പ്ലാസ്റ്റിക്കിന്റെ ലോകത്തേയ്ക്ക് സൊലു ബാഗ് എത്തുന്നു




പ്ലാസ്റ്റിക് ക്യാരിബാഗുപോലെ ഉപയോഗിക്കാം ,കാഴ്ച്ചയിലും പ്ലാസ്റ്റിക് കിറ്റുതന്നെ. പക്ഷേ പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പരിസ്ഥിതികപ്രശ്നങ്ങൾ തീരെയില്ല .ചിലിയിലെ രണ്ടു ഗവേഷകരാണ് അഞ്ചുമിനിറ്റുകൊണ്ട് വെള്ളത്തിൽ ലയിക്കുന്ന സൊലു ബാഗ് വികസിപ്പിച്ചെടുത്തിരിക്കുന്നത് .പ്ലാസ്റ്റിക്കിന് ബദൽ കണ്ടെത്തുന്നതിനായി നടന്നു വരുന്ന ഗവേഷണങ്ങളിൽ ഏറ്റവും പ്രായോഗികവും ചെലവുകുറഞ്ഞതുമായ ഒന്നായിരിക്കും സൊലു ബാഗ് .ഇതിന്റെ നിർമാണച്ചെലവ് പ്ളാസ്റ്റിക്കിനു തുല്യമാണ് .
അലിഞ്ഞുചേരുന്ന വെള്ളത്തെ മലിനമാക്കുകയോ അതുമൂലം മറ്റു ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയോ ചെയ്യുകയില്ലെന്നു നിർമാതാക്കൾ അവകാശപ്പെടുന്നു .പ്ലാസ്റ്റിക് മലിനീകരണം ഭഷ്യ ശൃഖലയിൽ ഉണ്ടാക്കുന്നതുപോലുള്ള പ്രശനങ്ങൾ ഉണ്ടാവുകയില്ല.

റോബർട്ടോ അസ്റ്റേറ്റ്, ക്രിസ്ത്യൻ ഒലിവാറസ് എന്നീ ഗവേഷകരാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നിൽ. ബയോ ഡീഗ്രേഡബിളായ ഡിറ്റർജന്റുകൾ കണ്ടെത്താനായി നടത്തിയ ഗവേഷണത്തിനിടെയാണ് വെള്ളത്തിൽ അലിയുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഫോർമുല കണ്ടെത്താനായത്. സാധാരണ പ്ലാസ്റ്റിക് ബാഗുകൾ ക്രൂഡ് ഓയിലിന്റെ ഉപോല്പന്നമായ പൊളി എത്തിലീനാണ് ഉപയോഗിക്കുന്നത്. ഈ രാസവസ്തുവാണ് പ്ലാസ്റ്റിക്കിനെ മണ്ണിൽ അലിഞ്ഞുചേരാതെ നിർത്തുന്ന വില്ലൻ. എന്നാൽ പോളിവിനൈൽ ആൽക്കഹോൾ എന്ന പോളിമറാണ് സോലു ബാഗിന്റെ അടിസ്ഥാനം. ഈ പോളിമറിൽ രാസപരീക്ഷണങ്ങൾ നടത്തിയാണ് പുതിയ ഫോർമുല വികസിപ്പിച്ചത്. 

 

പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത രീതിയിൽ, ചുണ്ണാമ്പുകല്ലിൽ നിന്നാണ് ഞങ്ങളുടെ ഉൽപ്പന്നം നിർമ്മിക്കുന്നത്. സോലു ബാഗിന്റെ ജനറൽ ഡയറക്ടറായ റോബർട്ടോ അസ്റ്റേറ്റ് പറയുന്നു. ഈ ഒക്ടോബറോടെ ചിലിയിൽ സോലു ബാഗിന്റെ വില്പന ആരംഭിക്കാനാകുമെന്നാണ് കമ്പനി കരുതുന്നത്.  പുതിയ ബാഗിനെ പരിചയപ്പെടുത്താനായി വിളിച്ച പത്രസമ്മേളനത്തിൽ വെച്ച് റോബർട്ടോ അസ്റ്റേറ്റും , ക്രിസ്ത്യൻ ഒലിവാറസും സോലു ബാഗ് വെള്ളത്തിൽ ഇട്ട് അലിയിക്കുകയും ആ വെള്ളം കുടിക്കുകയും ചെയ്തു. ചൂട് വെള്ളത്തിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന പുനരുപയോഗിക്കാവുന്ന കാൻവാസ്‌ ബാഗുകളും കമ്പനി അവതരിപ്പിച്ചു. ഈ ബാഗ് വെള്ളത്തിൽ അലിഞ്ഞു ചേർന്നാൽ കാർബൺ മാത്രമാണ് വെള്ളത്തിൽ അവശേഷിക്കുകയെന്നും ഇത് ഒരു തരത്തിലും ദോഷകരമല്ലെന്നും അവർ അവകാശപ്പെട്ടു. 

 

മറ്റു പ്ലാസ്റ്റിക്കുകൾ 500 വർഷം വരെ നശിക്കാതെ കിടക്കുമ്പോൾ, ഞങ്ങളുടെ ബാഗുകൾ അഞ്ച് മിനിറ്റിൽ നശിക്കുന്നു. അത് മാത്രമല്ല, എപ്പോൾ ബാഗ് നശിപ്പിക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാനാവും, ഇനി മുതൽ നിങ്ങളുടെ സോസ് പാനോ, വാഷിംഗ് മെഷീനോ ഒക്കെ  പ്ലാസ്റ്റിക് റീ സൈക്കിളിങ് യന്ത്രമായി മാറുമെന്നും ഗവേഷകർ പറഞ്ഞു. 

 


2014 ൽ പ്ലാസ്റ്റിക്കിന്റെ ഉൽപ്പാദനം 311 ദശലക്ഷം ടൺ ആയിരുന്നു 2050ൽ 1 .2 കോടി ടൺ ആയി ഇത് വർദ്ധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. 2009 ൽ കെവിൻ കുമല എന്ന ഇൻഡോനേഷ്യൻ ഗവേഷകനും വിഘടിക്കുന്ന പ്ലാസ്റ്റിക് കണ്ടെത്തിയിരുന്നു. സ്വന്തം നാടായ ബാലിയിലെ ബീച്ചുകൾ പ്ലാസ്റ്റിക്ക് മാലിന്യത്താൽ നിറഞ്ഞ കാഴ്ചയാണ് ബദൽ അന്വേഷണത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. പുതിയ കണ്ടെത്തൽ പ്ലാസ്റ്റിക്കിന് ബദലാവുക മാത്രമല്ല, ഫോസിൽ ഇന്ധനങ്ങൾ വഴി അന്തരീക്ഷത്തിലേക്ക് എത്തുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവിലും കുറവ് വരുത്തുമെന്നാണ് കരുതപ്പെടുന്നത്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment