കുഞ്ഞുങ്ങളെ കൊല്ലുന്ന ടിപ്പർ ; മൂന്ന് വർഷത്തിനിടെ അപഹരിച്ചത് 41 കുട്ടികളുടെ ജീവൻ




2015 മുതൽ ഇത് വരെ ടിപ്പർ ലോറികളുടെ മരണപ്പാച്ചിലിൽ കൊല്ലപ്പെട്ടത് 41 കുട്ടികൾ. കേരള പോലീസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടതാണ് ഈ കണക്കുകൾ. 2015 മുതലുള്ള കണക്കുകൾ വിശകലന വിധേയമാക്കിയതിന്റെ അടിസ്ഥാനത്തിൽ ടിപ്പർ ലോറികൾക്ക് എതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി പത്തനംതിട്ടയിൽ നടത്തിയ പരിശോധനയിൽ രണ്ടു മണിക്കൂറിനിടെ 177 ടിപ്പർ ലോറികൾ പരിശോധിച്ചതായും കുറ്റക്കാർക്കെതിരെ നടപടി എടുത്തതായും പോലീസ് ഇൻഫർമേഷൻ സെന്റർ പത്രക്കുറിപ്പിൽ അറിയിച്ചു. നിയമം ലംഘിച്ച് ചീറിപ്പായുന്ന ടിപ്പർ ലോറികൾ ഒട്ടേറെ കുട്ടികളുടെ ജീവനെടുക്കുന്ന സാഹചര്യത്തിലാണ് കർശന നടപടി സ്വീകരിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു. 

 

2015 ൽ ടിപ്പർ ലോറികൾ മൂലം കുട്ടികൾക്ക് ഉണ്ടായ 45 അപകടങ്ങളിൽ 21 കുട്ടികൾ മരിക്കുകയും 19 പേർക്ക് ഗുരുതരമായ പരിക്കുകളും 14 പേർക്ക് നിസ്സാര പരിക്കുകളും ഏറ്റു. 2016 ൽ 39 കേസുകളിലായി 5 പേർ മരിക്കുകയും 24 പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. 20 പേർക്ക് സാരമല്ലാത്ത പരിക്കുകളും ഏറ്റിട്ടുണ്ട്. 2017 ൽ 30 അപകടങ്ങളാണ് ടിപ്പർ ലോറികൾ ഉണ്ടാക്കിയത്. ഈ അപകടങ്ങളിൽ 10 പേർ മരിക്കുകയും 16 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും 10 പേർക്ക് നിസ്സാര പരിക്കേൽക്കുകയും ചെയ്തു. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ ഈ വർഷം നിയമം ലംഘിച്ചോടുന്ന ടിപ്പറുകൾക്കെതിരെ നിരീക്ഷണം ശക്തമാക്കിയെങ്കിലും 2018 ൽ മെയ് മാസം വരെ 15 അപകടങ്ങളിലായി 5 കുട്ടികൾ  കൊല്ലപ്പെടുകയും 8 പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. 7 പേർക്ക് നിസ്സാര പരിക്കുകളുമേറ്റു. 

 

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടികളെന്ന് പോലീസ് കുറിപ്പിൽ പറയുന്നു. സ്‌കൂൾ സമയങ്ങളിൽ ടിപ്പർ ലോറികളുടെ ഓട്ടം നിയന്ത്രിക്കുക, ഫിറ്റ്നസ് പരിശോധനകൾ കർശനമാക്കുക, ബോധവത്കരണം നടത്തുക തുടങ്ങിയ മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്. 

 

സ്‌കൂൾ സമയങ്ങളിൽ യാതൊരു നിയന്ത്രണവുമില്ലാതെ ചീറിപ്പായുന്ന ടിപ്പറുകൾ കൊലയാളികളായി മാറിയ സാഹചര്യത്തിലാണ് സ്‌കൂൾ സമയങ്ങളിൽ ടിപ്പറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ ക്വാറി മാഫിയയുടെ സ്വാധീനത്തിന് മുന്നിൽ നിയമങ്ങൾ എല്ലാം വഴി മാറുകയാണ് പതിവ്. സ്‌കൂൾ സമയങ്ങളിൽ അനുവദനീയമായതിന്റെ പല മടങ്ങ് ലോഡുമായി പായുന്ന ടിപ്പറുകൾ പതിവ് കാഴ്ചയായി തീർന്നിരിക്കുകയാണ്. 40  മുതൽ 45 ടൺ വരെ പാറയാണ് വമ്പൻ ടിപ്പറുകളിൽ കയറ്റുന്നത്. വാഹനഭാരം ഉൾപ്പെടെ 60 ടണ്ണിലധികം ഭാരവുമായാണ് ഇവ ചീറിപ്പായുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെ ടിപ്പർ ലോറികളെ കെട്ടഴിച്ച് വിട്ടതിന്റെ വിലയാണ്  മൂന്ന് വർഷത്തിനിടെ 41 കുരുന്നു ജീവനുകൾ കൊടുക്കേണ്ടി വന്നത്. ടിപ്പർ ലോറികളെ തടയുന്ന പരിസ്ഥിതി പ്രവർത്തകർക്കെതിരെ കേസെടുക്കുകയാണ് പോലീസ് ചെയ്യാറെന്നും നിരവധി ആരോപണങ്ങൾ ഉണ്ട്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment