ജിയോളജി ഓഫീസ് ക്വാറി അസോസിയേഷൻ ഓഫീസാക്കാൻ അനുവദിക്കില്ല; കൈക്കൂലിക്കാർക്ക് താക്കീതായി പരിസ്ഥിതി മാർച്ച്




പത്തനംതിട്ട : അഴിമതിക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ആറന്മുള ജിയോളജി ഓഫീസിലേക്ക് പരിസ്ഥിതി പ്രവർത്തകരുടെ മാർച്ച്. കൈക്കൂലിയുമായി വിജിലൻസ് പിടികൂടിയ ജിയോളജിസ്റ്റ് നൽകിയ മുഴുവൻ അനുമതികളും റദ്ദാക്കുക, ക്വാറി, ക്രഷർ, മണ്ണ് മാഫിയകൾക്ക് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർ നൽകിവരുന്ന പിന്തുണ അവസാനിപ്പിക്കുക, ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവ് പാലിക്കാതെ കോന്നിയിൽ  ഗാലക്സി എന്ന ക്വാറിക്ക്  അനുമതി നൽകിയത് വിജിലൻസ് അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്. കൈക്കൂലി കേസിൽ വിജിലൻസ് പിടിയിലായ ജിയോളജിസ്റ്റ് എം.എം വഹാബിന്റെ കോലവുമായാണ് പരിസ്ഥിതി പ്രവർത്തകർ മാർച്ച് നടത്തിയത്. 

 

മൈനിംഗ് ആൻഡ് ജിയോളജി ഓഫീസിന് മുന്നിൽ പൊന്തൻപുഴ വനം സംരക്ഷണ സമരസമിതി നേതാവ് ജെയിംസ് കണ്ണിമല സമരം ഉദ്‌ഘാടനം ചെയ്തു. ക്വാറി ക്രഷർ അസോസിയേഷന്റെ ജില്ലാ കമ്മിറ്റി ഓഫീസായി മൈനിംഗ് ആൻഡ് ജിയോളജി ഓഫീസ് മാറിയെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് അവിനാഷ് പള്ളീനഴികത്ത് പറഞ്ഞു. ക്വാറി മാഫിയയുടെ താല്പര്യം സംരക്ഷിക്കാൻ വേണ്ടി നേരത്തെ ഇവിടുണ്ടായിരുന്ന കൃഷ്‌ണേന്ദു എന്ന ജിയോളജിസ്റ്റിനെ മാറ്റി പകരം കൈക്കൂലിക്കാരനായ വഹാബിനെ കോട്ടയത്ത് നിന്ന് ഇവിടേക്ക് കൊണ്ട് വരികയായിരുന്നുവെന്നും അവിനാഷ് ആരോപിച്ചു. പുതിയ ജിയോളജിസ്റ്റിനെ ഇവിടെ എത്തിച്ചത് റാന്നി എം.എൽ.എയുടെ പ്രത്യേക താൽപ്പര്യ പ്രകാരമാണെന്ന് സ്വാഗതം പറഞ്ഞ പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി നേതാവ് ബിജു വി ജേക്കബ് പറഞ്ഞു. 

 

നാല് വർഷമായി പത്തനംതിട്ട മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഓഫീസിൽ കയറിയിറങ്ങിയ സ്വന്തം അനുഭവം വി.കോട്ടയം ഗ്രാമരക്ഷാ സമിതി പ്രസിഡന്റ് കെ.എസ് തോമസ് വിവരിച്ചത് ശ്രദ്ധേയമായി. പിടിയിലാകുന്നതിന് ഒരാഴ്ച മുൻപ് താൻ കൊടുത്ത പരാതി മുഖമുയർത്തി നോക്കുക പോലും ചെയ്യാതെ മേശപ്പുറത്ത് വെച്ചേക്കാൻ പറഞ്ഞ എം.എം വഹാബിനെ പത്തനംതിട്ടയിലെ ആഡംബര ഹോട്ടലിൽ, 2000 രൂപ പ്രതിദിന വാടകയുള്ള  408 നമ്പർ മുറിയിൽ നിന്നും രണ്ടു ലക്ഷം രൂപയായി പിടികൂടുന്നതിനും താൻ തന്നെ സാക്ഷിയായ കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. കോട്ടാങ്ങൽ അമിറ്റി റോക്സിനെതിരെ ദീർഘമായ നിയമയുദ്ധം നടത്തിയ കോട്ടാങ്ങൽ ഗോപിനാഥപിള്ള, എസ്.യു.സി.ഐ നേതാവ് രാജീവൻ തുടങ്ങിയവർ സംസാരിച്ചു. 

 


2017 ലെ ഖനന നിയമവും പരിസ്ഥിതി നിയമങ്ങളും പാലിക്കാതെ, ലക്ഷങ്ങൾ കോഴ വാങ്ങിയാണ്  ജിയോളജിസ്റ്റ് ജില്ലയിലെ കോട്ടാങ്ങൽ അമിറ്റി റോക്സ്, ചെമ്പൻമുടിമല ,വികോട്ടയം ആമ്പാടി ഗ്രാനൈറ്റ്സ്, ഏനാദിമംഗലത്ത് പ്രവർത്തിക്കുന്ന 3 ക്വാറികൾ, പ്രവർത്തന അനുമതിക്കായി കാത്തുകിടക്കുന്ന 9 ഓളം ക്വാറികൾ,  ഏറത്ത് പഞ്ചായത്തിലെ പുലിമലയിൽ ആരാധന നടത്തിവരുന്ന കാവിനകത്തും, പള്ളിക്കൽ പഞ്ചായത്തിൽ കൈപ്പേത്തടത്തിൽ പള്ളിസെമിത്തേരിക്ക് സമീപവും ഏനാദിമംഗലത്ത് സെന്റ് ജൂഡ് തീർത്ഥാടന കേന്ദ്രത്തിന് സമീപം ,ലൂക്കോസ്മുക്ക് പട്ടികജാതി കോളനിയിലും,കിൻഫ്രാ വ്യവസായപാർക്കിലും മൈനിംഗ് പ്ലാൻ അംഗീകരിച്ച് നൽകിയതെന്ന് സമിതി ആരോപിച്ചു. കലഞ്ഞൂരിലും,  റാന്നിയിലും , വടശ്ശേരിക്കരയിലും പാറമടയ്ക്കും ക്രഷറിനും വഴിവിട്ട് സഹായിച്ചതിലൂടെ കോടികളുടെ അഴിമതിയാണ് ജിയോളജി വകുപ്പിൽ നടന്നതെന്നും സമരസമിതി പ്രവർത്തകർ ചൂണ്ടിക്കാട്ടി. 

 

കഴിഞ്ഞ മാസം 26 നാണ് പത്തനംതിട്ട ജിയോളജിസ്റ്റ് എം.എം വഹാബിനെ ആഡംബര ഹോട്ടലിൽ നിന്ന് വിജിലൻസ് സംഘം കണക്കിൽപ്പെടാത്ത രണ്ടു ലക്ഷത്തിലധികം രൂപയുമായി പിടികൂടിയത്. ഇതിന് പിന്നാലെ ഇയാളെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ പിടികൂടിയ വിജിലൻസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാൻ നീക്കം നടക്കുന്നതായും ആരോപണം ഉയരുന്നുണ്ട്.

 

ഭരണകക്ഷി എം.എൽ.എയുടെ പ്രത്യേക താല്പര്യ പ്രകാരമാണ് കൈക്കൂലി കേസിൽ മുൻപും നടപടി നേരിട്ടുള്ള ഉദ്യോഗസ്ഥനെ ഇവിടെ നിയമിച്ചതെന്നും ആരോപണമുണ്ട്. വിജിലൻസ് പിടിയിലായ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റരുതെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയുടെ  ജില്ലാ സെക്രട്ടറി തന്നെ വ്യവസായ വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയെന്ന വിവാദവും ഉയരുന്നുണ്ട്. സംസ്ഥാനത്തുടനീളം മൈനിംഗ് ആൻഡ് ജിയോളജി ഓഫീസുകൾ കേന്ദ്രീകരിച്ച് ക്വാറി ക്രഷർ മണ്ണ് മാഫിയക്ക് അനുകൂലമായി നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉത്തമ ഉദാഹരണമാണ് ഈ സംഭവമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. 

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment