ് ഉണ്ടാക്കുന്ന  സാമൂഹ്യ ആഘാതങ്ങളേക്കാൾ പ്ലാന്റ് അടച്ച് പൂട്ടുന്നതിലൂടെ ഉണ്ടായ നഷ്ടം മാത്രമാണ് ആൾദൈവത്തിന്റെ ട്വീറ്റിൽ പരാമർശിക്കപ്പെടുന്നത്. 

 

നിയമങ്ങൾ കാറ്റിൽ പറത്തി ജഗ്ഗിയുടെ ഇഷ ഫൗണ്ടേഷൻ നിർമ്മിച്ച 112 അടി പൊക്കമുള്ള ശിവന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്  പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. പരിസ്ഥിതി, നിർമ്മാണ ചട്ടങ്ങൾ നഗ്നമായി ലംഘിച്ചാണ് പശ്ചിമഘട്ടത്തിന്റെ താഴ്വരയിൽ ഈ പ്രതിമ നിർമ്മിച്ചത്. ഇതിനെതിരെ ആദിവാസി സംഘടനകളും പരിസ്ഥിതി പ്രവർത്തകരുമാണ് രംഗത്തെത്തിയത്. കോയമ്പത്തൂരിൽ ചടങ്ങ് നടക്കുന്ന ദിവസം തെരുവുകളിൽ പ്രതിഷേധം സംഘടിപ്പിക്കുകയും വീടുകളിൽ കരിങ്കൊടി ഉയർത്തുകയും ചെയ്തു. എന്നാൽ പ്രതിഷേധങ്ങൾ അവഗണിച്ച് പ്രധാനമന്ത്രി പ്രതിമ ഉദ്ഘാടനം ചെയ്ത് ചട്ടങ്ങൾ ലംഘിച്ചുള്ള ഈ നിർമ്മാണത്തിന് നിയമസാധുത നൽകി.

 

2012 മുതൽ കോയമ്പത്തൂരിൽ ഇഷ ഫൗണ്ടേഷൻ നടത്തുന്ന അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. അനധികൃത കെട്ടിടങ്ങൾ പൊളിച്ച് മാറ്റാൻ സർക്കാർ ഇഷ ഫൗണ്ടേഷന് നോട്ടീസും നൽകിയിരുന്നു. ഇവർ നടത്തിയ അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് മാറ്റാനും, നികത്തിയ തണ്ണീർത്തടങ്ങൾ പൂർവ്വസ്ഥിതിയിലാക്കാനും വെല്ലിംഗിരി ആദിവാസി സംരക്ഷണ സമിതി നീണ്ട നിയമയുദ്ധം തന്നെ നടത്തിയിരുന്നു. പശ്ചിമഘട്ട താഴ്വരയിലെ ആനത്താരയിൽ നിർമ്മിച്ചിട്ടുള്ള ഇഷ ഫൗണ്ടേഷന്റെ കെട്ടിടങ്ങൾ പൊളിച്ച് മാറ്റണമെന്ന്  ആവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനകളും കോടതിയെ സമീപിച്ചിട്ടുണ്ട്. 

 

കന്യാകുമാരി മുതൽ 16 സംസ്ഥാനങ്ങൾ കടന്ന് 7000 കിലോമീറ്റർ യാത്രയാണ് ജഗ്ഗി നടത്തിയത്. ജഗ്ഗിയുടെ ഇഷ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന റാലി ഫോർ റിവർ പരിപാടി തട്ടിപ്പാണെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവർത്തകർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. പുഴകളെ സംരക്ഷിക്കാൻ പുഴയുടെ ഒരു കിലോമീറ്റർ ദൂരം മരങ്ങൾ നടണമെന്നാണ് ജഗ്ഗി പറയുന്നത്. അതാണ് നദികളെ സംരക്ഷിക്കാനുള്ള യഥാർത്ഥ പ്രതിവിധിയെന്ന് അവകാശപ്പെട്ടാണ് ആൾദൈവം റാലി സംഘടിപ്പിച്ചത്. അദാനിയും മഹീന്ദ്രയുമായിരുന്നു റാലിയുടെ പ്രധാന സ്പോൺസർമാർ. ഇരുവരും മലിനീകരണ പ്രവർത്തനങ്ങൾക്ക് പേരുകേട്ടവർ.സംഘപരിവാറുമായി അടുത്ത ബന്ധം പുലർത്തുന്ന ജഗ്ഗി വാസുദേവിന്റെ നദീ സംരക്ഷണ റാലിയുടെ പ്രചാരണത്തിന്  മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പം ചേർന്നത് വിവാദമായിരുന്നു. റാലിയുടെ പ്രചരണ ബോർഡും പിടിച്ച് പിണറായി ജഗ്ഗിക്കൊപ്പം നിൽക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

 

പരിസ്ഥിതി പ്രേമം പറയുന്ന  ആൾദൈവങ്ങളുടെ തനിനിറമാണ്  തൂത്തുക്കുടി ജനതയുടെ ജീവനെടുത്ത വേദാന്തയെ പിന്തുണച്ചതിലൂടെ ഒരിക്കൽക്കൂടി വ്യക്തമാവുന്നത്. വേദാന്തത്തിൽ നിന്ന് വേദാന്തയിൽ എത്തിയിരിക്കുകയാണ് കോർപ്പറേറ്റ് ആൾദൈവങ്ങൾ. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment