പൊന്തൻപുഴ വനഭൂമി കുടുംബസ്വത്ത് ;അവകാശം സ്ഥാപിക്കാനെത്തിയ വയലാർ ശരത്ചന്ദ്ര വർമ്മയെ സമരസമിതി തടഞ്ഞു




പത്തനംതിട്ട : പൊന്തൻപുഴയിലെ വനഭൂമിയിൽ അവകാശം സ്ഥാപിക്കാനും വില്ലേജ് ഓഫീസിൽ നിന്ന് രേഖകൾ കൈക്കലാക്കാനുമായി  എത്തിയ പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മയെ പൊന്തൻപുഴ വന സംരക്ഷണ സമരസമിതി തടഞ്ഞു. ഇന്ന് രാവിലെ പെരുമ്പെട്ടി വില്ലേജോഫീസിൽ എത്തിയ ശരത്ചന്ദ്രവർമ്മ, സഹോദരീഭർത്താവ് കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട അഞ്ചംഗ സംഘത്തെ  വില്ലേജോഫീസിന് മുന്നിൽ വെച്ച് സമരസമിതി പ്രവർത്തകർ തടയുകയായിരുന്നു. വില്ലേജോഫീസിലെത്തി തങ്ങൾക്ക് അവകാശമുണ്ടെന്ന് പറയുന്ന അഞ്ഞൂറ് ഏക്കർ വനഭൂമിയുടെ രേഖകൾ കൈവശപ്പെടുത്താനായിരുന്നു സംഘത്തിന്റെ നീക്കം. ഈ നീക്കമാണ് സമരസമിതി തടഞ്ഞത്. ഉന്നത പോലീസ് അധികാരികളും കളക്ടറും സ്ഥലത്തെത്തണമെന്നും സമരസമിതി നിലപാടെടുത്തു. 

തുടർന്ന് വില്ലേജോഫീസിന് മുന്നിലുള്ള സമരപ്പന്തലിൽ സമാധാനപരമായി കാര്യങ്ങൾ വിശദീകരിച്ച് കൊണ്ടിരിക്കെ പോലീസ് സമരപ്പന്തലിലേക്ക് അതിക്രമിച്ച് കയറുകയും സമരക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്‌തെന്ന് സമരസമിതി കൺവീനർ സന്തോഷ് പെരുമ്പെട്ടി ആരോപിച്ചു. പോലീസ് ശരത്ചന്ദ്രവർമ്മ ഉൾപ്പെടെയുള്ളവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയെങ്കിലും സംഘത്തിൽ പെട്ട കൃഷ്ണകുമാറിനെ സമരപ്പന്തലിൽ തടഞ്ഞുവെക്കുകയും ചെയ്തു. തുടർന്ന് ആർ.ഡി.ഒ യുമായി പതിനേഴാം തീയതി ചർച്ചയ്ക്ക് ക്ഷണിച്ചതിനെ തുടർന്ന് സമരസമിതി പ്രവർത്തകർ പ്രകടനമായി പോലീസ് സ്റ്റേഷനിലെത്തി ഇദ്ദേഹത്തെ കൈമാറുകയായിരുന്നു. 

നെയ്തല്ലൂർ കോവിലകത്തെ ബന്ധുക്കളായ തങ്ങൾ വനഭൂമിയെന്ന് അറിയാതെയാണ് എത്തിയതെന്നും അഞ്ഞൂറ് ഏക്കർ ഭൂമി ഉണ്ടെന്ന് അറിഞ്ഞു രേഖകൾ പരിശോധിക്കാൻ വന്നതാണെന്നുമാണ് ശരത്ചന്ദ്രവർമ്മയുടെ നിലപാടെന്ന് സമരസമിതി പ്രവർത്തകർ പറഞ്ഞു. എന്നാൽ ഇത് വിശ്വസനീയമല്ലെന്നാണ് സമരസമിതി നിലപാട്. എഴുമറ്റൂർ കോവിലകവും വനഭൂമിയുടെ അവകാശം നേടിയെടുത്തവരും ചേർന്ന് സമരത്തെ തകർക്കാൻ നിരന്തരം ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും സമരപ്പന്തലിനും സമരസമിതി പ്രവർത്തകർക്കും നേരെ നിരന്തരം ആക്രമണം ഉണ്ടാവുന്നുണ്ടെന്നും സമരസമിതി പ്രവർത്തകർ അറിയിച്ചു. ആരൊക്കെ വന്നാലും ഒരില പോലും ഈ വനഭൂമിയിൽ നിന്ന് എടുത്തുമാറ്റാൻ ആരെയും അനുവദിക്കില്ലെന്നും, സർക്കാർ അടിയന്തിരമായി നിയമനിർമ്മാണം നടത്തി വനഭൂമി തിരിച്ച് പിടിക്കണമെന്നുമാണ് തങ്ങളുടെ ആവശ്യമെന്ന് സമരസമിതി പ്രവർത്തകൻ ജെയിംസ് കണ്ണിമല പറഞ്ഞു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment