പഴയ വാഹന പൊളിച്ചു നീക്കൽ ലക്ഷ്യത്തിലെത്തണമെങ്കിൽ




അന്തരീക്ഷ മലിനീകരണം വർധിക്കുന്നതിൽ ഫോസിൽ ഇന്ധനങ്ങളുടെ പങ്ക് നിർണ്ണായകമാണ്. ഇന്ത്യയിലും അതിൻ്റെ പങ്ക് അത്ര കുറവല്ല. പഴകിയ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം ഏറെ കൂടുതലും. ഈ സാഹചര്യത്തിലാണ് പഴയ വാഹനങ്ങളെ നിയന്ത്രിക്കുവാൻ ദേശീയ സർക്കാർ തീരുമാനിച്ചത്.


രാജ്യത്ത് 'പൊളിക്കല്‍' നയം (സ്‌ക്രാപ്പേജ് നയം) സാധ്യമാകുകയാണ്. വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷത്തേക്കും സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷത്തേക്കുമാണ് പരമാവധി ഉപയോഗിക്കാന്‍ കഴിയുക. കാലാവധി പൂര്‍ത്തിയാകുന്ന വാഹനങ്ങള്‍ ഫിറ്റ്‌നസ് ടെസ്റ്റിന് ആദ്യം വിധേയമാക്കണം. ഈ ആവശ്യത്തിലെക്ക് ഓട്ടോമാറ്റിക് സൗകര്യങ്ങളുള്ള ഫിറ്റ്‌നസ് കേന്ദ്രങ്ങള്‍ രാജ്യത്തുടനീളം കേന്ദ്രം സ്ഥാപിക്കും. ഫിറ്റ്‌നസ് ടെസ്റ്റിന് ശേഷമായിരിക്കും വാഹനം പൊളിക്കണോ വേണ്ടയോ എന്ന തീരുമാനം ഉണ്ടാകുക. ഒരു വാഹനം മൂന്നിലേറെ പ്രാവശ്യം ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടാൽ പൊളിച്ചിരിക്കണം.


15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ കൊണ്ടു നടക്കുന്നത് ചില വേറിയ കാര്യമായി മാറും. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിരക്ക് നിരവധി മടങ്ങായി വര്‍ധിപ്പിക്കുകയാണ്. പഴയ സ്വകാര്യ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള നിരക്ക് എട്ടു മടങ്ങ് കൂടും. ഇപ്പോഴുള്ള റോഡ് നികുതിക്ക് ഒപ്പം സംസ്ഥാനങ്ങള്‍ ഹരിത നികുതി (ഗ്രീന്‍ ടാക്‌സ്) കൂടി ചേര്‍ക്കുന്നതോടെ പഴയ വാഹനങ്ങള്‍ നില നിർത്തുക വൻ ചിലവുള്ള കാര്യമായി മാറും.


നിലവില്‍ മോട്ടോര്‍ വാഹന നിയമം പ്രകാരം 8 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ എല്ലാ വര്‍ഷവും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കണമെന്നാണ് ചട്ടം. ഈ വാഹനങ്ങള്‍ക്ക് റോഡ് നികുതിയുടെ 10 മുതല്‍ 25 % വരെ ഹരിത നികുതി ഈടാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുവാദമുണ്ട്.


15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സ്വകാര്യ വാഹനങ്ങളുടെ കാര്യമെടുത്താല്‍, ബന്ധപ്പെട്ട ഇരുചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നിരക്ക് 300 രൂപയില്‍ നിന്നും 1,000 രൂപയായി വര്‍ധിക്കും. സ്വകാര്യ കാറുകളുടെ രജിസ്‌ട്രേഷന്‍ പുതുക്കല്‍ നിരക്ക് 600 രൂപയില്‍ നിന്നും 5,000 രൂപയായാണ് കൂടാനിരിക്കുന്നത്. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് ഹരിത നികുതി ഈടാക്കാന്‍ കേന്ദ്രം അനുവാദം നല്‍കി കഴിഞ്ഞു. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ 5 വര്‍ഷം കൂടി ഓടണമെങ്കില്‍ ഓരോ വര്‍ഷവും ഹരിത നികുതിയൊടുക്കണം. റോഡ് നികുതിക്ക് പുറമെയാണിത്. ഓട്ടോ മാറ്റിക് ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ 'വാഹന്‍' ഡാറ്റേബസില്‍ നിന്നും നീക്കം ചെയ്യപ്പെടും.


ദേശീയമായി 15 വര്‍ഷത്തിലേറെ പഴക്കമുള്ള 80 ലക്ഷം വാഹനങ്ങള്‍ ഓടുന്നുണ്ടെന്നാണ് കണക്ക്. ഒരു വർഷത്തിനുള്ളിൽ 90 ലക്ഷമോ 1 കോടിയോ കടക്കും. പഴയ വാഹനങ്ങള്‍ നിരത്തില്‍ നിന്നും അപ്രത്യക്ഷമാകുമ്പോള്‍ പരിസ്ഥിതി മലിനീകരണം കുറയും. 


നിരത്തിൽ നിന്നു പഴയ വാഹനങ്ങളെ ഒഴിവാക്കുമ്പോൾ അത് 4.5 ലക്ഷം കോടിയുടെ പുതിയ വാഹന കച്ചവടത്തിന് അവസരമൊരുക്കുകയാണ്. അങ്ങനെ എങ്കിൽ  പരിസ്ഥിതി രംഗത്ത് ഉദ്ദേശിച്ച ഫലം ലഭ്യമാകില്ല. ലോകത്തെ ഏറ്റവും വലിയ വാഹന വ്യാപാര മാർക്കറ്റായി ഇന്ത്യയെ മാറ്റുകയാണ്. അതിനാവശ്യമായ റോഡുകളും അനു ബന്ധ സംവിധാനങ്ങളും നിർമ്മിക്കുന്നതിൽ ലോക ബാങ്കും വിദേശ സാമ്പത്തിക സ്ഥാപനങ്ങളും വലിയ താൽപ്പര്യങ്ങൾ കാണിക്കുന്നതിനു പിന്നിൽ വാഹന വ്യവസായത്തെ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം. 


രാജ്യത്തെ ചരക്കു നീക്കം പ്രധാനമായി റെയിൽ മാർഗ്ഗമായിരുന്നു. അത് പടിപടിയായി ട്രക്കിലേക്കു മാറിയത് വാഹന കച്ചവടക്കാരുടെ താൽപ്പര്യപ്രകാരമാണ്. ഹരിത പാതുകത്തിൻ്റെ തോത് ഏറെ കുറവുള്ള റെയിൽ സംവിധാനം പ്രോത്സാഹിപ്പിക്കപ്പെടാതെ പോകുന്നത് അപകടകരമാണ്. ജല മാർഗ്ഗത്തിലൂടെ ചരക്കു നീക്കവും ടൂറിസം രംഗവും ശക്തമാക്കുവാൻ കഴിഞ്ഞാൽ വാഹനങ്ങൾ വഴിയുള്ള  പരിസ്ഥിതി ആഘാതം കുറക്കുവാൻ കഴിയും.


പഴയ വാഹനങ്ങളെ ഒഴിവാക്കുവാൻ ശ്രമിക്കുമ്പോൾ, പകരം സ്വകാര്യ വാഹനങ്ങൾക്കു പകരം  പൊതു വാഹനങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുവാൻ കഴിഞ്ഞില്ല എങ്കിൽ ശ്രമങ്ങൾ ലക്ഷ്യത്തിലെത്തില്ല എന്ന്  കോർപ്പറേറ്റുകൾക്കു വേണ്ടി സർക്കാർ മറക്കുകയാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment