തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റിലേക്ക് വേദാന്തക്ക് പ്രവേശനം അനുവദിച്ച് ഹരിത ട്രിബ്യുണൽ




തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റിൽ വേദാന്തക്ക് ഉപാധികളോടെ പ്രവേശനം അനുവദിച്ച് ഹരിത ട്രിബുണൽ. 13 പേർ കൊല്ലപ്പെട്ട വെടിവെപ്പിനെ തുടർന്ന് തമിഴ്നാട് സർക്കാർ പ്ലാന്റ് അടച്ചുപൂട്ടിയ നടപടിയെ ചോദ്യം ചെയ്ത് വേദാന്ത കമ്പനി സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്. പ്ലാന്റിനുള്ളിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഒരു തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും നടത്താൻ പാടില്ലെന്നും വിധിയുണ്ട്. കേസ് വീണ്ടും കേൾക്കുന്നത് ആഗസ്റ്റ് 20 ലേക്ക് മാറ്റി. സർക്കാർ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് വാദിച്ചായിരുന്നു വേദാന്ത കോടതിയെ സമീപിച്ചത്. വേദാന്തയുടെ കേസ് കേൾക്കാൻ ഹരിത ട്രിബ്യുണലിന് അധികാരമില്ലെന്ന തമിഴ്നാട് സർക്കാർ വാദം കോടതി തള്ളി. പ്ലാന്റ് കൊണ്ട് ഉണ്ടായ മലിനീകരണം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡിന് 10 ദിവസത്തെ സമയം അനുവദിച്ചു. 

 

വേദാന്തയുടെ  ചെമ്പ് ശുദ്ധീകരണശാല ഗുരുതരമായ വായു, ജല മലിനീകരണം ഉണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ സമരം ചെയ്തു വരികയായിരുന്നു. ഈ സമരത്തിൽ പങ്കെടുത്ത 13 പേരെ മേയ്  22 ന് പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയതിനെ തുടർന്നാണ് കമ്പനി അടച്ച് പൂട്ടാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. ഇതിനെതിരെ കോടതിയെ സമീപിച്ചപ്പോൾ കമ്പനിയിലെ  ആസിഡ് ടാങ്കിൽ ഗുരുതര ചോർച്ച ഉണ്ടെന്നും ഇത്  പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുമെന്നും വേദാന്ത കോടതിയെ അറിയിച്ചിരുന്നു. പ്ലാന്റ് വീണ്ടും തുറക്കാൻ അനുവദിക്കണമെന്ന്  വേദാന്ത കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു. 
 

വെടിവെപ്പിന് ശേഷവും പോലീസ് സമരത്തിൽ പങ്കെടുത്തവരെ വേട്ടയാടുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. സമരത്തിൽ പങ്കെടുത്ത 254 പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു വർഷം  വരെ വിചാരണ കൂടാതെ കസ്റ്റഡിയിൽ വെക്കാവുന്ന ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് പലരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്നൈപ്പർ തോക്കുകൾ ഉപയോഗിച്ച് സമരക്കാരെ തെരഞ്ഞു പിടിച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു എന്ന ആരോപണവും ശക്തമാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment