കണ്ടങ്കാളിയിലെ ഹരിത കേരളം





 നാട്ടിലെ ഒരു ബ്ലേഡ് കമ്പനിയുടെ പേര് 'മഹാത്മാ ചിട്ടികൾ ' എന്നാണ്. മഹാത്മാ ചിട്ടിയെന്ന പേര് കഴിഞ്ഞാൽ കൗതുകകരമായി തോന്നിയ മറ്റൊരു പേര് സഖാക്കളുടെ ഹരിത കേരളം എന്നതാണ്.

 സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി സർക്കാരിന്റ കപട പരിസ്ഥിതി പ്രേമത്തെ വീണ്ടും ഓർത്തത് പയ്യന്നൂർ കണ്ടങ്കാളിയിലെ നിർദിഷ്ട എണ്ണ സംഭരണ കേന്ദ്രത്തിനായി 85 ഏക്കർ   നെൽവയലേറ്റെടുക്കാനുള്ള റവന്യു വകുപ്പിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ്.

ജൂൺ 5 ന് മന്ത്രിമാരും സകല തന്ത്രിമാരും പ്ലാവു നടുന്ന തിരക്കിലായിരുന്നു . ജൂൺ 6 ന്റെ പത്രത്തിൽ സർക്കാരിന്റെയും സഖാക്കളുടെയും ''മരംചുറ്റിയുള്ള  പരിസ്ഥിതിപ്രേമ'വാർത്തകളോടൊപ്പം കണ്ടങ്കാളിയിലെ  റവന്യൂ വകുപ്പിന്റെ ജനാധിപത്യ ധ്വംസനത്തിന്റെ വാർത്തയും പ്രത്യക്ഷപ്പെട്ടത് യാദൃശ്ചികമല്ല .പരിസ്ഥിതി വിരുദ്ധവും കോർപ്പറേറ്റ് സൗഹൃദവുമായ പുത്തൻ ഇടത് ഭരണത്തിന്റെ മുഖം മൂടിയാണ് ഈ ഹരിത കേരള യജ്ഞം.മാനുകളോടൊപ്പം മേഞ്ഞു നടക്കുകയും ചെന്നായയോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന വലിയ തട്ടിപ്പാണത് .

മുൻ സർക്കാരുകളെ ബഹുദൂരം പിന്നിലാക്കി മോഡിയുടെയും കോർപ്പറേറ്റ് ലോകത്തിന്റെയും കയ്യടി വാങ്ങാൻ ജന വിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമായ പദ്ധതികളേറ്റെടുത്ത് അമിതാവേശത്തോടെയും അഹന്തയോടെയും നടപ്പിലാക്കുന്ന സർക്കാർ അണിഞ്ഞിരിക്കുന്ന ആട്ടിൻതോലിനാൽ നിർമിതമായ ഒരു ഓവർ കോട്ടാണ് ഹരിത കേരളമെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാകും.

 

തൃശൂരിനും കണ്ണൂരിനുമിടയിൽ നിലവിലുള്ള മുഴുവൻ എണ്ണ സംഭരണ കേന്ദ്രങ്ങളും പൊളിച്ച് അതെല്ലാം പയ്യന്നൂരിലെ ഒരൊറ്റ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിലെ അശാസ്ത്രീയതയും കണ്ടങ്കാളിയിൽ പദ്ധതി വന്നാലുണ്ടാകുന്ന  സാമൂഹിക പാരിസ്ഥിതിക ആഘാതങ്ങളും കൃത്യമായി എണ്ണിപ്പറഞ്ഞ് കണ്ടങ്കാളിയിൽ പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും മാസങ്ങളായി സമരത്തിലാണ്.. പദ്ധതിയുടെ പരിസ്ഥിതിക ആഘാത പഠന റിപ്പോർട്ടിനെ മുൻനിർത്തി പയ്യന്നൂർ പുഞ്ചക്കാട് വച്ചു നടന്ന പൊതു തെളിവെടുപ്പിൽ പദ്ധതിയുടെ ജനവിരുദ്ധതയും പരിസ്ഥിതി വിരുദ്ധതയും പദ്ധതിക്കു പിന്നിലെ ഭൂമാഫിയാ താൽപ്പര്യങ്ങളും യുക്തിഭദ്രമായി ഒന്നൊഴിയാതെ നാട്ടുകാരും  പരിസ്ഥിതി പ്രവർത്തകരും അവതരിപ്പിച്ചപ്പോൾ നാക്കിറങ്ങിപ്പോയവരാണ് റവന്യൂ അധികൃതരും കമ്പനി പ്രതിനിധികളും .. പരിസ്ഥിതി പ്രവർത്തകരുടെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും  നാട്ടുകാരുടെയും കൃത്യമായ വാദഗതികൾക്കു മുന്നിൽ ഒരു മറുവാദവും ഉന്നയിക്കാനാകാതെ നിൽക്കേണ്ടി വന്നവരാണ് പയ്യന്നൂരുള്ള സർക്കാർ ന്യായീകരണ വൃത്തങ്ങളെല്ലാം.. കടലിൽ മരമുണ്ടായിട്ടാണോ മഴ പെയ്യുന്നത് തുടങ്ങിയ സീദീ ഹാജിയൻ വിഡ്ഢിത്തങ്ങൾ വിളമ്പാൻ പോലും ആരും വേദിയിലെത്തിയില്ല .


 'പൊതു തെളിവെടുപ്പിനെത്തി ജില്ലാ കളക്ടറുടെയും സദസ്സിന്റെയും മുൻപാകെ അഭിപ്രായം രേഖപ്പെടുത്തിയ 99 ശതമാനം പേരും അതി നിശിതമായി പദ്ധതിയെ വിമർശിക്കുകയും എതിർക്കുകയുമായിരുന്നു .ജനങ്ങളുടെ ഈ വികാരം സർക്കാരിനെ ധരിപ്പിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചാണ് ജില്ലാ കളക്ടർ   അവിടെ നിന്നും മടങ്ങിയത്. എന്നിട്ടാണ് ജനഹിതത്തിനു വിരുദ്ധമായി റവന്യു വകുപ്പ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത്.

 2013 ലെ നിയമപ്രകാരം  വികസനത്തിനെന്ന വ്യാജേന ആരുടെ ഭൂമിയും പിടിച്ചെടുക്കാൻ സർക്കാരിന് അവകാശമുണ്ട്. ഈ ജനാധിപത്യ വിരുദ്ധ നിയമമാണ് കണ്ടങ്കാളിയിൽ പ്രയോഗിക്കപ്പെടുന്നത്. ഇതു പ്രകാരം ജനങ്ങൾ പൂർണമായും തള്ളിക്കളഞ്ഞാലും ഭരിക്കുന്നവർക്ക് പദ്ധതികളുമായി മുന്നോട്ടു പോകാം, ആരെയും ഒഴിപ്പിക്കാം, ഏത് വയലിലും മണ്ണിടാം, ഏത് തണ്ണീർത്തടവും നികത്താം, ഏത് കുന്നും ഇടിക്കാം.കണ്ടങ്കാളിയിൽ പൊതു തെളിവെടുപ്പിന് വന്ന ആയിരത്തിലേറെ മനുഷ്യരുടെ അഭിപ്രായങ്ങൾക്ക് യാതൊരു വിലയുമില്ല.


ആരെന്തു പറഞ്ഞാലും പിണറായി സഖാവിനു പ്രശ്നമല്ല.റവന്യൂ സെക്രട്ടറി എന്ന പാവയെ കൊണ്ട് എന്തുത്തരവും ഇറക്കാം . ജനാധിപത്യമോ മനുഷ്യാവകാശമോ പരിസ്ഥിതിയോ ഒന്നും പരിഗണനാ വിഷയമേ ആകില്ല. റവന്യൂ മന്ത്രി CPI യുടേതാണെങ്കിലും റവന്യൂ സെക്രട്ടറി CPM ന്റെ സ്വന്തമാണെന്നത് അങ്ങാടിപ്പാട്ടാണ്. കണ്ടങ്കാളിയിൽ തന്നെ പെട്രോളിയം സംഭരണ കേന്ദ്രം വരണമെന്നത് ചിലർക്ക് നിർബന്ധമുണ്ട്, കാരണം സെന്റിന് 5000 രൂപ മാത്രം മതിപ്പു വിലയുള്ള പത്തും പതിനാലും ഏക്കർ വയൽപ്രദേശം സെന്റിന് 20000 രൂപ കൊടുത്തു വാങ്ങി, പൊന്നും വില വരുമ്പോൾ പൊന്നു കൊയ്യാനായി രജിസ്ട്രേഷൻ പേപ്പറിൽ സെന്റിന്റെ വില  40000 ആക്കി പെരുപ്പിച്ച് കാണിച്ച ഭൂമാഫിയകളും ആ ചിലരിൽ ഉൾപ്പെടുന്നു .


 സംസ്ഥാനഭരണകൂടത്തിന്റെയും എണ്ണ കമ്പനികളുടെയും സ്വേച്ഛാധിപത്യത്തിനു മുന്നിൽ കീഴടങ്ങാനാകില്ല .അടിമകൾ മുട്ടിലിഴയുമായിരിക്കും. നട്ടെല്ലുള്ള മറ്റു മനുഷ്യർക്ക് അത് സാധിക്കില്ലല്ലോ .

Green Reporter

Nisanth Pariyaram, Environmental Activist.

Visit our Facebook page...

Responses

0 Comments

Leave your comment