പരിസ്ഥിതി സമരങ്ങൾക്ക് തിരിച്ചടിയാവുന്ന ഹരിത ട്രിബ്യുണൽ ഉത്തരവ്




ന്യൂഡൽഹി : പാരിസ്ഥിതിക വിഷയങ്ങളിൽ കോടതിയെ സമീപിക്കുന്നതിന് മുൻപ് ബന്ധപ്പെട്ട ഗവൺമെന്റ് ഏജൻസികൾക്ക് പരാതി കൊടുക്കുകയും 15 ദിവസത്തെ സമയം നൽകുകയും വേണമെന്ന നാഷണൽ ഗ്രീൻ ട്രിബ്യുണൽ ഉത്തരവ് പരിസ്ഥിതി സമരങ്ങൾക്കും പരാതിക്കാർക്കും തിരിച്ചടിയാവും. ജൂലൈ 19 നാണ് ഗ്രീൻ ട്രിബ്യുണൽ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വമ്പൻ പ്രോജക്ടുകൾക്ക് എതിരെ പോരാടുന്ന പരിസ്ഥിതി പ്രവർത്തകർക്കും പരാതിക്കാർക്കും വലിയ ഭീഷണിയാവുന്ന ഉത്തരവാണിതെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുന്നത് നിർബന്ധമാക്കുന്നതിലൂടെ പരാതിക്കാരെ കുറിച്ചുള്ള വിവരം മാഫിയകൾക്ക് ലഭിക്കുകയും അവരുടെ ജീവൻ തന്നെ അപകടത്തിലാവുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായേക്കാം എന്നും വിലയിരുത്തപ്പെടുന്നു. 

 

ഏതെങ്കിലും പദ്ധതികളെ കുറിച്ച് പരാതി ഉണ്ടെങ്കിൽ പരിസ്ഥിതി മന്ത്രാലയത്തിന് പരാതി നൽകാറുണ്ട്. പക്ഷേ പരാതി നൽകി 15 ദിവസം കാത്തിരിക്കണമെന്ന് നിർബന്ധമാക്കുമ്പോൾ പരാതി നൽകുന്നത് ദുഷ്കരമായി മാറും. പരിസ്ഥിതി പ്രവർത്തകനായ രമേശ് അഗർവാൾ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നമുക്ക് എന്തെങ്കിലും പരാതി ഉണ്ടായിരിക്കുകയും, മലിനീകരണ നിയന്ത്രണബോർഡോ കളക്ടറോ പോലുള്ള ഗവണ്മെന്റ് ഏജൻസികൾ അതിൽ കക്ഷികളായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അവരോട് തന്നെ നമ്മൾ പരാതി പറയണം എന്ന് നിർബന്ധിക്കുന്നത് വലിയ അപകടമാവും. മൈനിങ്ങിനെ എതിർത്തതിന് വെടിയേറ്റയാളാണ് ഞാൻ. അഗർവാൾ പറയുന്നു. ഛത്തീസ്ഗഢിലെ  കൽക്കരി ഖനിക്കുള്ള പാരിസ്ഥിതിക അനുമതി വ്യാജമായ പബ്ലിക് ഹിയറിംഗുകളിലൂടെ നൽകിയതിനെ ചോദ്യം ചെയ്തു രമേശ് അഗർവാൾ 2012 ൽ നാഷണൽ ഗ്രീൻ ട്രിബ്യുണലിനെ സമീപിച്ചിരുന്നു. കോടതി ഖനിക്കുള്ള അനുമതി റദ്ധാക്കിയെങ്കിലും അഗർവാൾ ഖനി മാഫിയയുടെ ആക്രമണങ്ങൾക്ക് ഇരയാവുകയായിരുന്നു. 

 


അടിയന്തിരമായി നിർത്തി വെച്ചില്ലെങ്കിൽ വലിയ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കിയേക്കാവുന്ന പദ്ധതികളിൽ ഗവണ്മെന്റ് ഏജൻസികൾക്ക് 15 ദിവസത്തെ സമയം നൽകുന്നത് വലിയ തിരിച്ചടിയാവുമെന്ന് പരിസ്ഥിതി പ്രവർത്തകർ വിലയിരുത്തുന്നു. ഈ ഉത്തരവ് നേരത്തെ വന്നിരുന്നെങ്കിൽ ഞാൻ കോടതിയെ സമീപിക്കുമ്പോഴേക്കും മരങ്ങൾ മുക്കാലും മുറിച്ച് കഴിയുമായിരുന്നു. ഡൽഹിയിൽ കോളനി വികസനത്തിനായി 16000 മരങ്ങൾ മുറിക്കുന്നതിനെ ചോദ്യം ചെയ്തു കോടതിയെ സമീപിച്ച അനിൽ സൂദ് പറയുന്നു. ഹരിയാനയിലെ അഡീഷണൽ ചീഫ് സെക്രട്ടറി 2017 ൽ 52 ഏക്കറിൽ ഉള്ള മരങ്ങൾ മുറിക്കാൻ വനം വകുപ്പിന് അനുമതി നൽകി. വിവരം അറിഞ്ഞ ഉടൻ തന്നെ പരിസ്ഥിതി പ്രവർത്തകർ ഗ്രീൻ ട്രിബ്യുണലിനെ സമീപിച്ചു. 2017 ജൂൺ 19 ന് കോടതി കേസെടുക്കുകയും ജൂൺ 21 ന് തന്നെ ഹരിാന ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയക്കുകയും ചെയ്തു. എന്നാൽ ജൂൺ 22 നു തന്നെ അഡീഷണൽ ചീഫ് സെക്രട്ടറി പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർക്ക് കത്തയക്കുകയും കോടതി കേസ് കേൾക്കുന്നതിന് മുൻപ് അടുത്ത മൂന്ന് ദിവസം കൊണ്ട് 52 ഏക്കറിലെ മരങ്ങൾ മുറിച്ച് മാറ്റുകയും ചെയ്തു. ഇത്തരം സാഹചര്യങ്ങളിൽ അവർക്ക് 15 ദിവസത്തെ സമയം നൽകിയാൽ എന്താവും സംഭവിക്കുക എന്നത് ഊഹിക്കാവുന്നതാണ്. ആരവല്ലി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ചേതൻ അഗർവാൾ പറയുന്നു. 

 

പരാതി നൽകുന്നവരുടെ വീട് കയറി ആക്രമിക്കുകയും, പലതരം സമ്മർദ്ദങ്ങളിലൂടെ പിന്തിരിപ്പിക്കുകയും ചെയ്യാൻ ശ്രമിക്കുന്ന മാഫിയകൾ കേരളത്തിലും സജീവമായതിനാൽ കേരളത്തിലെ പരിസ്ഥിതി സമരങ്ങൾക്കും ഹരിത ട്രിബ്യുണൽ ഉത്തരവ് തിരിച്ചടിയാവും എന്നാണ് കരുതപ്പെടുന്നത്.  

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment