ഈ കാലവർഷം സംസ്ഥാനത്തുണ്ടായത് 65 ഉരുള്‍പൊട്ടലുകള്‍




തിരുവനന്തപുരം: തുടർച്ചയായ രണ്ടാം വർഷവും കാലവര്‍ഷം ശക്തമായി പ്രളയമുണ്ടായ സംസ്ഥാനത്ത് ചെറുതും വലുതുമായ 65 ഉരുള്‍പൊട്ടലുകള്‍ ഉണ്ടായി. പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുള്ളത്. 18 ഉരുള്‍പൊട്ടലുകളാണ് പാലക്കാട് ഉണ്ടായത്. മലപ്പുറമാണ് രണ്ടാമത്, 11 എണ്ണം. ഏറെ ആശങ്കയ്ക്ക് വക വെക്കുന്നതാണ് സംസ്ഥാനത്ത് തുടർച്ചായി ഉണ്ടാകുന്ന ഉരുള്പൊട്ടലുകൾ.


കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ്് ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്റര്‍ തയ്യാറാക്കിയ ഭൂപടത്തിലാണ് ഈ വിവരങ്ങളുള്ളത്. കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക വിവരശേഖരമുപയോഗിച്ചാണ് ഭൂപടം തയ്യാറാക്കിയത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനം ഉരുൾപൊട്ടൽ ഭീഷണി ഏറെയുള്ള പ്രദേശമായി മാറുകയാണോ എന്ന ആശങ്ക ഉയരുന്നുണ്ട്. ഇത്രയും ഉരുൾപൊട്ടൽ ഉണ്ടാകുന്നതോടെ സംസ്ഥാനത്തെ മൊത്തത്തിൽ താറുമാറാക്കാൻ ഇവ കാരണമാകും. ഉരുൾപൊട്ടലിൽ കുന്നുകളെല്ലാം തകർന്നാൽ പ്രകൃതിയുടെ മൊത്തം സന്തുലിതാവസ്ഥയെ അവ ബാധിക്കും.


കേരള സ്്‌റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്റര്‍ തയ്യാറാക്കിയ കഴിഞ്ഞ വര്‍ഷത്തെ പ്രളയ ഭൂപടത്തിലെ ഡേറ്റ അനുസരിച്ച്‌ 270 സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായെന്നാണ് കണക്കുകള്‍. ഇടുക്കിയില്‍ മാത്രം നൂറ്റിഎന്‍പതോളം ഉരുള്‍പൊട്ടലുണ്ടായി. മലപ്പുറത്ത് മുപ്പതോളം സ്ഥലങ്ങളിലും കണ്ണൂരിലും 17 ഇടത്തുമാണ് ഉരുള്‍പൊട്ടിയത്.


ദേശീയ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്റെ 2010ലെ പഠനപ്രകാരം സംസ്ഥാനത്തെ 14.4 % മേഖലകളാണ് ഉരുള്‍പൊട്ടലിനു സാധ്യതയുള്ളതായി വിലയിരുത്തിയിട്ടുള്ളത്. ഇത്തവണ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങള്‍ അതില്‍ പെട്ട പ്രദേശങ്ങളാണോ എന്ന് വിലയിരുത്താന്‍ ഐ.ടി മിഷനിലെ മാപ്പിങ്ങ് വിദഗ്ദരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment