കടൽജീവികളിലെ കാൻസർ: കടലിൽ 25000 വീപ്പകൾ നിറയെ രാസമാലിന്യം




അമേരിക്കയുടെ കിഴക്കൻ സമുദ്രമേഖലയിൽ നിന്ന് കണ്ടെത്തിയ വൻ ഡിഡിടി നിക്ഷേപം ഏറെ ആശങ്കയുയളവാക്കുന്നതാണ്. 25000 വീപ്പകൾ ഡിഡിടി നിക്ഷേപമാണ് മേഖലയിൽ നിന്ന് കണ്ടെത്തിയത്. ഇത് സൃഷ്ടിക്കുന്ന ഗുരുതര പ്രത്യാഘാതങ്ങൾ ഏറെ വലുതാണ്. ഡൈക്ലോറോ ഡൈഫിനൈൽ ട്രൈക്ലോറോഈഥേൻ എന്ന ഡിഡിടി കീടനാശിനിയാക്കിയപ്പോൾ ഉണ്ടായ ആരോഗ്യ, പരിസ്ഥിതി പ്രശനങ്ങൾ മുൻപേ ചർച്ചയായതാണ്. എന്നാൽ അതെ ഡിഡിടി ഇപ്പോൾ കടലിൽ നിന്ന് ലഭിച്ചപ്പോൾ അത് ഇത്രയും കാലം ഉണ്ടാക്കിയ ഗുരുതര അവസ്ഥ എന്താകും.

 


കലിഫോർണിയയ്ക്ക് സമീപമായാണ് കലിഫോർണിയയിലെ സ്ക്രിപ്പ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ ശാസ്ത്രജ്ഞരാണു 25000 വീപ്പകൾ നിറയെ ഡിഡിടി 3000 അടി താഴ്ചയിൽ നിക്ഷേപിച്ചിരിക്കുന്നത് കണ്ടെത്തിയത്. 2011ൽ ഡേവിഡ് വാലന്റീൻ എന്നൊരു ശാസ്ത്രജ്ഞൻ ഇവിടെ 12 വീപ്പകളിൽ ഡിഡിടി കണ്ടെത്തിയിരുന്നു. എന്നാൽ രാസമാലിന്യ നിക്ഷേപം ഇത്രയുമധികമുള്ള കാര്യം ആർക്കും അറിയില്ലായിരുന്നു. അത്കൊണ്ട് തന്നെ ഇപ്പോഴത്തെ കണ്ടെത്തൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. പാലോസ് വെർഡസ് പെനിൻസുലയ്ക്കും കാറ്റലീന ഐലൻഡിനും ഇടയ്ക്കുള്ള മേഖലയിൽ മാർച്ച് 10–24 വരെയുള്ള തീയതികളിലാണു തിരച്ചിൽ നടന്നത്. 


മേഖലയിൽ ഡിഡിടിയുടെ സാന്നിധ്യം നേരത്തെ തന്നെ തെളിഞ്ഞിരുന്നു. ഇവിടത്തെ ജലജീവികളിൽ ഇതിന്റെ സാന്നിധ്യം പ്രകടമായി ഉണ്ടായിരുന്നു. ഈ മേഖലയിലെ കടൽസിംഹങ്ങളിലും ഡോൾഫിനുകളിലും  കാൻസർ ഉടലെടുക്കുന്നതിനു കാരണവും ഡിഡിടി മൂലമാണെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തിറങ്ങിയിരുന്നു. കടൽസിംഹങ്ങളുടെ മൊത്തം ജനസംഖ്യയിൽ 25 ശതമാനത്തിനും കാൻസറാണ്. മേഖലയിലെ മത്സ്യ സമ്പത്തിനും ഡിഡിടി വലിയ നാശനഷ്ടം വരുത്തിയിരുന്നു.  

 


ഇതിന്റെ ഉറവിടം തേടിയുള്ള അന്വേഷണമാണു വൻ ഡിഡിടി നിക്ഷേപം കണ്ടെത്തുന്നതിലേക്കു നയിച്ചത്. രണ്ടാം ലോകയുദ്ധം മുതലുള്ള രാസമാലിന്യം ഇവിടെയുണ്ടെന്നു ശാസ്ത്രജ്ഞർ പറയുന്നു. സോണാർ സാങ്കേതികവിദ്യയുള്ള ജലാന്തര ഡ്രോണുകളായ റൂംബ ഉപയോഗിച്ചാണ് കണ്ടെത്തൽ നടത്തിയത്. 


ഡിഡിറ്റിക്ക്  പുറമേ, ഒരു ലക്ഷത്തോളം മറ്റ് മനുഷ്യനിർമിത വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. 1930 മുതൽ 1972 വരെയുള്ള കാലയളവിൽ ഇവിടം കമ്പനികൾ തങ്ങളുടെ രാസവസ്തുക്കളും മറ്റ് അവശിഷ്ടങ്ങളും തള്ളാനുള്ള സ്ഥലമായി ഉപയോഗിച്ചെന്നാണു കരുതപ്പെടുന്നത്.ഈ കമ്പനികളിലൊന്നായ മോണ്ട്രോസ് കെമിക്കൽ കോർപറേഷൻ ഡിഡിടിയുടെ വൻകിട ഉത്പാദകരാണ്. ഇവരാണ് ഇവിടെ ഡിഡിടി തള്ളിയിട്ടുണ്ടാവുക എന്നാണ് പരക്കെ ഉയരുന്ന ആരോപണം. കൂടുതൽ കണ്ടെത്തലുകൾ വരുന്നതോടെ ഇതിന്റെ സത്യാവസ്ഥ പുറത്തുവരും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment