വായു മലിനീകരണത്തിലൂടെ ഇന്ത്യയിൽ പ്രതി വർഷം മരിക്കുന്നത് 17 ലക്ഷം ആളുകൾ




രാജ്യത്ത് വായു മലിനീകരണത്തിലൂടെ പ്രതി വർഷം 17 ലക്ഷം ആളുകൾ മരിക്കുന്നുണ്ട്. മൊത്തം മരണത്തിന് 17.5 % വായു മലിനീകരണത്താൽ സംഭവിക്കുകയാണ് എന്നാണ് ഐ.സി.എം.ആർ പറയുന്നത്.


സാമ്പത്തിക രംഗത്ത് വായു മലിനീകരണം വലിയ തരത്തിലുള്ള തിരിച്ചടികൾ വരുത്തിവെക്കുകയാണ്. ദേശീയ ജിഡിപിയുടെ 1.4% വരുന്ന 2.6 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഇതുവഴി പ്രതി വർഷം സംഭവിക്കുന്നത്. വായു മലിനീകരണത്താൽ ഏറ്റവുമധികം നഷ്ടം ഉണ്ടായത് ഡൽഹിക്കും അതു  കഴിഞ്ഞാൽ ഹരിയാനക്കുമാണ്. പൊതുവെ ഉയർന്ന ജിഡിപി വരുമാനമുള്ള സംസ്ഥാനങ്ങളിൽ വായു മലിനീകരണത്തിലൂടെയുള്ള നഷ്ടം അധികമാണെന്നു കാണാം.


ഉത്തർപ്രദേശിൽ വായു മലിനീകരണത്തിലൂടെയുള്ള നഷ്ടം 2.3% വും ബീഹാറിന് 1.9% വും വരും. മധ്യപ്രദേശിലും രാജസ്ഥാനിലും 1.7% വെച്ചാണ്. ഇന്ത്യയിലെ മലിനീകരണത്തിന്റെ 65 % വാഹനങ്ങൾ മൂലം ഉണ്ടാകുന്നതാണ്. ഇതിൽ പകുതിയിലധികവും ഇരുചക്ര വാഹനങ്ങൾ മൂലവുമാണ്. വായു മലിനീകരണത്താൽ കുപ്രസിദ്ധി നേടിയ ലോകത്തെ 20 നഗരങ്ങളിൽ 14 ഉം ഇന്ത്യയിൽ നിന്നാണ് എന്ന വാർത്ത നമ്മുടെ ഭരണ സംവിധാനത്തിനെ മാറി ചിന്തിപ്പിക്കുവാൻ സഹായിച്ചിട്ടില്ല. പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ സൂചികയെ അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പിൽ ഇന്ത്യയുടെ സ്ഥാനം 180 ൽ 177 ആണ്. 


ഇന്ത്യയേക്കാൾ മോശമായിട്ടുള്ള മൂന്നു രാജ്യങ്ങളിൽ നേപ്പാൾ, ബംഗ്ലാദേശ് എന്നിവർ  ഇടം നേടിയിരുന്നു. പിന്നെയുള്ളത്ത് നൈഗറും മറ്റൊരു ആഫ്രിക്കൻ രാജ്യവും. 2016ൽ രാജ്യത്തിന്റെ സ്ഥാനം 141 ആയിരുന്നു. Global Environmental Performance Index ൽ ഒന്നാം സ്ഥാനത്ത് സ്വിറ്റ്സർലണ്ട്. ശ്രീലങ്ക മെച്ചപ്പെട്ട പരിസ്ഥിതി സുരക്ഷാ സൂചിക പ്രകടിപ്പിക്കുന്നു. 


മലിനീകരണം കൊണ്ട് മാത്രം ഇന്ത്യയിലെ ജനങ്ങളുടെ ആയുസ് 5.2 വർഷം വരെ കുറയുമത്രേ. മലിനീകരണത്തിൻെറ കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ള ബംഗ്ലാദേശിൽ ഇത് 6.2 വർഷമാണ്. 1988ന് ശേഷം ഇന്ത്യയിലെ വായു മലിനീകരണം 42 % വർധിച്ചതായും യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ നടത്തിയ പഠനത്തിൽ കണ്ടെത്തി.
 

ആഗോളതലത്തിൽ നാലു വാതകങ്ങളാണ് വായു മലിനീകരണത്തിന് കാരണമായ മാലിന്യങ്ങളായി കണക്കാക്കിയിരിക്കുന്നത്. അന്തരീക്ഷ മലിനീകരണത്തിന്റെ 90 % ഉത്തരവാദികളായ ഇവയെ പ്രാഥമിക മലിനീകാരികൾ (Primary Pollutants) എന്നു പറയുന്നു. ഇവ അന്തരീക്ഷത്തിലുള്ള മറ്റു രാസ വസ്തുക്കളുമായി സൂര്യ പ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ സംയോജിച്ചു ദ്വിതീയ മലിനീകാരികൾ (Secondary pollutants) ഉണ്ടാകുന്നു.


സൾഫർ ഡൈഓക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ,കാർബൺ ഓക്സൈ ഡുകൾ,ഹൈഡ്രോ കാർബണുകൾ എന്നിവയും ചാരവും പൊടിയും ആണ് പ്രാഥമിക മാലിന്യങ്ങൾ.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment