ഭക്തരെ താങ്ങാൻ ശബരിമലയ്ക്ക് കരുത്തുണ്ടോ?




നമ്മള്‍ ജീവിക്കുന്നത് ജനാധിപത്യത്തിലും അതിന്‍റെ ഭാഗമായ മതനിരപേക്ഷതയിലുമാണ്. (വ്യക്തി നിഷ്ഠ ) വിശ്വാസങ്ങള്‍  ഒരേ സമയം വ്യക്തിപരമായ ആശ്വാസവും അതേ സമയം ഉത്തരവാദിത്തവുമായി നിലനിര്‍ത്തുകയാണ് ജനാധിപത്യ സംവിധാനത്തില്‍ വിശ്വാസികളുടെ ധര്‍മ്മം.

 

ശബരിമല അയ്യപ്പന്‍റെ പൂങ്കാവനം ഒരു Tiger Reserve Forest കൂടിയാണ്.  ഇവിടെ വിശ്വാസവും പ്രകൃതി സംരക്ഷണവും സന്ധിക്കുന്നുണ്ട്. ഇവ പരസ്പര പൂരകമാണ് എന്ന് വിശേഷിപ്പിക്കുന്നതിനും അപ്പുറം വേട്ടക്കൊരുമകന്‍ എന്ന അപര നാമത്തില്‍ അറിയപെടുന്ന അയ്യപ്പന്‍റെ കളിത്തൊട്ടില്‍ സംരക്ഷിത മേഖലയായി നിലനിർത്തുവാന്‍ മറ്റാരേക്കാളും ഹിമാലയന്‍ വാസിയായ ശിവ ഭഗവാന്‍റെ പുത്ര ഭക്തര്‍ ബാധ്യസ്ഥരല്ലേ ?
 

നമ്മുടെ കാടുകളെ (മലകളെ) ദൈവങ്ങള്‍ ആയി കണ്ടു വന്നവരാണ് ആദിമവാസികള്‍ . അവര്‍ക്ക് മല തന്നെ ദൈവമായിരുന്നു. കാടിനുള്ളില്‍ കയറുന്നതിനു മുന്‍പ് കാട്ടു ദേവതകളില്‍ നിന്നും അനുവാദം വാങ്ങിയിരുന്നു. അഗസ്ത്യമുനിയുടെ പേരില്‍ അറിയപെടുന്ന അഗസ്ത്യര്‍ മലയുടെ കൈവശക്കാരായ കാണിക്കാര്‍ ആരോഗ്യ പച്ച എന്ന ചെടി പറിക്കുവാന്‍ സമുദായത്തിലെ തന്നെ ചിലര്‍ക്ക് മാത്രമാണ് അനുവാദം നല്‍കിയിട്ടുള്ളത്.

 

കൃഷികള്‍ ആരംഭിച്ച വനേതര-മനുഷ്യര്‍ വനം വെട്ടിവെളിപ്പിച്ചു കൃഷി തുടങ്ങി. മലകളെ ദൈവമായി കണ്ടുവരുന്ന സമീപനത്തിന് പകരം കാവുകളില്‍ ഭക്തിയെ ഒതുക്കുവാന്‍ ആധുനിക കൃഷീവല സമൂഹം ശ്രമിച്ചു.( ആര്യ അധിനിവേശ കാലം )  അങ്ങനെ കാടുകളുടെ ദൈവികത കാവുകളില്‍ ഒതുങ്ങി. അപ്പോഴും ആദിമവാസികള്‍ മലദൈവങ്ങളെ കൈവിട്ടില്ല.


ആധുനിക ലോകത്ത് കൃഷി തന്നെ ബുദ്ധി ശൂന്യതയായി കരുതിയ വികസന പക്ഷക്കാര്‍ പച്ചപ്പിന്‍റെ തുരുത്തുകളെ, ചതുപ്പുകളെ ,മൂല്യ രഹിത വസ്തുവായി കണ്ടുകൊണ്ടുള്ള ഓപ്പറേഷനുകള്‍ നടത്തി. അതിന്‍റെ തിരിച്ചടികള്‍ മനസ്സിലാക്കിയ ഒന്നാം ലോകസര്‍ക്കാരുകള്‍ 1970കൾ മുതൽ   പ്രകൃതി  സംരക്ഷണ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി രംഗത്ത്‌ വന്നു. അവരെ ആരാധ്യരായി കണ്ടുവന്ന വികസ്വര രാജ്യക്കാര്‍, വികസിത രാജ്യങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ചെയ്തു വെച്ചതും അവര്‍ അവരുടെ നാട്ടില്‍ തള്ളിപറഞ്ഞതുമായ നിലപാടുകളെ ഇന്നും നെഞ്ഞിലേറ്റി നടക്കുകയാണ്.


 
ശബരിമലയെ പറ്റി വിവിധ തരത്തിലുള്ള വാദ പ്രതിപാദങ്ങള്‍ പലപ്പോഴും ഉയര്‍ന്നുവന്നിട്ടുണ്ട്. അയ്യപ്പന്‍ എന്നും ശാസ്താവ് എന്നും അയ്യനാര്‍ എന്നും ഒക്കെ വിളിക്കുന്ന അയ്യപ്പന്‍റെ പേരില്‍ വിവിധ ദേവാലയങ്ങള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളില്‍ ഉണ്ട്. പ്രതിവര്‍ഷം 4 കോടി ആളുകള്‍ സന്ദര്‍ശനം നടത്തുന്ന ശബരിമലയിലെ വ്യത്യസ്ത ചടങ്ങുകള്‍, എല്ലാ മതക്കാര്‍ക്കും പ്രവേശനം അനുവദിക്കുന്ന നിലപാടുകള്‍, തീര്‍ഥാടനത്തിന്‍റെ ഭാഗമായി വാവര്‍ പള്ളി സന്ദര്‍ശനത്തിനു ശേഷമുള്ള മല കയറ്റം, അർത്തുങ്കൽ പള്ളിയില്‍ പോയി മാല ഊരുന്ന ചടങ്ങുകളും ശബരിമലയെ വ്യത്യസ്തമാക്കുന്നു. വേട്ടക്കാരുടെ ദേവന്‍ എന്ന പേരുള്ള, കടുവയെ വാഹനമായി അംഗീകരിച്ച ശിവപുത്രന്‍  അധിവസിക്കുന്ന കാട്, ഇന്ത്യയിലെ പ്രസിദ്ധ കടുവാ-ആന സങ്കേതമാണ്. കാടിന്‍റെ കൂടി ഉടമയായ പന്തളം രാജാവിന്‍റെ വളര്‍ത്തു പുത്രന്‍ അധിവസിക്കുന്ന  പൂങ്കാവനത്തിന്റെ  സുരക്ഷാ വിഷയത്തില്‍ എന്നാല്‍ വിശ്വാസി സമൂഹമോ ബന്ധപെട്ട ഭരണ സംവിധാനമോ വേണ്ട ജാഗ്രത കാട്ടുന്നില്ല.

 
925 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള പെരിയാര്‍ കടുവാസങ്കേതത്തിന്‍റെ ഏറ്റവും നിര്‍ണ്ണായകമായ ഉള്ളറയില്‍ സ്ഥിതി ചെയ്യുന്ന ശബരിമലയുടെ സ്വന്തം നദിയായ പമ്പയിലെ വെള്ളമൊഴുക്ക്  പടിപടിയായി കുറയുകയാണ് (പ്രതിവര്‍ഷം 8 cm വെച്ച്) .  നദിയിലെ E.coli bacteria കള്‍ 100 ml വെള്ളത്തില്‍ 3.5 ലക്ഷം എണ്ണം വരെയകാറുണ്ട്. (അനുവദിക്കപെട്ട അളവ് 500 മാത്രമാണ്.) ഗംഗയെ പോലെ ഏറ്റവും കൂടുതല്‍ വിസര്‍ജ്ജ്യങ്ങള്‍ പേറുന്നു നദികളിളുടെ പട്ടികയിലെ  മുന്‍ പന്തിയില്‍   പമ്പ എത്തിക്കഴിഞ്ഞു. അച്ചന്‍കോവില്‍, മണിമലയാര്‍ നദികളും സമാന ഗതിയിലാണ്.
 

രാജ്യത്തെ കടുവാസങ്കേതങ്ങളില്‍ വെച്ച് നിരവധി പ്രത്യേകതകള്‍ ഉള്ള പെരിയാര്‍ വനത്തില്‍ 8 ലക്ഷം സന്ദര്‍ശകര്‍ പ്രതിവര്‍ഷം എത്തുന്നു എന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. പക്ഷേ  ശബരിമലയിലെ സന്ദര്‍ശകര്‍ 4 കോടിയിലധികമാണ്.  

 

പെരിയാര്‍ കടുവാസാങ്കേതത്തിനും മറ്റു സംരക്ഷിത വനങ്ങള്‍ക്കും എത്ര ആളുകളെ മാത്രമേ വനത്തിനുള്ളില്‍ പ്രവേശിപ്പിക്കുവാന്‍ കഴിയൂ എന്നുള്ള അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഒപ്പം വനത്തിനുള്ളിലെ തീര്‍ഥാടനങ്ങള്‍ക്ക് Forest Conservation Act, 1980, Wildlife (Protection) Act, 1972 and the Environment Protection Act, 1986 മുതലായ നിയമങ്ങള്‍ ബാധകമാണ് എന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു.


1970 കളില്‍ 4 ലക്ഷം മുതല്‍ 7 ലക്ഷം വരെ അയ്യപ്പന്മാര്‍ വന്നു പോയിരുന്ന ക്ഷേത്രത്തില്‍ ഇന്നെത്തുന്നവരുടെ എണ്ണം എത്രയോ അധികമായി തീർന്നിരിക്കുന്നു. മധ്യപ്രദേശിലെ കാങ്ക കടുവസങ്കേതത്തിന്‍റെ വിസ്തീര്‍ണ്ണം ഏകദേശം പെരിയാറിനൊപ്പമാണ്  അവിടേക്ക് പ്രതിദിനം അനുവദിക്കപെട്ട സന്ദര്‍ശകരുടെ എണ്ണം 1470 . (പ്രതിവര്‍ഷം 5,36550 ആളുകള്‍) എന്നാല്‍ നമ്മുടെ പെരിയാര്‍ വനത്തിലെ ശബരിമലയില്‍ കടന്നുവരുന്ന തീര്‍ഥാടകര്‍ അതിന്‍റെ 70 ഇരട്ടിയിലും  മുകളില്‍ വരും. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ അതും കടുവാ-ആന സംരക്ഷണ വനത്തില്‍ പ്രദേശത്തിന്‍റെ Carrying Capacity ക്ക്  അപ്പുറം ആളുകളുടെ സാന്നിധ്യം ആവർത്തിച്ചുണ്ടാക്കുന്ന  ദുരന്തം വളരെ വലുതാണ്.


ശബരിമല ക്ഷേത്ര വിഷയത്തെ പരിസ്ഥിതിയുമായി ബന്ധപെടുത്തി കാണുവാന്‍ ഭരണകൂടമോ വിശ്വാസി സമൂഹമോ തയ്യാറല്ല. വരും നാളുകളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം സാധ്യമാകണം എന്ന കോടതി-പൊതു സമൂഹ നിലപാടുകള്‍ ശബരിമലയില്‍ കൂടുതല്‍ ആരാധകരെ എത്തിക്കാം. അതിനുള്ള അവകാശത്തെ അവഗണിച്ചു കൊണ്ട് പോകുവാന്‍ നമുക്ക് കഴിയുകയില്ല. സമഭാവനയുള്ള ഒരു ലോകത്തു മാത്രമേ പ്രകൃതിസംരക്ഷണം ശരിയായ തലത്തിൽ വിജയം നേടുകയുള്ളു. പുരുഷ കേന്ദ്രീകൃതമായ ലോകത്ത്  പ്രകൃതിയെ പരിഗണിക്കാത്ത സമീപനങ്ങൾ കൂടുതൽ സജീവമാണ്. സ്ത്രീ സമൂഹത്തിന്റെ മെച്ചപ്പെട്ട സ്വാധീനം നേടിയ  പരിസ്ഥിതി സമരങ്ങൾ ലോക ശ്രദ്ധ നേടിയിട്ടുണ്ട്. കെനിയയിലെ സമരങ്ങളും  ചിപ്പ്കോ പ്രസ്ഥാനവും നർമ്മദയും പ്ലാച്ചിമടയും ഒക്കെ ശ്രദ്ധിക്കപ്പെട്ടത്  സ്ത്രീകളുടെ സമര ശക്തിയിലാണ്. ശബരിമല ക്ഷേത്രത്തിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം അയ്യപ്പന്റെ പൂങ്കാവനത്തിന്റെ സംരക്ഷണത്തെ ഗുണപരമായി മാറ്റി തീർക്കുവാനുള്ള അവസരമായി മാറ്റണം. സ്ത്രീ പുരുഷ സമത്വ ബോധം പ്രകൃതി സംരക്ഷണ വിഷയം പോലെ പരമ പ്രധാനമാണ്. ശബരിമല എല്ലാത്തരം വിശ്വാസികളുടെയും ദേവാലയമായി മാറുന്നതിലൂടെ പമ്പയും പെരിയാർ സുരക്ഷിത മേഖലയും കൂടുതൽ ശ്രദ്ധയോടെ പരിപാലിക്കുവാൻ ഇടയുണ്ടാകട്ടെ.

 

 (സ്ത്രീ  ശാക്തീകരണത്തെ പറ്റി ഏറ്റവും പുതിയ നിലപാടുകൾ ഉയർത്തുന്ന 4th wave women Movement , സ്ത്രീ ശരീരങ്ങളുടെ സമ്പൂർണ്ണമായ സ്വാതന്ത്ര്യത്തെ പറ്റി പ്രതിപാദിക്കുന്നു. Me Too Movement, Free the Nipple, Queer Rights  മുതലായ വിഷയങ്ങളെ അവതരിപ്പിക്കുന്ന പ്രസ്ഥാനം ലോകത്തെ സ്ത്രീവിരുദ്ധമായ എല്ലാ നിലപാടുകൾക്കെതിരായി സമരം നടത്തിവരികയാണ്.സ്ത്രീകൾക്ക് പൊതു ഇടങ്ങളിലും തൊഴിലിലും അധികാരത്തിലും ആരാധനാലയങ്ങളിലും  സമത്വം എന്ന വാദമുയർത്തിയ (1960 കൾ) രണ്ടാം തലമുറ സ്ത്രീ പ്രസ്ഥാനങ്ങളുടെ ലക്ഷ്യത്തിലേക്ക് ഇതുവരെയായി നമ്മുടെ നാട്ടിലെ സ്ത്രീ സമൂഹത്തിന് എത്തിച്ചേരുവാൻ കഴിഞ്ഞിട്ടില്ല എന്നതിനു തെളിവാണ് ശബരിമല, ത്വലാക്ക് മുതലായ വിഷയങ്ങൾ).

 

വരും നാളുകളിൽ സ്ത്രീകളുടെ ശബരിമല പ്രവേശം സാധ്യമാകുന്നതോടെ ഇപ്പോഴത്തേതിനേക്കാൾ ഭക്തർ ശബരിമലയിൽ എത്തും. സ്ത്രീകൾക്ക് പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ട് ശബരിമലയിലേക്ക് എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുകയും അതുവഴി ഈ വനമേഖലയുടെ സംരക്ഷണം ഉറപ്പ് വരുത്തുകയുമാണ് ഗവണ്മെന്റ് ചെയ്യേണ്ടത്. അല്ലാത്തപക്ഷം ഉണ്ടാകുന്ന പാരിസ്ഥിതിക ദുരന്തങ്ങളെല്ലാം സ്ത്രീ പ്രവേശനത്തിന്റെ തലയിൽ കെട്ടി വെക്കാനാകും യാഥാസ്ഥിതിക സമൂഹം തുനിയുക.

 

ശബരിമല വനമേഖല സംരക്ഷിക്കാൻ താഴെപ്പറയുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ് 

 

ശബരിമലയില്‍ എത്തുന്നവര്‍ വിവിധ ഫീഡറുകള്‍ വരെ മാത്രം സ്വകാര്യ വാഹനത്തിലും അതിനു ശേഷം പമ്പയിലേക്ക് ദേവസ്വം ബോര്‍ഡിന്‍റെ (KSRTC)യുടെ പൊതു വാഹനത്തില്‍ മാത്രം( zero carbone വാഹനങ്ങള്‍ ) സഞ്ചരിക്കുക.( തിരുമല മാതൃക).

 

ജൈവ വസ്തുക്കള്‍ മാത്രം കൈവശം വെക്കുവാന്‍ അവസരം. മാലിന്യങ്ങള്‍ വികേന്ദ്രീകൃതമായി സംസ്ക്കരിക്കല്‍.    

 

പമ്പയുടെ സുരക്ഷക്കായി സന്ദര്‍ശകരെയും ഒപ്പം കച്ചവക്കാരെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള സൂക്ഷ്മ സ്ഥൂല പദ്ധതികള്‍.

 

സന്ദര്‍ശകര്‍ക്ക് പ്രതിദിന ക്വാട്ട തീരുമാനിക്കല്‍, മുൻഗണനാക്രമം (ഹജ്ജ് മാതൃക) .

 

ആദിമവാസികളെ മുന്നില്‍ നിര്‍ത്തിയുള്ള കാട്,വന്യ ജീവി സംരക്ഷണവും വനം വൃത്തിയാക്കലും , ആദിവാസികളുടെ വന അവകാശങ്ങളെ പൂര്‍ണ്ണമായും അംഗീകരിക്കല്‍.    

 

നഷ്ടപെട്ട കാടുകള്‍ പുനസ്ഥാപിക്കല്‍  

 

ശബരിമലയുടെ പവിത്രത അവിടുത്തെ കാടുകളുടെയും  അതിലെ സൂക്ഷ്മ ജീവികള്‍ മുതല്‍ അയ്യപ്പൻറെ  വാഹനമായ കടുവയുടെയും  മറ്റു ജീവികളുടെയും സംരക്ഷണത്തിലൂടെ  എന്ന ലക്ഷ്യത്തെ മുന്നില്‍ നിര്‍ത്തി ആയിരിക്കണം  എന്ന് പ്രകൃതിയെ സ്നേഹിക്കുന്നവര്‍ ആഗ്രഹിക്കുന്നു.                      


Note : Carrying capacity of the Tiger Reserve, at three levels: physical, real and effective/permissible carrying capacity of visitors

ESTIMATION OF CARRYING CAPACITY*

(a) Physical Carrying Capacity (PCC): This is the “maximum number of visitors that can physically fit into a defined space, over a particular time”. It is expressed as:

PCC = A X V/a X RF

Where, A = available area for public use

V/a = one visitor / M2

Rf = rotation factor (number of visits per day)

(b)  Real Carrying Capacity (RCC): RCC  = PCC – Cf1 – Cf2 ---------------- Cfn,

 
RCC = PCC x 100 – Cf1 x 100 – Cf2 x ………  100 - Cfn

100           100

cf is Corrective Factors

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment