ജലഞരമ്പുകൾ നിലക്കാതിരിക്കാൻ നീർത്തട നടത്തം ; കോട്ടുകാൽ നീർത്തട പരിസ്ഥിതി പഠനം തുടങ്ങി




വിഴിഞ്ഞം: കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ നീർത്തട പ്രദേശം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പഠിക്കുന്നതിനും പരിഹാര നിർദ്ദേശങ്ങൾ ആരായുന്നതിനും വേണ്ടി ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെയും വിവിധ സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന നീർത്തട പരിസ്ഥിതി പഠനത്തിന്റെ ഭാഗമായി കഴിഞ്ഞ ഞായറാഴ്ച നീർത്തട നടത്തം സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക്  ചപ്പാത്ത്  ജംഗ്ഷനിൽ നടന്ന ചടങ്ങിൽ അഡ്വ. എം. വിൻസെന്റ് എം.എൽ.എ. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എസ്. സജിയ്ക്ക്  ഹരിതപതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.  

 

കോട്ടുകാൽ എന്ന തീരദേശ പഞ്ചായത്തിലെ 106 ഹെക്ടർ വിസ്തൃതിയുള്ള ഏലയുടെ അവശേഷിക്കുന്ന ഭൂഘടന പോലും പരിപൂർണ്ണമായും അട്ടിമറിക്കുവാൻ പുതിയ സർക്കാർ  പദ്ധതികൾ അവസരം ഒരുക്കുമോ എന്ന ഉത്കണ്ഠ ബോധ്യപ്പെടുന്നതായിരുന്നു നീർത്തട നടത്തം പരിപാടി എന്ന് സംഘാംഗങ്ങൾ ഗ്രീൻ റിപ്പോർട്ടറോട് പറഞ്ഞു. 

 

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിസര പഠന വിഭാഗം ചെയർമാൻ വി. ഹരിലാൽ, കേരള കാർഷിക സർവ്വകലാശാല  അഗ്രോണമി പ്രൊഫസർ ഡോ. എ.എസ്. അനിൽകുമാർ,  സെൻറർ ഫോർ എൻവയോൺ മെന്റ് & ഡെവലപ്മെന്റ് (CED) പ്രോഗ്രാം ഡയറക്ടർ ഡോ.റ്റി. സാബു , സിസ ജനറൽ സെക്രട്ടറി ഡോ. സി. സുരേഷ്കുമാർ, ഹാബിറ്റാറ്റ് എഞ്ചിനീയർ എം. എൽ. കുമാരദാസ് , ഗ്രാമപഞ്ചായത്ത് അംഗം റ്റി.എസ്. ബിനു,  പശ്ചിമഘട്ട സംരക്ഷണ സമിതി നേതാക്കളായ  ഇ.പി. അനിൽ, പ്രസാദ് സോമരാജൻ, ഷാജി പെരുങ്കടവിള, സി.എസ്. യേശുദാസൻ, ശാന്തിഗ്രാം ചെയർമാൻ ഡോ. ഷാജി ക്കുട്ടി, പരിസ്ഥിതി പഠനകേന്ദ്രം ഡയറക്ടർ അജിത് വെണ്ണിയൂർ, അഡ്വ. എൻ. ജയകുമാർ, മുക്കോല വി.രാജമണി, കോട്ടുകാൽ എ ജയരാജൻ, ചൊവ്വര രാമചന്ദ്രൻ,  വട്ടവിള വിജയകുമാർ, അനിൽ ചൊവ്വര, എസ്. ഷൂജ, ചപ്പാത്ത് അജയൻ, നെട്ടത്താന്നി ശിവാനന്ദൻ, കുഞ്ചുകോണം സി. സി. ശശിധരൻ, വളവുനട ബിജു, പുത്തളം സുരേഷ് , തുളസീഭായി ടീച്ചർ, ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ, നാച്വറൽ & വൈൽഡ് ലൈഫ്  ഫോട്ടോഗ്രാഫർ ബിജു കാരക്കോണം, ശാന്തിഗ്രാം പരിസ്ഥിതി പഠനകേന്ദ്രം പ്രവർത്തകർ തുടങ്ങിയവർ  നീർത്തട നടത്തത്തിന് നേതൃത്വം നൽകി.

 

നീർത്തട നടത്തത്തിൽ പങ്കെടുത്ത പരിസ്ഥിതി പ്രവർത്തകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച വിവരങ്ങൾ 

12.16 ചതു.കി.മീ. വിസ്തൃതിയുള്ള കോട്ടുകാൽ പഞ്ചായത്ത് 27000 നടുത്ത് ജനസംഖ്യയുള്ള പ്രദേശമാണ്. ബാലരാമപുരം പഞ്ചായത്തിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന കോട്ടുകാൽ തീരദേശം 70 മീറ്റർ ഉയരത്തിൽ വരെ വ്യാപിച്ചു കിടക്കുന്നു. നീരുറവകൾ കൊണ്ട് സമ്പന്നമായിരുന്ന പഞ്ചായത്ത് അയൽപക്ക  പഞ്ചായത്തുകൾക്ക് കുടിവെള്ളമെത്തിക്കുന്ന സ്രോതസ്സായി പ്രവർത്തിക്കുന്നു. വലുതും ചെറുതുമായ കുളങ്ങൾ  മുകളറ്റം മുതൽ തിരത്തു വരെ വ്യാപരിച്ചുണ്ട്. അവയുടെ വശങ്ങളിലൂടെ കടലിലേക്ക് ഒഴുകുന്ന വലിയ തോടും അതിൽ എത്തിച്ചേരുന്ന ചെറിയ തോടും ഉൾപ്പെടെ 16 കി.മീറ്റർ നീളത്തിലുള്ള നീർചാലുകൾ ഗ്രാമത്തെ ജല സമ്പന്നമാക്കുന്നു. ഇതു കൂടാതെ  കനാലുകളും കടന്നു പോകുന്നു. മുൻ കാലങ്ങളിൽ നിലനിന്ന പല ജല സ്രോതസ്സുകളും നഷ്ടപ്പെട്ടു കഴിഞ്ഞു.

 

പഞ്ചായത്തിന്റെ പ്രധാന തോടായ വലിയതോടും അതിന്റെ കൈവഴിയായ എത്തിച്ചേരുന്ന ചെറിയ തോടും മുകളിൽ വിശേഷിപ്പിച്ച 106 ഹെക്ടറിന്റെ ഭാഗമായി ഒഴുകുകയാണ്. പഞ്ചായത്തിന്റെ മുകൾ അറ്റം മുതൽ ഏകദേശം 2 കിലോമീറ്ററിലധികം നീളത്തിൽ താഴേക്കു സ്ഥിതി ചെയ്യുന്ന ഏലയിൽ ഇന്നു നെൽകൃഷി ഇല്ല എങ്കിലും തെങ്ങും വാഴയും മറ്റു വിളകൾ കൊണ്ട് അതൊരു പച്ച തുരുത്തായി സ്ഥിതി ചെയ്യുന്നു. പ്രസ്തുത ഏലയെ പഞ്ചായത്തിന്റെ തണ്ണീർതടമായി പരിഗണിച്ചു കൊണ്ട് വേണ്ട തരത്തിൽ ഏലയുടെ നിലവിലെ അവസ്ഥ നിലനിർത്തേണ്ടതുണ്ട്. 

 

നീരൊഴുക്കുകൾ ഉള്ള വലിയ തോടും ചെറിയ തോടും പഴയ കാലത്തെ വീതി കുറഞ്ഞ് ഇരുവശവും കരിങ്കൽ പാറകൾ കൊണ്ട് പണി നടത്തിയത് മാതൃകാപരമായ സമീപനമല്ല. വെള്ളത്തിന്റെ അളവിലുള്ള കുറവിനെ പറ്റി ജനങ്ങൾ ഉൽകണ്ഠാകുലരാണ്. വലിയ തോട്ടിൽ ഉണ്ടാക്കിയ  കോൺക്രീറ്റ് ബണ്ടുകൾ അശാസ്ത്രീയമാണ്. ഒഴുക്കുനിലച്ച വലിയ തോട്ടിൽ അഴുക്കു വെള്ളത്തിൽ വളരുന്ന kambha Karoliyana യെ കാണാം. Pisita, Eliocaris flava മുതലായ സസ്യങ്ങളുടെ സാന്നിധ്യം വെള്ളത്തിന്റെ ഗുണനിലവാര തകർച്ചയെ കാണിക്കുന്നു. 

 

വലിയ തോട്ടിൽ 4 പമ്പ് യൂണിറ്റുകളും, ചെറിയ തോട്ടിൽ 3 പമ്പ് യൂണിറ്റുകളും ഉണ്ട് . അതിൽ ബോർവെൽ ഉണ്ടാക്കി പ്രവർത്തിക്കുന്നതും ഉണ്ട്. പ്രദേശത്ത് ബോർവെൽ പാടില്ല എന്ന ബോർഡിനൊപ്പം അദാനി ഗ്രൂപ്പ് നിർമ്മിച്ച സംവിധാനം പ്രവർത്തിക്കുന്നു.  

 

കോട്ടുകാൽ ഏല മണ്ണിട്ടുയർത്തി അതിന്റെ ഘടന മാറ്റുന്നതോടെ കോട്ടുകാൽ പഞ്ചായത്തിന്റെ നിലവിലുള്ള ജലലഭ്യതയും ഒപ്പം വലിയതോടും ചെറിയ തോടും അനുബന്ധ നീരുറവകളും വറ്റിവരളും .106 ഹെക്ടർ ഏലമണ്ണിട്ടു മൂടുന്നതോടെ 8 ലക്ഷം X 106  ലിറ്റർ വെള്ളം മണ്ണിലേക്ക് അരിച്ചിറക്കുവാനുള്ള  കഴിവ് പ്രദേശത്തിന് നഷ്ടപ്പെടും .

 

ഏല ഫലഭൂഷ്ടമാണെന്നിരിക്കെ അവിടെ കൃഷി ഇറക്കുവാൻ പൊതു സമൂഹത്തിന് അവകാശമുണ്ട് . കോട്ടുകാൽ പഞ്ചായത്തിനുണ്ടായി കൊണ്ടിരിക്കുന്ന  പാരിസ്ഥിതിക മാറ്റത്തെ  മനസ്സിലാക്കുവാൻ കോട്ടുകാൽ ഏലയെയും പരിസരത്തെയും വീക്ഷിച്ചാൽ മതിയാകും.

 

നീര്‍ത്തട നടത്തിലൂടെ ബോധ്യപെട്ട പ്രധാന കാര്യങ്ങള്‍ 

 

1.  കോട്ടുകാല്‍ പഞ്ചായത്തിന്‍റെ കടലുമായി ചേരുന്ന  ഭാഗത്ത്‌ കാണാവുന്ന കായലും വലിയ തോടും ഒഴുക്ക് നിലച്ചതും മാലിന്യ വസ്തുക്കള്‍ നിറഞ്ഞതുമാണ്. ആവിടെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റുള്ളവയും അടിഞ്ഞു കിടക്കുന്നു.

 

2.   വീടുകളില്‍ നിന്നും മാലിന്യങ്ങള്‍ നദിയിലേക്ക് എത്തുന്നു.

 

3.   വലിയ തോടിന്‍റെ ഇരു വശവും താഴെ മുതല്‍ മുകള്‍വരെ കെട്ടി ഉയര്‍ത്തിയ കരിങ്കല്‍ സംരക്ഷണ ഭിത്തി തോടിന്‍റെ വീതി ഏറെ കുറയുവാനും ഓരത്തെ കാടുകള്‍ നഷ്ടപെടുവാനും ഇടയുണ്ടാക്കി. ഒരേ സമയം പാറ കെട്ടുകള്‍ നശിപ്പിച്ചു കൊണ്ടുള്ള നിര്‍മ്മാണം തോടിന്‍റെ സജീവതക്ക് ഗുണത്തേക്കാള്‍ ദോഷമാണ് വരുത്തി വെക്കുന്നത്.

 

4. തോടിന്‍റെ ഇരു വശങ്ങളിലെ കൈയേറ്റം, മണ്ണിടിച്ചില്‍, വാഴ മുതലായ അനധികൃത കൃഷികള്‍ തോടിന്‍റെ സ്വഭാവികതക്ക് പ്രതികൂലമാണ്.     

 

5. തോടിന്‍റെ മുകളിലേക്ക് പോകുന്തോറും വെള്ളത്തിലെ മാലിന്യങ്ങളുടെ അളവ് വര്‍ദ്ധിച്ചു എന്നറിയിക്കുന്ന വിവിധതരം പായലുകളെ കാണാം. അവ കൂടുതലായി കാണുന്നത് തടയണയുടെ മുകളിലാണ് എന്ന് പ്രത്യകം ശ്രദ്ധിക്കേണ്ട കാര്യമാണ്.

 

6.ചെറിയ തോടിന്‍റെ ഉത്ഭവ സ്ഥലം(first order stream) കൃഷി സ്ഥലമായി മാറുകയും അതിന്‍റെ സംരക്ഷണത്തിനായി  പരിപാടികൾ നടപ്പിലാക്കിയതായി  കാണുവാന്‍ കഴിഞ്ഞില്ല . സ്വകാര്യ വ്യക്തി നിലനിര്‍ത്തുന്ന ചില പച്ചപ്പുകളുടെ തുരുത്തുകള്‍ കൊണ്ട് മാത്രമാണ് വലിയ തോട് ഇന്നും ഒഴുകുന്നത്‌. 

 

7.  ബാലരാമപുരം പഞ്ചായത്തും കോട്ടുകാല്‍ പഞ്ചായത്തും ചേരുന്ന സ്ഥലത്ത് ഉണ്ടായിരുന്ന ചിറ പൂര്‍ണ്ണമായും മണ്ണ് കയറി മൂടുകയും അത് കളിസ്ഥലമായി മാറുകയും ചെയ്തു.

 

8. നിർമ്മാണത്തിന്റെ ഭാഗമായി  വലിയതോടിന്റെ ഗതി മാറ്റി വിട്ടത് തോടിന്റെ ഭാവിയെ പ്രതികൂലമായി ബാധിക്കും .( ഗതി മാറ്റി ഒഴുക്കുന്നതിനെ പറ്റി വിദഗ്ദ സമിതികളുടെ സഹായം തേടിയിട്ടില്ല എന്ന് സ്ഥലത്തിന്റെ ഘടനയിൽ നിന്നു മനസ്സിലാക്കാം.)

 

 9. പഞ്ചായത്തിന്‍റെ ഉയരത്തില്‍ കാണുന്ന മാര്‍ത്താണ്ഡo കുളത്തിന്‍റെ കരയില്‍ കാണുന്ന Ferns(pterido phytes) പ്രദേശത്തിന്‍റെ കുറഞ്ഞ തോതില്‍ ഉള്ള മാലിന്യങ്ങളുടെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു.

 

10.  നിലവിലെ പരിസ്ഥിതി വ്യതിയാനത്തെ കൂടുതൽ  മോശമായ അവസ്ഥയിലെത്തിക്കുവാന്‍ കോട്ടുകാല്‍ ഏല മണ്ണിട്ട്‌ മൂടുന്നതിലൂടെ അവസരം ഒരുക്കും. 3 മീറ്റര്‍  106 ഹെക്റ്റര്‍ മണ്ണിട്ട്‌ ഉയര്‍ത്തുന്നതിലൂടെ പ്രദേശത്തെ രണ്ടായി കീറി മുറിക്കുന്ന  മണ്‍ തറ അവിടെ ഉണ്ടാകും. മൺതറ  വലിയ തോടിനും ചെറിയ തോടിനും പ്രതികൂലമായിരിക്കും . അവ പൂര്‍ണ്ണമായി ഇല്ലാതെയാകും.

 

11. 106 ഹെക്റ്റര്‍ മണ്ണിട്ടുമൂടാനായി  ( 31.8 ലക്ഷം ച.മീ. മണ്ണ്  (ഏകദേശം മൂന്നേകാല്‍ ലക്ഷം ലോഡ് മണ്ണ്)) ഇടിച്ചു നിരത്തുന്ന കുന്നുകള്‍ ഉണ്ടാക്കുന്ന പ്രതിസന്ധി മലനിരകൾക്ക് മറ്റൊരു ആഘാതമാണ്.

 

12 പരിസ്ഥിതി ആഘാത പഠനം നടത്താതെ കോട്ടുകാലിൽ നടത്തുന്ന നിര്‍മ്മാണങ്ങള്‍ ഒരു ഗ്രാമത്തിന്‍റെ കൂടി ആവാസ വ്യവസ്ഥയെ തകര്‍ക്കുവാന്‍ അവസരം ഉണ്ടാക്കുകയാണ്.  

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment