ഇന്ത്യയിലെ ഭൂഗർഭ ജലത്തിൽ അപകടകരമായ അളവിൽ യുറേനിയം സാന്നിധ്യം ; പഠന റിപ്പോർട്ട്




ഇന്ത്യയുടെ ഭൂഗർഭ ജലത്തിൽ യുറേനിയത്തിന്റെ അളവ് അപകടകരമാംവിധം കൂടുതൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഗുജറാത്തിലും രാജസ്ഥാനിലുമാണ് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നതിനെക്കാൾ (30µg/L) കൂടുതലായ അളവിൽ യുറേനിയം സാന്നിധ്യം കണ്ടെത്തിയത്.

 

ഇന്ത്യയിലെ ജലത്തിന്റെ ഗുണനിലവാരം വിശകലനം ചെയ്യുന്ന പ്രോജക്ടിന്റെ ഭാഗമായുള്ള പഠനത്തിലാണ് അപകടകരമായ യുറേനിയം സാന്നിധ്യം കണ്ടെത്തിയത്. വടക്കൻ കരോലിനയിലെ ഡ്യുക്ക് യൂണിവേഴ്സിറ്റിയിൽ  ജിയോകെമിസ്റ്റ്   ആയ ആവ്നർ വേങ്ങോഷിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. യുറേനിയം സാന്നിധ്യമാണ് സംഘം ആദ്യം വിശകലനം ചെയ്തത്. 

 


കുടിവെള്ളത്തിലെ യുറേനിയത്തിന്റെ അളവിന് ആണവോർജ നിയന്ത്രണ ബോർഡ് റേഡിയോ ആക്ടിവിറ്റിയുടെ അടിസ്ഥാനത്തിൽ 60μg/L  പരിധി നിശ്ചയിച്ചിട്ടുള്ളതല്ലാതെ  ആഴ്സനികന്റെയോ മറ്റു ലോഹങ്ങളെയോ പോലെ വ്യവസ്ഥാപിതമായ ഒരു മാനദണ്ഡം ഇല്ല എന്ന് തന്നെ പറയാം. യുറേനിയത്തിന്റെ റേഡിയോ ആക്റ്റിവിറ്റിയേക്കാൾ ഉപരിയായി വെല്ലുവിളി സൃഷ്ടിക്കുന്നത് അത് മാരകമായ രാസ മലിനീകരണത്തിന് കാരണമാകും എന്നത് കൂടിയാണ്. കുടിവെള്ളത്തിലെ യുറേനിയത്തിന്റെ സാന്നിധ്യം വിട്ടുമാറാത്ത വൃക്കരോഗങ്ങൾക്ക് കാരണമാകും എന്നു മാത്രമല്ല യുറേനിയം അടങ്ങിയ ജലം കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുതന്നെ വലിയ ആരോഗ്യ പ്രശ്നങ്ങൾ വിളിച്ചു വരുത്തും.

 

ഗുജറാത്തിലേയും രാജസ്ഥാനിലേയും ഭൂഗർഭ ജലവിഭവ വകുപ്പിലെ അംഗങ്ങൾ ഉൾപ്പെടുന്ന സംഘം രണ്ട് സംസ്ഥാനങ്ങളിലെ 324 കിണറുകളിൽ നിന്നുള്ള ജല സാമ്പിളുകളും അവയുടെ രാസഘടനയും വിശകലനം ചെയ്തു. പ്രാഥമിക പരിശോധനകൾക്ക് ശേഷം സാമ്പിളുകൾ ഡ്യൂക് യൂണിവേഴ്സിറ്റിയിലേക്ക് അയച്ചു. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ യുറേനിയം സാനിധ്യം വിശദീകരിക്കാൻ 16 ഇന്ത്യൻ സംസ്ഥാനങ്ങൾ മുൻപ് പ്രസിദ്ധീകരിച്ച ഡാറ്റയും ഗവേഷകർ ശേഖരിച്ചിട്ടുണ്ട്.

 

രാജസ്ഥാനിൽ പരിശോധിച്ച 226ൽ 75(28.7%) കിണറുകളിലും  ഗുജറാത്തിൽ പരീക്ഷിച്ച 98ൽ 5(5.1%) കിണറുകളിലും  യു.എൻ.ഒയുടെ ശുപാർശ പരിധിയേക്കാൾ യുറേനിയം കൂടുതലാണ്. രാജസ്ഥാനിൽ ചില പ്രദേശങ്ങളിൽ യുറേനിയം 300μg/Lൽ കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്.  പഠനങ്ങളുടെ അടിസ്ഥാനത്തിൽ  തെക്ക് കിഴക്കൻ ഇന്ത്യയിൽ, പ്രധാനമായും ആന്ധ്രയുടെയും, തെലങ്കാനയുടെയും ചില ജില്ലകളിൽ യു.എൻ.ഒ അനുശാസിക്കുന്ന പരിധിയിലധികം യുറേനിയം  കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ക്രമാതീതമായി ഉയർന്ന യുറേനിയം അളവ് രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്  എന്നിവിടങ്ങളിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

 

പാറകളിൽ പ്രത്യേകിച്ച് ഗ്രാനൈറ്റിൽ അടങ്ങിയിട്ടുള്ള പ്രകൃതിദത്ത മൂലകമാണ് യുറേനിയം. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ പാറകളിൽ നിന്ന് യുറേനിയത്തിന് വെള്ളത്തിലേക്ക് കലരാൻ കഴിയും. ജലത്തിൽ ഓക്സിഡൈസിംഗ്  സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിൽ അത് ഈ പ്രക്രിയയെ കൂടുതൽ കാര്യക്ഷമമാക്കുന്നു. 

 

യുറേനിയം പാറകളിൽ ഉണ്ടാവുന്നത് സ്വാഭാവികമാണെങ്കിലും മനുഷ്യരുടെ പ്രവർത്തികൾ മൂലം ആണ് ഭീകരമായ തോതിൽ ഭൂഗർഭജലത്തിൽ കലരുന്നത് എന്ന് വെൻഗോഷ് അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ പല ഭാഗത്തും നദികളിലൂടെ ഒഴുകിയെത്തുന്ന യുറേനിയത്തിന്റെ തോത് കൂടുതലായ കല്ലുകളാണ് ഭൂഗർഭ ജലത്തിൽ യുറേനിയം അളവ് കൂടുന്നതിനു കാരണം. മനുഷ്യ ഉപയോഗത്തിനായി മണലും കല്ലുകളും അമിതമായി പുഴയിൽ നിന്നും മറ്റും ശേഖരിക്കുന്നത് ഈ യുറേനിയം അടങ്ങിയ കല്ലുകളെ ഓക്സിഡേഷന് അനുയോജ്യമായ സാഹചര്യത്തിൽ എത്തിക്കുകയും അവ യുറേനിയത്തിന് അനായാസം ജലത്തിൽ കലരാൻ അവസരമൊരുക്കുകയും ചെയ്യും.

 


ജലത്തിൻറെ ശുദ്ധിയുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ട ബി.ഐ.എസ് , ഭൂഗർഭ ജലത്തിലെ യുറേനിയത്തിന്റെ അനുവദിനീയമായ അളവിന് പരിധികളൊന്നും നിശ്ചയിച്ചിട്ടില്ല എന്ന് ചെന്നൈയിലെ അണ്ണാ സർവകലാശാലയിലെ ജിയോളജിസ്റ്റായ പ്രൊഫ. എളങ്കോ ലക്ഷ്മണൻ പറയുന്നു. ഒരുപാട് വർഷങ്ങൾക്കു മുൻപു തന്നെ ഇതിനെപ്പറ്റിയുള്ള റിപ്പോർട്ടുകൾ വന്നിട്ടുണ്ടെങ്കിലും അവർ ഈ കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും ലക്ഷ്മണൻ അഭിപ്രായപ്പെടുന്നു. താൻ നടത്തിയ പഠനങ്ങളിൽ ദക്ഷിണ ഇന്ത്യയിൽ യുറേനിയത്തിന്റെ അളവ് വളരെയധികം കൂടുതലാണ് എന്ന് കണ്ടെത്തിയപ്പോൾ യുറേനിയത്തിന് പരിധി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇദ്ദേഹം ബി.ഐ.എസ് നു    കത്തെഴുതിയിരുന്നു എന്നാൽ അതിനും പ്രതികരണങ്ങളൊന്നും ലഭിച്ചിരുന്നില്ല എന്നും അദ്ദേഹം പറയുന്നു. 

 

യുറേനിയത്തെ കൂടാതെ  ഗുജറാത്തിലും രാജസ്ഥാനിലും പരിശോധിക്കപ്പെട്ട കിണറുകളിൽ അമിതമായ അളവിൽ നൈട്രേറ്റും ഫ്ലൂറൈഡും അടങ്ങിയിരുന്നു. ബി.ഐ.എസ് ഇവക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്, എന്നാൽ ഈ കിണറുകളിലെ ഇവയുടെ സാന്നിധ്യം അമിതമായ തോതിലുള്ളതാണ്. കൂടാതെ ഈ പ്രദേശത്തെ ജനങ്ങൾക്ക് മറ്റ് ജലലഭ്യതകൾ ഒന്നും തന്നെ ഇല്ലതാനും.

 

യുറേനിയം വഹിക്കുന്ന പാറകളെ നിരീക്ഷിക്കുന്നതുപോലെ തന്നെ കിണറുകളിലെ ജലത്തെയും നിരീക്ഷിക്കണമെന്നും പ്രദേശത്തെ ജനങ്ങൾക്ക് ശുദ്ധ ജലം ലഭ്യമാക്കണമെന്നും വെൻഗോഷ് അഭിപ്രായപ്പെട്ടു. കൂടാതെ ബൈകാർബണേറ്റ് അയോണുണുകളുടെയും യുറേനിയത്തിൻറെയും അളവുകൾ തമ്മിൽ ശക്തമായ പരസ്പര ബന്ധമുള്ളത്കൊണ്ട് ഉയർന്ന അളവിലുള്ള ബൈകാർബോണേറ്റ് അയോണുകളുള്ള പ്രദേശങ്ങളിലെ യുറേനിയം സാന്നിധ്യം പരിശോധിക്കേണ്ടതുണ്ട്. ജലസേചനം രാസവള പ്രയോഗം എന്നിവയ്ക്കും ഇതിലുള്ള പങ്ക് കൂടുതൽ അന്വേഷിക്കേണ്ടിയിരിക്കുന്നു. ബി.ഐ.എസ് ന്റെ മാനദണ്ഡങ്ങളിൽ കുടിവെള്ളത്തിലെ യുറേനിയം സാന്നിധ്യവും ഉൾപ്പെടുത്തേണ്ടതുണ്ട് എന്ന് വെൻഗോഷിന്റെ സഹപ്രവർത്തകർ അഭിപ്രായപ്പെടുന്നു.

 

ഔദ്യോഗികമായി പരിധി നിശ്ചയിക്കാത്ത പക്ഷം ഉദ്യോഗസ്ഥർ ഈ വിഷയത്തിന്  കൂടുതൽ പ്രാധാന്യം ഒന്നും കൊടുക്കാതെ പഴയതുപോലെതന്നെ തള്ളിക്കളയും.  യുറേനിയം മനുഷ്യജീവന് ഭീഷണിയാകുന്ന തോതിൽ കാണപ്പെടുന്നതുവരെ പ്രത്യേകിച്ച് നിയന്ത്രണങ്ങളൊന്നുമില്ലാതെ തന്നെ തുടരുകയും ചെയ്യും എന്നും ഗവേഷകസംഘം ആശങ്കപ്പെടുന്നു. ഇംഗ്ലീഷ് ന്യൂസ് വെബ്‌സൈറ്റ് ആയ ദി വയർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment