സർഫാസി : കുരുങ്ങുന്നവരും കുലുങ്ങാത്തവരും




ജനാധിപത്യം യുക്തിയുടെ ഇടമാണെന്ന് നമ്മള്‍ ധരിച്ചു വെച്ചു. എന്നാല്‍ എല്ലാ യുക്തികളും ഇടിഞ്ഞു വീഴുന്ന ഇടമായി നമ്മുടെ ജനാധിപത്യം മാറിക്കഴിഞ്ഞു. ബാങ്കുകളും വായ്പക്കാരും തമ്മിലുള്ള ബന്ധങ്ങളില്‍ അവിശ്വസനീയമായ യുക്തിരാഹിത്യങ്ങൾ നമുക്കു കാണാം.

 

ജൂലായ് 19 ബാങ്ക് ദേശസാല്‍ക്കരണത്തിന്‍റെ അൻപതാം വാര്‍ഷികമായിരുന്നു. 1969 ല്‍ ഇന്ദിരാഗാന്ധി 14 ബാങ്കുകളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരുവാന്‍ നിയമം പാസ്സാക്കിയതിനു മുന്‍പ് ഒരു ബാങ്കുമാത്രമാണ് പൊതുമേഖലയില്‍ ഉണ്ടായിരുന്നത് (SBI ). ബാങ്ക് വായ്പയില്‍ 98%വും ഉടമകളുടെ നിയന്ത്രണത്തില്‍ തന്നെ കറങ്ങി തിരിയുവാന്‍ ഇടയുണ്ടാക്കിയിരുന്നു. കര്‍ഷകര്‍ സ്വകാര്യ ഹുണ്ടികക്കാരുടെ പലിശയില്‍ കുരുങ്ങി ജീവിച്ചു. മോറാര്‍ജിദേശായിയും ഗ്രൂപ്പും RSS നേതൃത്വവും ബാങ്കു ദേശസാൽക്കരണത്തെ എതിര്‍ത്തു വന്നു.

 

ഒന്നാം ഘട്ട ദേശസാല്‍ക്കരണം 85% ബാങ്ക് ഇടപാടുകളെയും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി. രണ്ടാം ഘട്ട ദേശസാല്‍ക്കരണത്തില്‍ (1980) 6 ബാങ്കുകള്‍ കൂടി സര്‍ക്കാരിന്‍റെ ഉടമസ്ഥതയില്‍ ആയതോടെ 91% ബാങ്കിംഗ് രംഗവും പൊതു മേഖലയിലായി. ലോക സാമ്പത്തിക മാന്ദ്യം നിരവധി അന്തര്‍ദേശിയ ബാങ്കുകള്‍ തകരുവാനും നിക്ഷേപങ്ങള്‍ നഷ്ടപെടുവാനും ഇടയുണ്ടാക്കി .2008ൽ ഇന്ത്യൻ ബാങ്കുകള്‍ തകരാതെയിരുന്നതും സര്‍ക്കാര്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ പെടാതെ പിടച്ചു നിന്നതും ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് ദേശിയബാങ്കുകള്‍ക്ക് മുന്‍ഗണന ഉണ്ടായിരുന്നതു കൊണ്ടുമാത്രമാണ്.

 


പൊതു സ്വത്തുക്കള്‍ സ്വകാര്യ വ്യക്തികളിലെക്ക് കൈമാറലാണ് LPG യിലൂടെ നടക്കുന്നത് . സബ്സിഡികള്‍ ഒഴിവാക്കണം. വിദ്യാഭ്യാസം,ആരോഗ്യം മുതലായ അവകാശങ്ങള്‍ പോലും അംഗീകരിക്കുവാന്‍ തയ്യാറല്ല എന്ന് സർക്കാർ പറയുന്നു കര്‍ഷകര്‍ മുതല്‍ കച്ചവക്കാര്‍ വരെ പ്രതിസന്ധിയില്‍ എത്തി നില്‍ക്കുന്ന ഇന്ത്യയില്‍, സ്വകാര്യ സ്ഥാപനങ്ങളുടെ താല്‍പര്യങ്ങള്‍ക്കായി ബാങ്കിംഗ് രംഗത്ത് ചില കമ്മീഷനുകളെ സര്‍ക്കാര്‍ നിയമിച്ചു. കമ്മീഷനുകള്‍ ഇന്ത്യന്‍ ബാങ്കിംഗ് രംഗത്ത് നിലനിന്ന സാധാരണക്കാരോടുള്ള നിലപാടുകൾ ഒഴിവക്കണം എന്ന് ചൂണ്ടിക്കാട്ടി. വന്‍ കിടക്കാരോട് ഉദാര സമീപനം , ചെറു വായ്പകള്‍ നിരുത്സാഹപെടുത്തൽ എന്നായിരുന്നു ഒന്നും രണ്ടും നരസിംഹം കമ്മീഷനുകൾ ലക്ഷ്യം വെച്ചത്.

 

ബാങ്കുകളുടെ ലോണുകള്‍ തിരിച്ചു പിടിക്കുവാന്‍ വേണ്ടി ഉണ്ടാക്കിയ 1993 സംവിധാനമാണ് Debt recovery tribunal (DRT). കടങ്ങള്‍ തിരിച്ചു പിടിക്കുന്നതില്‍ DRT കാര്യക്ഷമമല്ല എന്ന 2002 ലെ അടൽ ബിഹാരി വാജ്പേയ് സർക്കാർ നിലപാട് സെക്യൂരിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസ്സെറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റീസ് ഇന്ററസ്റ്റ്  ആക്ട് നിയമം (SARFAESI) നടപ്പില്‍ കൊണ്ടുവരുവാൻ കാരണമാക്കി. മുന്‍ നിയമത്തില്‍ 10 ലക്ഷത്തിനു മുകളില്‍ ഉള്ള കടം തിരിച്ചു പിടിക്കുവാനേ നിഷ്കര്‍ഷിച്ചിട്ടുള്ളൂ .പുതിയ നിയമത്തില്‍ ഒരു ലക്ഷത്തിനു മുകളിലുള്ള വായ്പകള്‍ പോലും തിരിച്ചു പിടിക്കാം. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ ധനകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് ജപ്തി നടപടികൾ നടത്താനുള്ള അധികാരം ഉണ്ടായിരിക്കും . 90 ദിവസം തുടർച്ചയായി തിരിച്ചടവ് മുടക്കുകയും വീണ്ടും 12 മാസത്തോളം പോകുകയും ചെയ്താൽ ഈടു നൽകിയ ആസ്തി നോൺ പെർഫോമിങ് അസറ്റായി മാറുന്നു. നിയനടപടികളിലേക്ക് ബാങ്കിന് പോകാം. ഇതിനായി, അടുത്ത അറുപത് ദിവസത്തിനകം വായ്പ തിരിച്ചടയ്ക്കണമെന്ന നോട്ടീസ് വായ്പയെടുത്തയാൾക്ക് നൽകണം. കടക്കാരനിൽ നിന്ന് സംഖ്യ ജപ്തി മുഖാന്തിരം ഈടാക്കാനായില്ലെങ്കിൽ ജാമ്യം നിന്നവരുടെ സ്ഥാവര ജംഗമങ്ങൾ ജപ്തി ചെയ്യാനും ബാങ്കിന് അധികാരമുണ്ടായിരിക്കും. 17 മാസം കാത്തു നിൽക്കാതെ സ്വത്തുക്കൾ തട്ടി എടുക്കുന്ന സംഭവങ്ങൾ ഇവിടെ ആവർത്തിക്കുകയാണ്.

 

സര്‍ഫസി നിയമത്തിന്റെ ഭാഗമായ ആസ്തി തിരിച്ചു പിടിക്കല്‍ സമിതി (Asset Reconstruction company) King fisher എന്ന BJP MP വിജയ്‌ മല്യയുടെ സ്ഥാപനം എടുത്ത 7000 കോടി രൂപ തിരിച്ചു പിടിക്കുവാന്‍ പരാജയപെട്ടു. എന്നാൽ 2 ലക്ഷം രൂപ വായ്പക്കു ജാമ്യം നിന്ന സാധാരണ വീട്ടമ്മയില്‍ നിന്നും 2.78 കോടി രൂപയുടെ ആസ്തി ഏറ്റെടുക്കുവാൻ വിജയിച്ചു.

 

ബാങ്ക് വായ്പ തിരിച്ചടക്കുവാന്‍ ഉള്ള കമ്പനികളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത് റിലയന്‍സാണ് . 1.25 ലക്ഷം കോടി രൂപ ബാങ്കുകള്‍ക്ക് നല്‍കുവാനുണ്ട്. അതേ മുകേഷ് അംബാനി നിയന്ത്രിക്കുന്ന സ്ഥാപനം ബാങ്കുകളുടെ വായ്പ തിരിച്ചു പിടിക്കുവാന്‍ യോഗ്യത നേടി കേരളത്തിലെ വിദ്യാഭ്യസ വായ്പകള്‍ തിരിച്ചെടുക്കുവാന്‍ (153 കോടി) രംഗത്തുണ്ട് . അവർക്ക് വായ്പയുടെ 55% തുക സ്വന്തമാക്കാം.

 

ഗൗതം അദാനിയുടെ ബാധ്യത 96000 കോടി. ജിണ്ടാല്‍ 45000 കോടി. Jeeypee ഗ്രൂപ്പ് 75000 കോടി.മൊത്തം കിട്ടാക്കടം 8 ലക്ഷം കോടി കഴിഞ്ഞു. വിജയ്‌ മല്യ 9500 കോടി കൊടുക്കാതെ മുങ്ങി.10000 കോടികൾ എടുത്തു മുങ്ങിയവർ നിരവധി.സർഫസി നിയമങ്ങൾ അവർക്കു ബാധകമല്ല.

 

Tata യുടെ നാനോ കാര്‍ നിര്‍മ്മാണ യൂണിറ്റിന്റെ സര്‍ക്കാര്‍ വായ്പ്പ പലിശ 0.1%. ഒരു ലക്ഷം രൂപക്ക് പ്രതിമാസ പലിശ 8 രൂപ.മുദ്ര എന്ന തൊഴില്‍ രഹിതരുടെ ആശാ കേന്ദ്രത്തിന് ഈടാക്കുന്ന പലിശ ലക്ഷത്തിന് മാസം 1000 മുതല്‍ 1200 രൂപവരെ (120 മുതൽ 150 ഇരട്ടി).നാനോ കാറിനായി 645.67 acres വസ്തുവിന് 5 വര്‍ഷത്തേക്ക് പ്രതിവര്‍ഷ വാടക 20 ലക്ഷം രൂപ. (ഏക്കറിന് മാസം 2.5 രൂപ.)അടുത്ത 30 വര്‍ഷം ഓരോ അഞ്ചു വര്‍ഷവും 65 പൈസ്സവെച്ച് കൂടും.31 വര്‍ഷം മുതല്‍ 5 കോടി രൂപയും അവസാനം 90 വര്‍ഷം അവസാനിക്കുമ്പോള്‍ വാടക 20 കോടി രൂപയാകും.Tata 2900 കോടി രൂപ മുടക്കി സര്‍ക്കാര്‍ 9750 കോടി രൂപ കൊടുത്ത് സഹായിച്ചു . 2.5 ലക്ഷം കാറുകള്‍ മുതല്‍ 3.5 ലക്ഷം വരെ കാറുകള്‍ ഉണ്ടാക്കും എന്ന് പറഞ്ഞ കമ്പനി പത്തിലൊന്ന് പോലും നിര്‍മ്മിക്കുവാന്‍ കഴിയാതെ അടച്ചു പൂട്ടലിന്‍റെ വക്കത്തെത്തി നില്‍ക്കുന്നു.

 

2 ലക്ഷം രൂപക്കു ജാമ്യം നിന്ന പ്രീതാ ഷാജിയുടെ 2.78 കോടി രൂപയുടെ ആസ്തി HDFC പിടിച്ചെടുത്തു. വയനാട്ടിലെ കർഷകർ സർഫസിയുടെ കുരുക്കിലേക്ക് നീങ്ങുകയാണ്.ശത കോടീശ്വരന്മാരുടെ തട്ടിപ്പിനായി ബാങ്കുകൾ ഒരുങ്ങി നിൽക്കുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment