എന്തുകൊണ്ട് മലിനീകരണ നിയന്ത്രണ ബോർഡ് പിരിച്ചുവിടണം?




1972 ലെ സ്റ്റോക്ക് ഹോം കൺവെൻഷനെ തുടർന്നാണ് 1974ൽ ഇന്ത്യയിൽ ജലമലിനീകരണ നിയന്ത്രണ നിയമം ഉണ്ടാകുന്നത്.തുടർന്ന് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മലിനീകരണ നിയന്ത്രണ ബോർഡുകളും രൂപികരിച്ചു. ജലം അതിന്റെ സമഗ്രതയിൽ സംരക്ഷിക്കണമെന്നാണ് ജലമലിനീകരണ നിയന്ത്രണ നിയമത്തിന്റെ ആമുഖത്തിൽ പറയുന്നത്. യഥാർത്ഥത്തിൽ ഈ മാതൃ നിയമത്തിന്റെ അന്ത:സത്തയ്ക്ക് ഇണങ്ങുന്ന യാതൊരു ഇടപെടലും നാളിതുവരെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയിട്ടില്ല എന്നതാണ് വസ്തുത. 1930 കളിൽ തുടങ്ങിയ വ്യവസായവൽക്കരണ പ്രക്രിയ 2000ത്തോടു കൂടി അതിന്റെ പാരമ്യതയിൽ എത്തി.അതിനനുസരിച്ച് വായു -ജല - കര മലിനീകരണവും വർദ്ധിച്ചു.കേരളത്തിന്റെ വ്യവസായതലസ്ഥാനമായ ഏലൂർ എടയാർ,കാതിക്കുടം , KMML, ന്യൂസ് പ്രിൻറ് കമ്പനി ,ബി.പി സി.എൽ, ക്വാറി - ഖനന - ക്രഷർ സ്ഥാപനങ്ങൾ എല്ലാം തന്നെ PCB യുടെ ഒത്താശയോടെ പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ കാറ്റിൽ പറത്തി പ്രവർത്തിക്കുന്നവയാണ്.പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ പ്രയോഗിക്കുന്നതിൽ PC B കാണിക്കുന്ന അനാസ്ഥയും കൊടിയ അഴിമതിയുമാണിതിനു കാരണം.


2009 ൽ കേന്ദ്ര വനപരിസ്ഥിതി മന്ത്രാലയം നടത്തിയ വായു-ജല - കര മലിനീകരണം സംബന്ധിച്ച പഠന പ്രകാരം ഇന്ത്യയിലെ തന്നെ 24 മത്തെ ഗുരുതര മലിനീകരണ പ്രദേശമാണ് ഏലൂർ . സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനെ അറിയിക്കാതെ നടത്തിയ പഠനമാണിതെന്നും ഓർക്കണം. എല്ലാ വ്യവസായ സ്ഥാപനങ്ങളും നിയമപരായി പ്രവർത്തിക്കുന്നു എന്ന് PCBപറഞ്ഞിരുന്നപ്പോഴാണ് 2004ൽ സുപ്രിം കോടതി നിരീക്ഷണ സമിതി കേരളം സന്ദർശിക്കുന്നതും വായു - ജല -പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ നഗ്നമായി ലംലിച്ചു പ്രവർത്തിക്കുന്ന  265 വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദ്ദേശം നല്കിയതും. കേരളത്തിലെ വ്യവസായ സ്ഥാപനങ്ങൾക്ക് നിയമങ്ങൾ ലംഘിച്ചു പ്രവർത്തിക്കുന്നതിനുള്ള ധൈര്യം പകർന്നു നല്കുന്നത് PCB തന്നെയാണ്. അതുകൊണ്ടാണ് ചാലക്കുടി പുഴയും പെരിയാറും എല്ലാം അതിക്രൂരമായ മലിനീകരണത്തിനു വിധേയമാകുന്നത്. ഇത് അവസാനിപ്പിച്ചേ മതിയാകു.


കഴിഞ്ഞ 44 വർഷമായി കേരളത്തിലെ വ്യവസായ മലിനീകരണവും പുഴ മലിനീകരണവും തടയുന്നതിൽ സമ്പൂർണ്ണമായും പരാജയപ്പെട്ട സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പിരിച്ച് വിട്ട് ശാസ്ത്രീയമായി പുന : സംവിധാനം ചെയ്യണമെന്ന് ആവശ്യപ്പെട്ട്  കൊണ്ട് 2018 ആഗസ്റ്റ് 9 ന് ജനകീയ സമര പ്രവർത്തകർ സംസ്ഥാനമലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസ് ഉപരോധിക്കുകയാണ്. കേരളത്തിലെ നൂറു കണക്കിന് ജനകീയ സമര പ്രവർത്തകർ മലിനീകരണ നിയന്ത്രണ ബോർഡിനെ ശുദ്ധിയാക്കാനുള്ള ഈ പോരാട്ടത്തിൽ പങ്കെടുക്കുന്നുണ്ട്. 


കഴിഞ്ഞ LDF സർക്കാരിന്റെ കാലത്ത് 2010ലാണ് ഇപ്പോഴത്തെ ചെയർമാനെ നിയോഗിക്കുന്നത്.തുടർന്നു വന്ന UDF സർക്കാരും LDF നിയോഗിച്ച ചെയർമാനെ തുടരാൻ അനുവദിച്ചു .ആ അഞ്ചു വർഷക്കാലവും അയാൾ തന്നെ തുടർന്നു.പിന്നീട് അധികാരത്തിൽ തിരിച്ചെത്തിയ LDF സർക്കാരും 64 വയസ്സായ ഇദ്ദേഹത്തെ മാറ്റിയില്ല എന്ന് മാത്രമല്ല കാലവധി നീട്ടികൊടുക്കുകൂടി ചെയ്തു .PCBചരിത്രത്തിൽ ആദ്യമായാണ് ഒരാൾ തുടർച്ചയായി 8 വർഷം ചെയർമാനായി തുടരുന്നത്. ചക്കരക്കും മുതുകള്ളിനും ചെത്താൻ അറിഞ്ഞാൽ മാത്രമെ UDF നെയും LDF നെയും ഒരേ പോലെ സുഖിപ്പിക്കാൻ കഴിയൂ. അത് കൊണ്ട് PCB യിൽ തുടരുന്ന കൊടിയ അഴിമതി അവസാനിപ്പിക്കണമെങ്കിൽ ഈ ചെയർമാനെ പുറത്താക്കിയേ മതിയാകൂ.

Green Reporter

Purushan Eloor, Environmental Activist

Visit our Facebook page...

Responses

0 Comments

Leave your comment