കുടിവെള്ളം മുട്ടിക്കുന്നത് നശീകരണ പ്രവർത്തനമാണ് ; നെൽവയൽ നീർത്തട സംരക്ഷണ കൺവൻഷൻ ആഗസ്റ്റ് 12 ന്




തൃശൂർ : നെൽവയൽ നീർത്തട സംരക്ഷണ നിയമം  അട്ടിമറിച്ചതിനെതിരെ നെൽവയൽ നീർത്തട സംരക്ഷണ കൺവൻഷൻ . നിയമത്തിന്റെ 2018 ലെ ഭേദഗതി എടുത്തു കളയുക എന്നാവശ്യപ്പെട്ടാണ് വിവിധ പരിസ്ഥിതി സംഘടനകളുടെ ആഭിമുഖ്യത്തിൽ കൺവൻഷൻ സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 12 ന് തൃശൂർ കോസ്റ്റ് ഫോർഡ് ഹാളിലാണ് കൺവൻഷൻ. 2008 ലെ നിയമത്തിൽ ഉണ്ടായിരുന്ന പല വ്യവസ്ഥകളും എടുത്ത് മാറ്റി നെൽവയലുകളും തണ്ണീർത്തടങ്ങളും യഥേഷ്ടം നികത്താനുള്ള മൗനാനുവാദം നൽകുന്നതാണ് പുതിയ ഭേദഗതിയെന്ന് പരക്കെ വിമർശനം ഉയർന്നെങ്കിലും സർക്കാർ ഭേദഗതി നീക്കവുമായി മുന്നോട്ട് പോകുകയായിരുന്നു. 

 


നൂറുമേനി വിളയുന്ന നെൽപാടങ്ങൾ പെട്രോളിനും ടോൾ പാതക്കും വേണ്ടി നികത്തിയെടുത്ത് നമ്മുടെ അന്നംമുട്ടിക്കുന്നത് , കുടിവെള്ളം മുട്ടിക്കുന്നത് നശീകരണ പ്രവർത്തനമാണ്. നാളെയെപ്പറ്റി കരുതലുള്ള നാം ഇത്തരം ദുഷ്പ്രവണതകളെ ഒന്നിച്ച് എതിർക്കേണ്ടതുണ്ടെന്ന് എൻ.എ.പി.എം സംസ്ഥാന കൺവീനർ പ്രൊഫസർ കുസുമം ജോസഫ് പറയുന്നു. 2008 ലെ നെൽവയൽ നീർത്തട നിയമത്തിൽ പൊതു ആവശ്യത്തിന് നെൽവയൽ ഉപയോഗിക്കുമ്പോൾ പകരം കരഭൂമി ലഭ്യമല്ല എന്നും അങ്ങനെ തരം മാറ്റുന്നത് പ്രദേശത്തിന്റെ പാരിസ്ഥിതിക വ്യവസ്ഥയെ ബാധിക്കില്ല എന്നും ഉറപ്പുവരുത്തണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഇത് ബോധ്യപ്പെട്ടാലല്ലാതെ യാതൊരു ഒഴിവാക്കലും സർക്കാർ അനുവദിക്കാൻ പാടുള്ളതല്ല എന്ന് കർശന നിർദ്ദേശമുണ്ടായിരുന്നു.2018ൽ നിയമം ഭേദഗതി ചെയ്തപ്പോൾ ഈ രണ്ടു വ്യവസ്ഥകളും നീക്കം ചെയ്തു.

 

വയലിന്റെ ഉടമസ്ഥന് വീടുവെക്കാനല്ലാതെ മറ്റൊന്നിനും നെൽവയൽ നികത്താൻ അനുവാദമില്ലാതിരുന്നിടത്ത് ഭേദഗതി പ്രകാരം ഉടമസ്ഥനിൽ നിന്ന് കൃഷി ചെയ്യാനായി ഏറ്റെടുക്കുന്ന ഏജൻസിക്ക് സ്ഥിര നിർമ്മാണം നടത്താവുന്നതാണ്. വീടില്ലാത്തവർക്ക് വീടുവെക്കുന്ന കാര്യത്തിൽ 2008 ലെ നിയമത്തിൽ ഒരു മാറ്റവും ഭേദഗതിയിൽ വരുത്തിയിട്ടില്ല. പക്ഷെ ഭേദഗതി വീടില്ലാത്തവരുടെ വീട് നിർമ്മാണത്തിനാണ് എന്ന് വ്യാജ പ്രചരണം നടക്കുന്നു. നെൽവയലുകൾ , നെൽക്കൃഷി ചെയ്യുന്ന ഇടങ്ങളായി നിലനിർത്തി ഭക്ഷ്യ സുരക്ഷയും ജല സുരക്ഷയും തൊഴിൽ സുരക്ഷയും ഉറപ്പു വരുത്തേണ്ടതുണ്ടെന്നും അതിനായി നെൽവയൽ നീർത്തട സംരക്ഷണ നിയമ ഭേദഗതി അടിയന്തിരമായി റദ്ദാക്കണമെന്നും കുസുമം ജോസഫ് ആവശ്യപ്പെട്ടു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment