ക്രഷർ മാലിന്യം ഒഴുക്കി അഞ്ചേക്കർ കൃഷിഭൂമി നശിപ്പിച്ചു : നടപടി ആവശ്യപ്പെട്ട് കൃഷിവകുപ്പ് റിപ്പോർട്ട്




മലപ്പുറം വാഴയൂരിൽ കൃഷിഭൂമിയിലേക്ക്  ക്രഷർ മാലിന്യം ഒഴുക്കിയത് പ്രദേശത്തെ കൃഷിയെ വീണ്ടെടുക്കാനാവാത്ത വിധം നശിപ്പിച്ചെന്ന് കൃഷിവകുപ്പ് റിപ്പോർട്ട്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് കൃഷി ഓഫീസർ സ്ഥലം സന്ദർശിച്ച ശേഷമാണ് ആർ.ഡി.ഒയ്ക്ക് റിപ്പോർട്ട് നൽകിയത്. ക്രഷർ മാലിന്യം ഒഴുക്കി ഏക്കർ കണക്കിന് കൃഷിഭൂമി നശിപ്പിക്കുന്ന വാർത്ത ഗ്രീൻ റിപ്പോർട്ടർ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. വാഴയൂരിൽ തെച്ചിക്കോട്ട് മലയിൽ പ്രവർത്തിക്കുന്ന ക്രഷർ എം സാൻഡ് യൂണിറ്റ് കൂന കൂട്ടിയിട്ടിരുന്ന ആയിരക്കണക്കിന് ക്യൂബിക് മീറ്റർ മണ്ണും പാറപ്പൊടിയും കനത്ത മഴയിൽ താഴേക്ക് ഒഴുക്കിയതാണ് ഏക്കറു കണക്കിന് സ്ഥലത്തെ കൃഷി നശിപ്പിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. അഞ്ചേക്കറോളം പ്രദേശത്തെ കൃഷിയെ സാരമായി ഇത് ബാധിച്ചിട്ടുണ്ടെന്നും ഇവിടെ ഇനി കൃഷി ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്നും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. 

 


കൃഷി നശിപ്പിച്ചതിന് പുറമേ ക്രഷർ മാലിന്യം കിണറുകളിലേക്ക് ഊർന്നിറങ്ങിയത് മൂലം പ്രദേശവാസികൾക്ക്  ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഛർദ്ദിയും അതുപോലുള്ള ആരോഗ്യപ്രശ്നങ്ങളും ബാധിച്ച് സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ചികിത്സ തേടിയത്.മലയുടെ താഴെയുള്ള പ്രദേശങ്ങളിലെ കൃഷിഭൂമിയിൽ മുഴുവൻ ക്രഷറിൽ നിന്നുള്ള പാറപ്പൊടി കലർന്ന മലിനജലം കെട്ടി നിന്ന് കോൺക്രീറ്റ് പോലെ ആയിരിക്കുകയാണ്. യാതൊരു നിയന്ത്രണവുമില്ലാതെ പാറ പൊട്ടിക്കുന്നതിലൂടെ ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതങ്ങൾക്കും, മലിനീകരണത്തിനും പുറമെയാണ് ക്രഷറിൽ നിന്നുള്ള മാലിന്യം കൂടി കൃഷിഭൂമിയിലേക്ക് ഒഴുക്കി വിട്ട് അവശേഷിക്കുന്ന കൃഷി കൂടി ക്വാറി മാഫിയ അവതാളത്തിലാക്കുന്നത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment