ജലനിരപ്പ് ഉയർന്നു ; മലമ്പുഴ നാളെ തുറക്കും 




പാലക്കാട് : ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പാലക്കാട് മലമ്പുഴ അണക്കെട്ട് നാളെ രാവിലെ 11 മണിക്കും 12 മണിക്കും ഇടയിൽ തുറന്നേക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഡാമിലെ ജലനിരപ്പ് 114.71 മീറ്ററിലേക്ക് ഉയർന്നതോടെയാണ് നാളെ അണക്കെട്ട് തുറന്നു വിടാൻ തീരുമാനിച്ചത്. 115. 06 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. കഴിഞ്ഞ വർഷം  ഈ സമയത്തേതിനേക്കാൾ 10 മീറ്റർ അധികമാണ് ഈ വർഷത്തെ ജലനിരപ്പ്. 

 

അതേ സമയം ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. ഇന്ന് ഏഴുമണിയോടെ  ജലനിരപ്പ് 2395.60 അടിയായി ഉയർന്നു.  ജലനിരപ്പ് 2396 അടിയായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുമെന്ന് മന്ത്രി എംഎം മണി അറിയിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് 24 മണിക്കൂറിന് ശേഷമേ ഡാം തുറക്കു. ട്രയല്‍ റണ്‍ ഉടന്‍ നടത്തേണ്ട സാഹചര്യമില്ലെന്ന് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി ജലനിരപ്പ് 2395 അടിയായപ്പോള്‍ ഡാം തുറക്കാനുള്ള സാധ്യത കണക്കിലെടുത്ത് പെരിയാര്‍ തീരദേശവാസികള്‍ക്ക് അതിജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) പ്രഖ്യാപിച്ചിരുന്നു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ ഡാമിന് സമീപമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം ശക്തമാക്കി. 

 

ശബരിഗിരി ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായ പത്തനംതിട്ടയിലെ കക്കി കക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 980.00 മീറ്റർ കടന്നതോടെയാണ് രണ്ടാം ഘട്ട മുന്നറിയിപ്പ് നൽകിയത്. ജലനിരപ്പ് 980.50 മീറ്റർ കടന്നാൽ റെഡ് അലർട്ട് നൽകും. ആനത്തോട് ഡാമിന്റെ ഷട്ടറുകൾ‌ ഉയർത്തി അധിക ജലം പുറത്തേക്കുവിടുമെന്ന് കെഎസ്ഇബി അറിയിച്ചു. 981.46 മീറ്ററാണ് കക്കി അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. ആനത്തോട് ഡാമിന്റെ താഴെയുള്ള പ്രദേശങ്ങളിലും കക്കി- പമ്പ നദികളുടെ കരകളില്‍ താമസിക്കുന്നവരും പമ്പ ത്രിവേണിയിലേക്കു വരുന്ന തീര്‍ഥാടകരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

 

 ചാലക്കുടി പുഴയിലെ അഞ്ച് ഡാമുകളും തുറന്നതോടെ ജലനിരപ്പ് ഉയർന്നു. വൈകിട്ട് അഞ്ച് മണിക്ക് ശേഷം മൂന്നരയടിയോളം വെള്ളം ഉയർന്നതായി പ്രദേശവാസികൾ പറഞ്ഞു. കനത്ത കാലവർഷത്തെ തുടർന്ന് സംസ്ഥാനത്ത് എങ്ങും കനത്ത ഭീതി നിലനിൽക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും സർക്കാരിൽ നിന്നും ലഭിക്കുന്ന സത്യസന്ധവും ആധികാരികവുമായ വാർത്തകൾ മാത്രമേ പ്രചരിപ്പിക്കാവൂ എന്നും ദുരന്ത നിവാരണ അതോറിറ്റി അഭ്യർത്ഥിച്ചു. 

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment