തിരുവനന്തപുരത്ത് വീണ്ടും ക്വാറി ദുരന്തം ; മുക്കുന്നിമലയിൽ യുവാവ് മരിച്ചു




തിരുവനന്തപുരം : മുക്കുന്നിമലയിലെ പാറ ക്വാറിയിൽ വീണ് ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ആസാം സ്വദേശി പ്രദീപ് പ്രജ എന്ന ഇരുപത്തിമൂന്നുകാരനാണ് മരിച്ചത്. ചൊവാഴ്ച വൈകിട്ട് ക്വാറിയിലെ ജെസിബിയിൽ ഓയിൽ മാറ്റുന്നതിനിടെയായിരുന്നു അപകടം. ഓയിൽ ഒഴിക്കുന്നതിനിടെ കാൽ വഴുതിയ പ്രദീപ് ആഴമേറിയ പാറമട ഗർത്തത്തിലേക്ക് വീഴുകയായിരുന്നു. സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നരുവാമൂട് പോലീസ് സംഭവത്തിൽ കേസെടുത്തു. മുക്കുന്നിമലയിൽ  വായുസേനയുടെ റഡാർ സ്റ്റേഷനോട് ചേർന്ന് പ്രവർത്തിക്കുന്ന സതേൺ ഗ്രാനൈറ്റ്സ് എന്ന ക്വാറിയിലാണ് അപകടമുണ്ടായത്. വായുസേനയുടെ റഡാർ സ്റ്റേഷന്റെ അതിർത്തിവേലി ഇളക്കി മാറ്റിയാണ് ഇവിടെ ഖനനം നടക്കുന്നതെന്ന് മുക്കുന്നിമല സമരസമിതി പറയുന്നു. 

 

അനധികൃത ഖനനം മൂലം ഏറെ ദുരിതങ്ങൾ അനുഭവിക്കുന്ന ഗ്രാമമാണ് മുക്കുന്നിമല. വർഷങ്ങളായി ഇവിടുത്തെ ജനങ്ങൾ ഇതിനെതിരെ സമരത്തിലാണ്. കേരളത്തിൽ അനധികൃതമായും അല്ലാതെയും പ്രവർത്തിക്കുന്ന ക്വാറികളിൽ ഓരോ വർഷവും ഇതുപോലെ നിരവധി ജീവനുകളാണ് പൊലിയുന്നത്. പലപ്പോഴും ഇതരസംസ്ഥാന തൊഴിലാളികൾക്കാണ് ഇത്തരത്തിൽ ജീവൻ നഷ്ടമാകുന്നത്. പല സംഭവങ്ങളും പുറത്തറിയാതെ പോകുന്ന സാഹചര്യങ്ങളുമുണ്ട്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ഇല്ലാതെയാണ് ഈ ക്വാറികളിൽ തൊഴിലാളികൾ പണിയെടുക്കുന്നത്. അനുവദനീയമായതിന്റെ പതിന്മടങ്ങ് ആഴത്തിൽ കുഴിച്ച അഗാധ ഗർത്തങ്ങളാണ് മിക്കവാറും ക്വാറികളും. അളവിൽ കൂടുതൽ സ്‌ഫോടക വസ്തുക്കൾ സംഭരിച്ചിരിക്കുന്ന ക്വാറികൾ യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ അലക്ഷ്യമായാണ് ഇവ കൈകാര്യം ചെയ്യുന്നത്. 

 

കഴിഞ്ഞ വർഷം തിരുവനന്തപുരം ജില്ലയിൽ തന്നെ കുന്നത്തുകാലിലെ അനധികൃത ക്വാറിയിൽ മണ്ണിടിഞ്ഞു വീണ് രണ്ടു തൊഴിലാളികൾക്കാണ് ജീവൻ നഷ്ടമായത്. ക്വാറി ഉടമയെ അന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയും അനധികൃത ക്വാറികൾക്കെതിരെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ക്വാറികൾക്കെതിരെയും നടപടി എടുക്കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ജില്ലാ ഭരണകൂടത്തിന്‍റെയും പഞ്ചായത്തിന്‍റെ ഉള്‍പ്പടെ അനുമതി നൽകേണ്ട ഒരു ഏജൻസികളുടെയും അനുവാദമില്ലാതെയാണ് മാരായമുട്ടത്ത് ക്വാറി പ്രവർത്തിച്ചിരുന്നത്. അനധികൃത ക്വാറിക്കെതിരെ നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥർ ക്വാറി ഉടമക്ക് കൂട്ടു നിന്നു. പാറപൊട്ടിക്കുമ്പോള്‍ ഉടമ സർക്കാരിന് നൽകേണ്ട  തുകയും നൽകാത്തിനാൽ സർക്കാരിന് നഷ്ടമുണ്ടാവുകയും ചെയ്തു. ഈ സാഹചര്യത്തിൽ  വീഴ്ചകള്‍ വിജിലൻസ് അന്വേഷണം നടത്തുമെന്നും സംസ്ഥാന വ്യാപകമായി ക്വാറികളിൽ പരിശോധന നടത്തുമെന്നും ഡയറക്ടർ ലോക്നാഥ് ബെഹ്റ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ക്വാറികളുടെ പ്രവർത്തനങ്ങള്‍ വിലയിരുത്താനും അനധികൃത ക്വാറികള്‍ക്കെതിരായ നടപടികള്‍ നടപടി ചർച്ച ചെയ്യാനും കളക്ടർ ,റവന്യൂ- മൈനിംഗ് ആൻറ് ജിയോളജി, പൊലീസ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം വിളിച്ച് ചേർക്കുകയും ചെയ്തിരുന്നു. 

 

അപകടങ്ങൾ ഉണ്ടാകുമ്പോഴുള്ള തൽക്കാല നടപടികൾ മാത്രമായി ഇവ ചുരുങ്ങുന്നു എന്നാണ് മുക്കുന്നിമലയിൽ ആവർത്തിച്ച ക്വാറി ദുരന്തം വ്യക്തമാക്കുന്നത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment