പ്രകടന പത്രികയും പ്രകടനവും; ഇടതു സർക്കാർ കേരളത്തിന്റെ പരിസ്ഥിതിയോട് ചെയ്യുന്നത്




ഇടതു സർക്കാരിന്റെ പരിസ്ഥിതി പ്രോഗ്രസ്സ് റിപ്പോർട്ട്  - വാഗ്ദാനങ്ങളുടെ നേരും നുണയും

കേരളത്തിന്റെ പരിസ്ഥിതി സംരക്ഷിക്കാൻ ഏറ്റവും പുരോഗമനപരമായ നയങ്ങൾപ്രകടനപത്രികയിലൂടെ  മുന്നോട്ട് വെച്ച് കൊണ്ടാണ്  ഇടതുപക്ഷ സർക്കാർ അധികാരത്തിലേറിയത്. ഖനനങ്ങൾ പൊതു ഉടമസ്ഥതയിലാക്കുമെന്നും, നെൽവയൽ നീർത്തട സംരക്ഷണ നിയമം കാര്യക്ഷമമായി നടപ്പിലാക്കുമെന്നും പശ്ചിമഘട്ടത്തെ സംരക്ഷിക്കാൻ പദ്ധതികൾ തയ്യാറാക്കുമെന്നും തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടനപത്രികയിൽ മുന്നോട്ട് വെച്ചത്. ഇടതുപക്ഷ സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ പുറത്തിറക്കിയ പ്രോഗ്രസ്സ് റിപ്പോർട്ട് ഇക്കാര്യങ്ങളിൽ സ്വീകരിച്ച നടപടികളും വ്യക്തമാക്കുന്നു. സർക്കാർ വാഗ്ദാനങ്ങളുടെയും പ്രോഗ്രസ്സ് റിപ്പോർട്ടിലെ അവകാശവാദങ്ങളുടെയും യഥാർത്ഥ അവസ്ഥയെന്തെന്നും ഈ സർക്കാർ പരിസ്ഥിതി രംഗത്ത് നടത്തിയ അട്ടിമറികൾ എന്തെന്നും പരിശോധിക്കുകയാണ് ഇവിടെ.

 

സർക്കാർ അധികാരമേറ്റ് ആറുമാസത്തിനകം പരിസ്ഥിതിയുടെ ഇന്നത്തെ അവസ്ഥയെപ്പറ്റി ധവള പത്രം ഇറക്കും. മുൻ സർക്കാരിന്റെ പരിസ്ഥിതിവിരുദ്ധവും ജനവിരുദ്ധവുമായ എല്ലാ ഉത്തരവുകളും പുനഃപരിശോധിക്കും.  ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിലെ പരിസ്ഥിതി വിഭാഗത്തിലെ ആദ്യ വാഗ്ദാനം.

 

പരിസ്ഥിതി ധവളപത്രം മേയ് 23 ന് പുറത്തിറക്കിയതായി സർക്കാർ പറയുന്നു. 6 മാസത്തിനകം ധവളപത്രം എന്ന പ്രകടനപത്രികാ ഉറപ്പ് എന്തുകൊണ്ട് 24  മാസമായി വൈകി ? പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം ധവളപത്രത്തിൽ പറയുന്ന കാര്യങ്ങൾ ഗൗരവതരമാണ്.മഴ വെള്ളത്തിന്റെ 60% മാത്രമെ ലഭ്യമായിട്ടുള്ളു. 80 % വെള്ളവും ഉപയോഗ്യമല്ല. തണ്ണീർതടങ്ങളും നെൽവയലുകളും ചുരുങ്ങുന്നു.

 

മുൻസർക്കാറിന്റെ കാലത്തെ പരിസ്ഥിതിവിരുദ്ധവും ജനവിരുദ്ധവുമായ എല്ലാ ഉത്തരവുകളും മന്ത്രിസഭ പുനഃപരിശോധിച്ചു. ചില ഉത്തരവുകൾ റദ്ദാക്കി. മറ്റുചിലത് ഭേദഗതി വരുത്തി എന്ന് സർക്കാർ പ്രോഗ്രസ്സ് റിപ്പോർട്ടിൽ അവകാശപ്പെടുന്നു. മുൻ സർക്കാർ പുറത്തിറക്കിയ പരിസ്ഥിതി വിരുദ്ധമായ (ജന വിരുദ്ധമായ) ഏതൊക്കെ ഉത്തരവുകൾ ഇടതുപക്ഷ സർക്കാർ പുന പരിശോധിച്ചു ?റദ്ദാക്കിയവ ഏതൊക്കെ  ?   ഭേദഗതികൾ എന്തൊക്കെയായിരുന്നു?

 

നെൽവയൽ നീർത്തട സംരക്ഷണ നിയമത്തെ അട്ടിമറിച്ച ഐക്യമുന്നണി തീരുമാനം ഇടതുപക്ഷം തിരുത്തി.ശേഷം മറ്റൊരു ഉത്തരവിലൂടെ നെൽവയലുകൾ നികത്തുന്നതിൽ ഇടപെടുവാനുള്ള പ്രാദേശിക സർക്കാർ അവകാശങ്ങൾ റദ്ദുചെയ്തു . സർക്കാരിന് നെൽവയൽ തണ്ണീർ തട സംരക്ഷണം ബാധകമല്ലാതെയാക്കി. ഇടതുപക്ഷം വിപ്ലവകരം എന്നു പറഞ്ഞു വന്ന നിയമത്തെ അവർ തന്നെ 10 വർഷത്തിനകം തള്ളിക്കളഞ്ഞു.

പ്രാദേശിക സർക്കാർ  അവകാശങ്ങളിൽ കൈകടത്തുന്ന അധികാര കേന്ദ്രീകരണ നിലപാട് ഇടതുപക്ഷവും പ്രകടിപ്പിച്ചു. ആർക്കു വേണ്ടിയാണ് ഈ ഉത്തരവ് ?

 

സംസ്ഥാന നെൽവയൽ-നീർത്തടസംരക്ഷണ നിയമം അനുശാസിക്കുന്ന പ്രകാരം ഉപഗ്രഹഭൂപടത്തിന്റെ സഹായത്തോടെ ഡേറ്റാ ബാങ്കുകൾ ആറുമാസത്തിനകം പ്രസിദ്ധീകരിക്കുകയും ജനകീയപരിശോധനയ്ക്കുശേഷം ഒരു വർഷത്തിനുള്ളിൽ അന്തിമരൂപം നല്കുകയും ചെയ്യും.ഇതിനാവശ്യമായ അധിക ഉദ്യോഗസ്ഥരെ നിയമിക്കും. ഇതാണ് അടുത്ത പ്രകടനപത്രികാ വാഗ്ദാനം. ഡേറ്റാ ബാങ്കുകൾ 6 മാസത്തിനകം ഉണ്ടാക്കും എന്ന പ്രഖ്യാപനം വൈകിച്ചതിലൂടെ  കുറഞ്ഞത് 25000 ഹെക്ടർ നെൽവയലുകൾ നഷ്ടപ്പെട്ടു.

 

നെൽവയൽ സംരക്ഷണനിയമം, കേരള ഭൂവിനിയോഗ ഓർഡർ എന്നിവയിൽ വെള്ളം ചേർക്കാനുള്ള യു.ഡി.എഫിന്റെ നടപടികൾ ഉപേക്ഷിക്കും.നിയമവിരുദ്ധ നിലംനികത്തലുകൾക്കുനേരെ കർശന നടപടിയെടുക്കും. ഭൂപരിധിനിയമം ബിനാമി ഇടപാടുകളിലൂടെ ലംഘിക്കുന്നതിനു തടയിടും. പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. 2008-ലെ നെൽവയൽ-തണ്ണീർത്തടനിയമത്തിൽ വെള്ളം ചേർക്കാൻ യുഡിഎഫ് കൊണ്ടുവന്ന 3 എ എന്ന വകുപ്പ് ഭേദഗതിയിലൂടെ എടുത്തുകളഞ്ഞു. ഇക്കാര്യത്തിൽ പുതിയ നിയമനിർമ്മാണം പരിഗണനയിലാണെന്ന് പ്രോഗ്രസ്സ് റിപ്പോർട്ടിൽ പറയുന്നു.

 

2008 ലെ നെൽവയൽ തണ്ണീർതട നിയമത്തിലെ പോരായ്മകൾ പരിഗണിക്കാതെ അതിനെ നിരായുധമാക്കി.നിയമത്തിൽ നടത്തിയ വെള്ളം ചേർക്കലുകൾ പുനഃപരിശോധിക്കും എന്ന് പറഞ്ഞ സർക്കാർ തന്നെ നെൽവയൽ നീർത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്ത് സർക്കാരിന് നിയമം ബാധകമല്ലാതാക്കി. ചുരുക്കത്തിൽ  നിയമവിരുദ്ധ നിലം നികത്തലിന് ഇടതുപക്ഷ മുന്നണി സർക്കാരിനെ തന്നെ ചുമതലപ്പെടുത്തി.

ഇടതുപക്ഷ മന്ത്രിസഭയിലെ അംഗം തന്നെ നെൽവയൽ സംരക്ഷണ നിയമത്തെ കാറ്റിൽ പറത്തിയതിനെ ന്യായീകരിക്കുവാൻ സർക്കാർ മടിച്ചില്ല.ഇടതുപക്ഷ MLA തന്നെ 200 ഏക്കർ ഭൂമി സ്വന്തമായി വെച്ചിരിക്കുന്നതിൽ ഇടതുഭരണം നിയമ ലംഘനത്തെ കണ്ടില്ല എന്നു നടിക്കുന്നു.പശ്ചിമഘട്ടത്തിന്റെ നിർണ്ണായക പ്രാധാന്യമുളള കുറുഞ്ഞി താഴ് വരയിലെ ഇടതുപക്ഷ MP യുടെയും ഐക്യമുന്നണി MP യുടെയും ആക്ഷേപങ്ങൾ ഉയർന്ന ഭൂമി വിഷയത്തിൽ സർക്കാർ പ്രകൃതി സംരക്ഷണ വിരുദ്ധ നിലപാട് എടുത്തു വരുന്നു.

 

കേരളത്തിന്റെ പരിസ്ഥിതിസംരക്ഷണത്തിൽ പശ്ചിമഘട്ടത്തിന്റെ പ്രാധാന്യവും ഉൾക്കൊണ്ടുകൊണ്ട്  പ്രാദേശിക ജനവിഭാഗങ്ങളുടെയും കർഷകരുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് പശ്ചിമഘട്ടസംരക്ഷണപദ്ധതിക്കു രൂപം നല്കും. എന്നായിരുന്നു അടുത്ത വാഗ്ദാനം. പശ്ചിമഘട്ടമേഖലയിലെ ഏറ്റവും പ്രധാന പരിസ്ഥിതിമേഖലയായ ഇടുക്കി ജില്ലയിലെ യൂക്കാലി പ്റ്റസ് ഗ്രാന്റിസ് മരങ്ങൾ വേരോടെ പിഴുതു മാറ്റാനും അവിടെപരിസ്ഥിതിസൗഹൃദമായ വൃക്ഷങ്ങൾ, പ്രാദേശികജനവിഭാഗങ്ങളുടെയും കർഷകരുടെയും പങ്കാളിത്തം ഉറപ്പാക്കി, വച്ചുപിടിപ്പിച്ച് പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിസംരക്ഷണത്തിനു തുടക്കം കുറിക്കാൻ ഉതകുന്ന സുപ്രധാനതീരുമാനം എടുത്തിട്ടുണ്ട് എന്ന് രണ്ടാം വർഷ പ്രോഗ്രസ്സ് റിപ്പോർട്ട്.

 

പശ്ചിമഘട്ടത്തിന്റെ സംരക്ഷണ യജ്ഞത്തിൽ ആദിവാസികളുടെ പേർ പരാമർശിക്കാതെ ,പ്രാദേശിക ജനവിഭാഗത്തിന്റെ,കർഷകരുടെ നേതൃത്വത്തിൽ  പരിപാടികൾ എന്നതുകൊണ്ട് ഇടതുപക്ഷ സർക്കാർ ഉദ്ദേശിക്കുന്നത് പശ്ചിമഘട്ടം കൈയ്യേറ്റക്കാർക്ക്  മാത്രമുള്ളത് എന്നാണ്.പശ്ചിമ ഘട്ട സംരക്ഷണ പദ്ധതികൾക്ക്  എന്നു മുതൽ രൂപം നൽകും ? പശ്ചിമഘട്ട സംരക്ഷണത്തെ അട്ടിമറിക്കുവാൻ മാത്രം സഹായിക്കുന്ന കസ്തൂരി രംഗൻ റിപ്പാേർട്ടിനെ പോലും അംഗീകരിക്കാത്ത സർക്കാർ, നിവേദിതാ ഹരൻ റിപ്പാർട്ടിനെയും രാജമാണിക്യം റിപ്പോർട്ടിനെയും പല തവണ തള്ളിപ്പറഞ്ഞ സർക്കാർ ഇടുക്കി, വയനാട് ജില്ലകളിലെ വൻകിട കൈയ്യേറ്റത്തെ സഹായിക്കുവാൻ അർഹതപ്പെട്ട കുടിയേറ്റക്കാരുടെ പേരുകൾ ദുരുപയോഗം ചെയ്യുന്നു.

 

പശ്ചിമഘട്ടത്തിന്റെ ഭാഗമായ 10 ലക്ഷത്തിലധികം ഹെക്ടർ തോട്ട ഭൂമി അളന്നു തിട്ടപ്പെടുത്താതെ വൻകിട തോട്ടമുടകളെ സർക്കാർ സംരക്ഷിച്ചു വരുന്നു. ഹാരിസൺ കേസ്സിൽ സർക്കാർ ഏറ്റുവാങ്ങിയ തിരിച്ചടിയും പൊന്തൻ പുഴ വനഭൂമി സ്വകാര്യ വ്യക്തികൾക്കു നൽകുവാൻ അവസരം ഉണ്ടാക്കിയതും വനസംരക്ഷണ യജ്ഞങ്ങളെ അട്ടിമറിക്കുവാൻ ആയിരുന്നു.

 

ശാസ്ത്രസാങ്കേതികവിദ്യകൾ മലിനീകരണം ഒഴിവാക്കാൻ ഉപയോഗപ്പെടുത്തുന്ന തരത്തിലുള്ള നടപടികൾ സ്വീകരിക്കുമെന്നും  പ്രകടനപത്രികയിൽ വാഗ്‌ദാനം ചെയ്തു. വ്യവസായസ്ഥാപനങ്ങളിൽ മലിനീകരണനിയന്ത്രണം ഉറപ്പുവരുത്തും. വിവിധ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള 90,563 പ്രോജക്ടുകൾക്ക് വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ രൂപം നല്കിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളെ ഇക്കാര്യത്തിൽ സ്വയംപര്യാപ്തമാക്കുകയാണ് ലക്ഷ്യം. പ്രോഗ്രസ്സ് റിപ്പോർട്ടിൽ പറയുന്നു.  എന്നാൽ യാഥാർഥ്യമെന്താണ്?

 

ഇന്ത്യയിൽ ഏറ്റവും കുറവ് തോതിൽ മലിന ജലം ശുദ്ധീകരിക്കാത്ത സംസ്ഥാനം കേരളമാണ്.  6% മലിന ജലം മാത്രമെ ശുദ്ധീകരിക്കപ്പെടുന്നുള്ളു.ദേശീയ ശരാശരി 36%. നീറ്റാ ജലാറ്റിൻ ഫാക്ടറി നടത്തുന്ന ചാലക്കുടി പുഴ മലിനീകരണം തുടരുന്നതിൽ സർക്കാർ നിശബ്ദത തുടരുന്നു.പെരിയാറിനെ വിഷലിപ്തമാക്കുന്നതിൽ മുന്നിൽ നിൽക്കുന്ന കമ്പനികളെ സർക്കാർ പ്രാത്സാഹിപ്പിക്കുന്നു. ഏകജാലക സംവിധാനം, വ്യവസായ പാർക്ക്, SEZ മുതലായ ഇളവുകളിലൂടെ പഞ്ചായത്ത് അധികാരങ്ങൾ ഇല്ലാതെയാകുന്ന അവസരത്തിൽ പഞ്ചായത്തുകളെ മലിനീകരണ നിയന്ത്രണം ഏൽപ്പിക്കൽ അർത്ഥശൂന്യമാണ്.

 

സുല്‍ത്താന്‍ബത്തേരിയില്‍ ഖരമാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം ലഭ്യമാക്കുന്ന പ്ലാന്റ് നിര്‍‌മ്മാണം ഈ വര്‍ഷം പൂര്‍‌ത്തിയാക്കും. ബ്രഹ്മപുരം പ്ലാന്റ് 2019 മുതൽ മാലിന്യസംസ്കരണപ്രവര്‍ത്തനം ആരംഭിക്കും. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍, കൊല്ലം, തിരുവനന്തപുരം നഗരങ്ങളിൽ വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മാലിന്യസംസ്കരണ പ്ലാന്റുകൾ  സ്ഥാപിക്കാനുള്ള നടപടികൾ എടുത്തുവരുന്നു. ആലപ്പുഴ ഉറവിടമാലിന്യസംസ്കരണപദ്ധതിക്ക്യു .എന്‍.ഡി.പി.യുടെ പ്രത്യേകപരാമര്‍ശം ആലപ്പുഴ  വാടക്കനാലും കൊമേഴ്സ്യൽ കനാലും മാലിന്യം നീക്കി വൃത്തിയാക്കി ഗതാഗതയോഗ്യമാക്കുന്നതിന് ടെൻഡർ ചെയ്തു.പാര്‍‌വ്വതിപുത്തനാർ വൃത്തിയാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.സർക്കാർ പ്രോഗ്രസ്സ് റിപ്പോർട്ടിൽ അവകാശപ്പെടുന്നു.

 

മാലിന്യങ്ങളെ അതാതു കേന്ദ്രങ്ങളിൽ വെച്ച് രൂപമാറ്റം വരുത്തുന്ന പദ്ധതികൾ വ്യാപകമാക്കുവാൻ സർക്കാർ തയ്യാറാണോ എന്നു വ്യക്തമല്ല.ആശുപത്രി മാലിന്യ സംസ്കരണം  കഞ്ചിക്കോട് മാതൃകയിൽ എന്ന് പറയുന്ന സർക്കാർ സമീപനം തെറ്റായ ദിശാ സൂചികയാണ്. നദികളെ വൃത്തിയാക്കൽ,നദികളുടെ വൃഷ്ടി പ്രദേശത്തിന്റെ സംരക്ഷണത്തിലൂടെ  തുടങ്ങേണ്ട പദ്ധതിയാണ്. പാർവ്വതി പുത്തനാർ, ആമ  ഇഴഞ്ചാൻ  തോട് ഇവ വൃത്തിയാകണമെങ്കിൽ കരമനയാർ വൃത്തിയായി ഒഴുകണം.20 മുതൽ 40 മീറ്റർ കരയിൽ നിന്നും കൈയ്യേറ്റവും രാസവളം പ്രയോഗിച്ചുള്ള കൃഷിയും അവസാനിപ്പിക്കണം. നഗരത്തിലെ മഴവെള്ളം പെയ്തിറങ്ങുവാൻ അവസരം ഉണ്ടാകണം. കൃത്രിമ ഒഴുക്ക് കൊച്ചാറിലും പാർവ്വതി പുത്തനാറിലും ഉണ്ടാക്കണം.  എല്ലാത്തിനും ഉപരി അഗസ്ത്യർ മലയും മറ്റു മലനിരകളും സംരക്ഷിക്കണം ഇതിനുള്ള സമഗ്ര പദ്ധതികൾ പ്രഖ്യാപിക്കാത്ത സർക്കാർ എങ്ങനെയാണ് പാർവ്വതി പുത്തനാർ സംരക്ഷിക്കുക.(മറ്റു ജല സ്രോതസ്സുകളും).


കാടിനെ സംരക്ഷിക്കുവാൻ സമീപനമില്ലാത്ത, ക്വാറികളെ കെട്ടഴിച്ചുവിടുന്ന സർക്കാർ, ചതുപ്പുകളെയും നെൽവയലിനെയും മാനിക്കാത്ത നയങ്ങൾക്ക് എങ്ങനെയാണ് പുഴകൾ സംരക്ഷിക്കുവാൻ കഴിയുക ?


മലിനീകരണ നിയന്ത്രണബോര്‍‌ഡിൽ പ്രൊഫഷണലിസം കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു എന്ന് സർക്കാർ അവകാശപ്പെടുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ തലപ്പത്ത് അഴിമതിക്കാരനെ തന്നെ ഇരുത്തി കൊണ്ട് സർക്കാർ ഏതുതരം പൊളിച്ചെഴുതാണ് നടത്തുക ?

 

ശാസ്ത്രീയമായ പഠനത്തിന്റെയും സാമൂഹികനിയന്ത്രണത്തിന്റെയും അടിസ്ഥാനത്തിലേ പാറ, മണൽ ഖനനം നടത്താൻ അനുമതി നല്കുകയുള്ളൂ. നദീതടമണലിന്റെ അമിതമായ ചൂഷണം ഒഴിവാക്കാൻ ശേഷി പഠനവും നിയന്ത്രണവും കൊണ്ടുവരും. ഇടതുപക്ഷ മുന്നണി പരിസ്ഥിതി രംഗത്ത് നൽകിയ സുപ്രധാനമായ ഒരു വാഗ്ദാനമായിരുന്നു ഇത്. പാരിസ്ഥിതികപ്രശ്നങ്ങളുടെ പരിഹാരത്തോടൊപ്പം നിർമ്മാണമേഖലയിൽ നിലനില്ക്കുന്ന പ്രതിസന്ധികൂടി കണക്കിലെടുത്താണ് ഇക്കാര്യം പരിശോധിച്ചത്. ജീവനോപാധിക്കായി ഇത്തരം പ്രവൃത്തികകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ പ്രശ്നങ്ങളും പരിശോധിച്ചു.പാറഖനനത്തിന് അനുമതി നല്കുന്നതിൽ നിലനിന്ന അഴിമതി തടയുന്നതിനും നിർമ്മാണാവശ്യങ്ങൾക്കും അടിസ്ഥാന സൗകര്യവികസനത്തിനും ആവശ്യമായ പാറ ലഭിക്കാൻ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ഖനനാനുമതി നല്കുന്ന ചുമതല കളക്ടർമാർക്ക് നല്കിയെന്ന് പ്രോഗ്രസ്സ് റിപ്പോർട്ടിൽ സർക്കാർ അവകാശപ്പെടുന്നു.

 

പ്രകടനപത്രികയിൽ സംസ്ഥാനത്തു തുടരുന്ന  ഖനനത്തെ പറ്റി , 6 മാസത്തിനുള്ളിൽ പഠനം നടത്തി, നിയമവിരുദ്ധമായവ നിർത്തുകയും പൊതു ഉടമസ്ഥതയിൽ കൊണ്ടുവരുമെന്നും സർക്കാർ ഉറപ്പു നൽകി. എന്നാൽ, നിയമവിരുദ്ധ ക്വാറികൾ നിയന്ത്രണമില്ലാതെ പ്രവർത്തിക്കുന്നു. നിയമവിരുദ്ധ ക്വാറികളിൽ അപകടം ഉണ്ടായിട്ടും സർക്കാർ നിയമ ലംഘകർക്കൊപ്പം പ്രകൃതി ചൂഷകരെ സംരക്ഷിക്കുന്നു.

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നു എന്നവകാശപ്പെടുന്ന സംസ്ഥാന സർക്കാർ തോട്ടം മുതലാളിമാരെ എന്ന പോലെ ക്വാറി മുതലാളിമാർക്ക് അവിശ്വസനീയ ലാഭം ഉണ്ടാക്കുവാൻ അവസരം ഒരുക്കുകയാണ്.

സംസ്ഥാനത്തെ പ്രകൃതി വിഭവങ്ങളുടെ കൊള്ള അവിശ്വസനീയമാണ്.


ഒരു ടൺ പാറക്ക് സർക്കാരിന് നൽകേണ്ട വിഹിതം 74 രൂപ. വിലയോ 1000 രൂപക്കടുത്ത്. Compounding രീതിയാണെങ്കിൽ 100 ടq. Hector ഭൂമിയിൽ 10 മീറ്റർ ആഴത്തിലെ ഖനനത്തിൽ നിന്ന് സർക്കാർ റേറ്റിൽ (74 രൂപ) 6 കോടി രൂപ റോയൽറ്റി നൽകണം. CRP ലൈസൻസാണെങ്കിൽ  1.4 കോടി നൽകിയാൽ മതി. അവയുടെ മാർക്കറ്റ് വില 800 കോടിയിലധികവും.


കേരളത്തിന്റെ ഖനിജങ്ങൾ പൊതുഉടമസ്ഥതയിലാക്കുകയും ഖനനത്തിനു ശക്തമായ സാമൂഹിക നിയന്ത്രണസംവിധാനം കൊണ്ടുവരികയും ചെയ്യും എന്നതായിരുന്നു  എൽ.ഡി.എഫ് നൽകിയ ഏറ്റവും സുപ്രധാനമായ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാൽ ക്വാറി മാഫിയക്ക് കൊള്ളലാഭമുണ്ടാക്കാൻ അനുകൂലമായ നടപടികളാണ് ഈ സർക്കാർ അധികാരമേറ്റത് മുതൽ സ്വീകരിക്കുന്നത്. ക്വാറികളിൽ നിന്ന് വീടുകളിലേക്കുള്ള ദൂരം നൂറു മീറ്ററിൽ നിന്ന് 50 മീറ്ററാക്കി കുറയ്ക്കുകയാണ് സർക്കാർ ആദ്യം ചെയ്തത്. കനത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്ന തരത്തിൽ ക്വാറികൾക്ക് ഇളവുകൾ  സംസ്ഥാന സർക്കാർ നൽകി. പാരിസ്ഥിതിക അനുമതിക്കുള്ള അപേക്ഷാ ഫീസും ഗണ്യമായി കുറച്ചു. ക്വാറികൾക്ക് പാരിസ്ഥിതിക അനുമതിക്കായുള്ള അപേക്ഷകൾ 60 ദിവസത്തിനകം തീർപ്പാക്കണം. ഒരു ഹെക്റ്റർ വരെയുള്ള സ്ഥലങ്ങൾ  75000 രൂപയായിരുന്ന അപേക്ഷാ ഫീസ് 25 സെന്റിന് 5000 രൂപ എന്നാക്കി കുറച്ചു.പെര്‍മിറ്റ് കാലാവധി അഞ്ചു വര്‍ഷമാക്കി ഉയര്‍ത്തി. ഇതാണോ ഖനനം പൊതുമേഖലയിലാക്കൽ?

 

കേരളം നേരിടുന്ന ഒരു പ്രധാന പ്രശ്നനമായ ജലമലിനീകരണം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കും. എന്നതാണ് മറ്റൊരു വാഗ്ദാനം. 29,062 കിണറുകൾ റീചാര്‍‌ജ്ജ് ചെയ്തു. 15,000 കിണറുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.  4,976 കുളങ്ങൾ നിർമ്മിച്ചു.11,009 എണ്ണം നവീകരിച്ചു എന്ന് പ്രോഗ്രസ്സ് റിപ്പോർട്ടും പറയുന്നു.

 

കേരളത്തിലെ നദികളും ജല ശ്രാേതസ്സുകളും വ്യവസായ മാലിന്യത്താൽ, രാസവളത്താൽ, വിസർജ്യത്താൽ വിഷലിപ്തമാണ്. വ്യവസായ മാലിന്യത്താൽ കുപ്രസിദ്ധി നേടിയ പെരിയാറിനെയോ ചാലക്കുടിപ്പുഴയേയോ പരാമർശിക്കാത്തത് എന്തുകൊണ്ടാണ് ? കുട്ടനാടിന് വിവിധ അസുഖങ്ങൾ സമ്മാനിക്കുന്ന നദികളിലൂടെ എത്തുന്ന രാസവള ഘടകങ്ങൾ, കീടനാശിനി, കളനാശിനി പ്രശ്നങ്ങളെ മറന്നു കൊണ്ടുള്ള ജലമലിനീകരണ നിയന്ത്രണ ശ്രമം പാഴ്വാക്കുകൾ മാത്രമാണ്. കേരളത്തിലെ കായലുകളുടെ 80 % വ്യാപ്തിയും കുറഞ്ഞു കഴിഞ്ഞു. 40 മീറ്റർ ബഫർ സോണുകളിലെ കൈയ്യേറ്റം  ഒഴിപ്പിക്കൽ, അമ്ല ഗുണമായി തീർന്ന വെളളത്തിന്റെ pH 7 ലേക്ക് ഉയർത്തൽ ഒന്നും പദ്ധതിയിൽ ഉൾപ്പെടുത്താതെ എങ്ങനെ  സംരക്ഷിക്കും ?

 

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലുംനീർത്തടങ്ങളുടെ (കുളങ്ങൾ, ടാങ്ക്, കനാൽ, അരുവി,പുഴ) പട്ടിക തയ്യാറാക്കും. ഇതിന്റെ വ്യാപ്തി, ആഴം, ജൈവവൈവിദ്ധ്യം എന്നിവ പ്രതിപാദിക്കും. ഇങ്ങനെ സൂക്ഷിക്കുന്ന തണ്ണീർത്തടപ്പട്ടിക അതതു പഞ്ചായത്തിൽ സൂക്ഷിക്കും. അവയുടെ പരിപാലനത്തരവാദിത്വം പഞ്ചായത്തുകളിൽ നിക്ഷിപ്തമായിരിക്കും. എന്നും പ്രകടനപത്രിക വാഗ്‌ദാനം ചെയ്തു. സംസ്ഥാനത്തെ പകുതിയോളം തദ്ദേശസ്ഥാപനങ്ങൾനീർത്തടവിവരശേഖരണം പൂർത്തിതയാക്കി. 116 തദ്ദേശസ്ഥാപനങ്ങൾ നീതർത്തടമാപ്പ് തയ്യാറാക്കി.  ഈ നീർത്തടമാപ്പിന്റെ അടിസ്ഥാനത്തിൽ നീർത്തട മാസ്റ്റർപ്ലാനും തയ്യാറായിട്ടുണ്ട്.  വടക്കന്‍ കേരളത്തിലെ കുളങ്ങൾ, ടാങ്കുകൾ, കനാലുകൾ എന്നിവയുടെ വിവരശേഖരണം പൂര്‍ത്തി‌യാക്കി. പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു.

പഞ്ചായത്തുകൾക്ക് പ്രകൃതി വിഭവങ്ങളിലുള്ള അധികാരം എടുത്തുകളയുന്ന സർക്കാർ അവരെ സംരക്ഷകരാക്കി മാറ്റും എന്നു പറയുന്നതിലെ ഇരട്ടത്താപ്പ് പരിസ്ഥിതി സംരക്ഷണത്തിൽ നിന്നും സംസ്ഥാന സർക്കാർ ഒഴിഞ്ഞു മാറാൻ ആഗ്രഹിക്കുന്നു എന്നതിന് തെളിവാണ്.

 

ഉൽപ്പാദന വർദ്ധന ലക്ഷ്യമാക്കിക്കൊണ്ടുള്ള ഒരു സമഗ്ര തീരദേശ മൽസ്യബന്ധന നയം കൊണ്ടുവരുമെന്ന വാഗ്ദാനവും ജലരേഖയായി. അറബിക്കടലിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തെ പറ്റി, വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായ പുലിമുട്ടുനിർമ്മാണം ഉണ്ടാക്കുന്ന ദുരിതങ്ങളെ പറ്റി, കടൽ തീരം ടൂറിസ്റ്റു വ്യവസായികൾ കൈയ്യേറുന്നതിനെ നിശബ്ദമായി പിൻതുണക്കുന്ന സർക്കാർ എങ്ങനെ മത്സ്യ രംഗത്തെ പ്രതിസന്ധി പരിഹരിക്കും. ?

 

വനങ്ങൾക്ക് പുറെമ കണ്ടൽക്കാടുകൾ, കാവുകൾ, നദീതീരസ്വാഭാവികസസ്യജാലങ്ങൾ, ജലാശയങ്ങളുടെ വാഹകപ്രദേശങ്ങൾ തുടങ്ങിയവയൊക്കെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കും. പൊതുവുടമസ്ഥതയിൽ ലഭ്യമായ മറ്റ് എല്ലാ ഉചിതമായ പ്രദേശങ്ങളിലും വനവത്ക്കരണത്തിനും ഹരിതവത്ക്കരണത്തിനും തദ്ദേശ ഭരണസ്ഥാപനതലത്തിൽ പരിപാടി ആവിഷ്കരിക്കും എന്നും സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. കണ്ടൽകാടുകളുടെ വിസ്തൃതി 700 ച.km ൽ നിന്നും 17 ച.km ആയി കുറഞ്ഞ സാഹചര്യങ്ങൾ പരിഹരിക്കാതെ എങ്ങനെ അവയെ സംരക്ഷിക്കും?

 

എന്റെ മരം, നമ്മുടെ മരം പദ്ധതികളിലൂടെ സ്കൂൾ, കോളെജ് വിദ്യാർത്ഥികൾക്കു സൗജന്യമായി തൈകൾ വിതരണം ചെയ്യുന്നു. വഴിയോരതണൽപദ്ധതി, നദീതീരങ്ങളിൽ മുള നട്ടുവളർത്തുന്ന പദ്ധതി, തീരദേശവനവൽക്കരണം, കണ്ടൽത്തൈ വച്ചുപിടിപ്പിക്കൽ തുടങ്ങിയ പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. കഴിയുന്നത്ര വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു മരവൽക്കരണത്തിനുള്ള എല്ലാ സാദ്ധ്യതയും പ്രയോജനപ്പെടുത്തുന്നുണ്ട്. വൃക്ഷത്തൈകളുടെ വിതരണം, അതിജീവനം എന്നിവ ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സർക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോർട്ടിലെ മറ്റൊരു അവകാശവാദമാണിത്.


കേരളം കണ്ടു വരുന്ന ഏറ്റവും വലിയ തമാശയാണ്  വൃക്ഷത്തൈനടൽ (ജൂൺ 5 ) മാമാങ്കം. വന വകുപ്പിൽ വൻ അഴിമതി സാധ്യത മാത്രം ഉണ്ടാക്കുന്ന പദ്ധതിയുടെ കഴിഞ്ഞ 2 വർഷത്തെ സോഷ്യൽ ആഡിറ്റിംഗ് നടത്തുവാൻ തയ്യാറാകാതെ ഈ വർഷം 3 കോടി വൃക്ഷത്തൈകളെ പറ്റി സർക്കാർ പറഞ്ഞു പോകുന്നു .


കെനിയയിൽ രാഷ്ട്രീയ വിപ്ലവം ഉണ്ടാക്കിയ വൃക്ഷത്തൈ നടൽ , കേരളത്തിൽ അഴിമതിക്കും പ്രകൃതിസംരക്ഷണ പ്രഹസനത്തിനും ഇടയാക്കുന്നു.

 

പബ്ലിക് ട്രാൻസ്പോർട്ട് സംവിധാനം പ്രോത്സാഹിപ്പിക്കും. സുസ്ഥിര ഗതാഗത സംവിധാനങ്ങൾക്കു മുൻഗണന നല്കും. കെ.എസ്.ആർ.ടി.സി.യിൽ സ്കാനിയ, മിന്നൽ,  സിൽവർ ജറ്റ്, സൂപ്പർ ഡീലക്സ് എയർബസ് തുടങ്ങിയ പുഷ്ബാക്ക് സീറ്റ് സൗകര്യത്തോടുകൂടിയ ബസ്സുകൾ  ഏർപ്പെടുത്തിയിട്ടുണ്ട്.

 

പൊതുവാഹന സംവിധാനത്തെ ഒട്ടും പിൻതുണക്കാത്ത സർക്കാർ, പൊതുവാഹന സംവിധാനത്തിന്റെ പേരിൽ മെട്രാേയെ സ്വപ്ന പദ്ധതിയായി അവതരിപ്പിച്ച് ( മോണാേപദ്ധതിയും) ചെലവു കൂടിയതും നഷ്ടം വരുത്തിവെക്കുന്നതുമായ പദ്ധതികൾക്കൊപ്പമാണ്.നിർമ്മാണ ചെലവു കുറഞ്ഞതും വിദേശ സാങ്കേതികവിദ്യ ആവശ്യമില്ലാത്തതുമായ Rapid Bus Transport systemത്തോട്  സർക്കാർ വിമുഖരാണ്.

 

ചരക്കുകൾ ജല, തീവണ്ടി മാർഗ്ഗം,തെക്കു വടക്കു യാത്ര വേഗത്തിലാക്കുവാൻ സബർബൻ പോലെ ചെലവു കുറഞ്ഞതും വേഗതയുള്ളതുമായ തീവണ്ടികൾ, വില കൂടിയ സ്വകാര്യ വാഹനത്തിന് പരിസ്ഥിതി സെസ്സ്, മുന്തിയ പാർക്കിംഗ് ഫീസ്  അങ്ങനെ യാത്രകൾ പരമാവധി പൊതുവാഹനത്തിലേക്ക് മാറ്റാനുള്ള യാതൊരു നടപടിക്കും സർക്കാർ സന്നദ്ധമല്ല. മെട്രോയും മോണോയും പോലുള്ള പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന പദ്ധതികൾക്കൊപ്പം നിൽക്കുന്ന ഒരു സർക്കാർ എങ്ങനെ പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തി പരിസ്ഥിതിയെ സംരക്ഷിക്കും?

892 തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ജനപങ്കാളിത്തത്തോടെ ജൈവ വൈവിദ്ധ്യരജിസ്റ്റർ തയ്യാറാക്കിയിട്ടുണ്ട്.

എന്ന് പറയുന്ന സർക്കാർ ജൈവ വൈവിദ്ധ്യ രജിസ്ട്രേഷൻ തയ്യാറാക്കലും ( രേഖ സൂക്ഷിക്കലിനപ്പുറം) അതിനുമുകളിലുള്ള അവകാശവും പഞ്ചായത്തുകൾക്കു നൽകുവാൻ സർക്കാർ തയ്യാറാകണം. വൻകിട ഖനനത്തിൽ ടൺ ഒന്നിന് 400 രൂപയ്ക്കു സമാനമായി പഞ്ചായത്തുകൾക്ക് പരിസ്ഥിതി സെസ്സ്  ഏർപ്പെടുത്തുവാൻ  അവകാശം നൽകാത്തതെന്തുകൊണ്ടാണ് ?

എൻഡോസൾഫാൻ ദുരിതബാധിതരെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നു പറഞ്ഞ സർക്കാർ സുപ്രീം കോടതി വിധി വന്നിട്ടും (DYFI കൊടുത്ത കേസ്സ്)സർക്കാർ 5 ലക്ഷം രൂപ വീതം നൽകുവാൻ കാട്ടിയ താമസത്തെ വിമർശനാത്മകമായി കാണുവാൻ സർക്കാർ എന്തിനു മടിക്കുന്നു ?

പ്ലാച്ചിമടയിലെ ജലചൂഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന നിയമസഭ അംഗീകരിച്ച നിയമം നടപ്പിലാക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തും.

 

10 വർഷം പിന്നിട്ട നഷ്ടപരിഹാര തുകക്കായി സംസ്ഥാനസർക്കാർ കേന്ദ്രത്തിൽ നടത്തിയ സമ്മർദ്ധങ്ങൾ എന്തൊക്കെ ? കഞ്ചികോട്ടെ പേപ്സി പ്ലാന്റ് തുടരുന്നതിൽ സർക്കാർ വിമുഖത കാട്ടുന്നില്ല. നിരവധി കമ്പനികൾ ജല ചൂഷണം തുടരുന്നു.. സർക്കാർ നിശബ്ദരായിരിക്കുകയാണ്.

 

വ്യവസായ ഏകജാലക ഓർഡിനൻസിലൂടെ പത്തിലധികം നിയമങ്ങളെ അട്ടിമറിച്ച് കൊണ്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാനും ഈ സർക്കാർ ശ്രമിക്കുന്നു. ഗ്രാമസഭകൾക്കും പഞ്ചായത്ത് കമ്മിറ്റിക്കും വ്യവസായ പദ്ധതികൾക്ക് എതിരെ യാതൊന്നും ചെയ്യാൻ സാധിക്കാത്ത വണ്ണം ഒറ്റ ഓർഡിനൻസിലൂടെ സർക്കാർ മാറ്റിത്തീർത്തു.പുതിയ ഓര്‍ഡിനന്‍സിലൂടെ പഞ്ചായത്തീരാജ് നിയമം അടക്കമുള്ളവയെ അട്ടിമറിച്ചുകൊണ്ട് പ്രാദേശിക എതിര്‍പ്പുകളെ മറികടന്ന് വികലമായ വികസന പദ്ധതികള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

 

1994 ലെ കേരള പഞ്ചായത്തീരാജ് ആക്ട്, 1960 ലെ കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, കേരള ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് ആക്ട്, കേരള മുന്‍സിപ്പാലിറ്റി ആക്ട്, കേരള ഇന്‍ഡസ്ട്രിയല്‍ സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ് ഏരിയ ഡെവെലപ്‌മെന്റ് ആക്ട്, കേരള ഗ്രൗണ്ട് വാട്ടര്‍ കണ്‍ട്രോള്‍ ആന്‍ഡ് റെഗുലേഷന്‍ ആക്ട്, കേരള ലിഫ്ട് ആന്‍ഡ് എസ്‌കലേറ്റഴ്‌സ് ആക്ട് എന്നിവയാണ് ഒറ്റ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്തത്. അപേക്ഷകന്‍ ഒറ്റ അപേക്ഷ നല്‍കിയാല്‍ മുഴുവന്‍ അനുമതികളൂം ഏകജാലക സംവിധാനം വഴി ലഭിക്കും.

 

ചുരുക്കത്തിൽ വർഷാവർഷം നടത്തുന്ന മരംനടൽ മാമാങ്കങ്ങൾക്കും ഹരിതകേരള മുദ്രവാക്യം വിളികൾക്കുമപ്പുറം പരിസ്ഥിതി രംഗത്ത് നിലവിലുള്ള നിയമങ്ങളെ പോലും അട്ടിമറിച്ച് കൊണ്ട് മാഫിയകളെയും കുത്തകകളെയും സംരക്ഷിക്കുന്ന നിലപാട് തുടരുകയാണ് ഈ സർക്കാരും. വികാസനോന്മാദത്താൽ തെറ്റിദ്ധരിക്കപ്പെട്ടവരെ കബളിപ്പിക്കാനുള്ള നദി വൃത്തിയാക്കലും ടെറസ്സ് കൃഷിയും ജൂൺ അഞ്ചിന് കഴിഞ്ഞ വർഷം   നട്ട അതേ കുഴിയിൽ മരം നടലും മാത്രമായി ഈ സർക്കാരിന്റെ പ്രകൃതി സംരക്ഷണ വായ്ത്താരികൾ ഒതുങ്ങുന്നുവെന്നാണ് ഇടതു സർക്കാരിന്റെ രണ്ടു വർഷത്തെ പരിസ്ഥിതി നയങ്ങളിൽ നിന്ന് വ്യക്തമാവുന്നത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

Good anil keep it up

  • 2018-06-06

Leave your comment