ഏഴു ദിവസം ; പരിസ്ഥിതിയെ നോവിക്കാതെ മൂന്ന് നില വീട്




നഗരമധ്യത്തിൽ പരിസ്ഥിതിയെ നോവിക്കാതെ ഒരു മൂന്ന് നില വീട്. എറണാകുളം അമ്പലമേട് കനാൽ റോഡിലാണ് ഈ മനോഹര വീടുള്ളത്. പരിസ്ഥിതി പ്രവർത്തകനായ അരുൺ തഥാഗതാണ് ഒരു മലയെ അപ്പാടെ ഒരു വീട്ടിൽ കുഴിച്ചിടുന്ന കാലത്ത് 1500 ചതുരശ്ര അടിയിൽ ഭൂമിയെ ഒട്ടുമേ പരിക്കേൽപ്പിക്കാതെ ഇങ്ങനെയൊരു വീട് നിർമ്മിച്ചത്. ഓല, മുള, അടയ്ക്കാമരം, കയർ എന്നിവയാണ് വീട് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 20 ലധികം വർഷങ്ങളായി താൻ കാണുന്ന പ്രകൃതി സൗഹാർദ്ദമായ ഒരു വീട് എന്ന സ്വപ്നത്തിന്റെ പൂർത്തീകരണമാണ് അരുണിന് ഈ വീട്. പ്രകൃതിജീവനം ജീവിതചര്യയായി പിന്തുടരുന്ന അരുൺ ഇന്ത്യയിലെമ്പാടും സഞ്ചരിച്ച് പല പല മാതൃകകൾ പഠനവിധേയമാക്കിയ ശേഷമാണ് ഇത്തരമൊരു വീട് നിർമ്മാണത്തിലേക്ക് എത്തിയത്. 

തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നിന്നാണ് അസംസ്കൃത വസ്തുക്കളും വിദഗ്ദരായ തൊഴിലാളികളെയും എത്തിച്ചത്. യാത്രക്കൂലി ഉൾപ്പെടെ നാല് ലക്ഷത്തോളം രൂപയാണ് നാച്ചുറൽ സ്ക്രിമ്മെറ്റെനോയ എന്ന് പേരിട്ട ഈ വീടിന്റെ നിർമ്മാണ ചെലവ്. വീടിനാവശ്യമായ അസംസ്കൃത വസ്തുക്കൾ ഇവിടെ തന്നെ ലഭിക്കുമെങ്കിൽ ഒന്നര ലക്ഷം രൂപയ്ക്ക് ഇങ്ങനെയൊരു വീട് നിർമ്മിക്കാനാവുമെന്ന് അരുൺ ഉറപ്പിച്ച് പറയുന്നു. 12 കരിങ്കൽ തൂണുകളിലാണ് വീട് ഉയർത്തിയിരിക്കുന്നത്. അതിന് മുകളിൽ രണ്ടു നിലകൾ കൂടിയുണ്ട്. എല്ലാം കൂടി ചേരുമ്പോൾ 1500 ചതുരശ്രയടിയോളം വിസ്തീർണ്ണമുണ്ടെന്നും അദ്ദേഹം പറയുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികൾ കേവലം ഏഴു ദിവസം കൊണ്ടാണ് ഈ വീട് പണിതുയർതതിയത്. കരിങ്കൽ തൂണുകളിൽ പണിതുയർത്തിയിരിക്കുന്നതിനാൽ ചിതൽ ശല്യം ഉണ്ടാകില്ല. നാല് വർഷം കൂടുമ്പോൾ ഓല മാറ്റിക്കൊടുത്താൽ ഈ വീട് പുതുമയോടെ നിൽക്കുമെന്നും അരുൺ പറയുന്നു. 

ഏതൊരു സാധാരണക്കാരനും സാധ്യമാകുന്ന സൗന്ദര്യമുള്ള, അഭിമാനം തോന്നിക്കുന്ന, ആരോഗ്യം നൽകുന്ന ഒരു വീട് എന്ന ആശയമാണ് ഈ വീടിലൂടെ ഇദ്ദേഹം മുന്നോട്ട് വെക്കുന്നത്. നിലവിലുള്ള മൺവീടുകൾ എല്ലാം തന്നെ സൗന്ദര്യമില്ലായ്മയുടെ, അസൗകര്യത്തിന്റെ, പൊടിപടലങ്ങളുടെ ഒക്കെ പ്രശ്നങ്ങൾ നേരിടുന്നതായും, വലിയ പണച്ചെലവും സമയവും എടുക്കുന്നതാണെന്നും പല വീടുകളും കണ്ടതിൽ നിന്ന് മനസ്സിലാക്കാനായെന്ന് അരുൺ പറയുന്നു. ഇന്ത്യയിൽ പലഭാഗത്തും സഞ്ചരിച്ചപ്പോൾ ആദിവാസികളുടെയും സാധാരണ മനുഷ്യരുടെയും മൺവീടുകൾ കണ്ടിട്ടുണ്ടെങ്കിലും നമ്മുടെ നാട്ടിലെ ആർക്കിടെക്ടുകൾ ആ മാതൃകകൾ ഹൈജാക്ക് ചെയ്ത് സാധാരണക്കാരന് താങ്ങാനാകുന്നതിന് അപ്പുറമാക്കിയെന്നും അരുൺ നിരീക്ഷിക്കുന്നു. 

നിലവിലുള്ള കോൺക്രീറ്റ് വീടുകൾ അസൗകര്യങ്ങളുടെയും സൗന്ദര്യമില്ലായ്മയുടെയും കൂടാരങ്ങളാണെന്ന് അരുൺ പറയുന്നു. മഴയിൽ നിന്ന് രക്ഷ നേടാനായി നിർമ്മിച്ചിട്ടുള്ള വീടുകൾക്ക് പിന്നെയൊരു കുട കൂടി ചൂടിക്കൊടുക്കുന്ന പോലെ മേൽക്കൂരകൾ പണിത യൂണിഫോമിട്ട വീടുകൾ എന്നാണ് അരുൺ അവയെ വിശേഷിപ്പിക്കുന്നത്. ഇവയുടെ ശരാശരി ആയുസ്സ് 25 വര്ഷമാണെന്നും, അതിന് ശേഷം ഇവയൊക്കെ ഇടിഞ്ഞു വീഴാൻ തുടങ്ങുമെന്നും അരുൺ നിരീക്ഷിക്കുന്നു. ലോകത്തെമ്പാടും ഇത്തരം കോൺക്രീറ്റ് വീടുകൾ കാലാവധി കഴിയുമ്പോൾ പൊളിച്ച് മാറ്റുകയാണ്. ഇങ്ങനെ 25 വർഷത്തേക്ക് വീട് വെക്കാൻ വേണ്ടി മലകളും കുന്നുകളും ഇടിച്ച് നിരത്തുകയും പുഴകളെ കൊന്നൊടുക്കുകയുമാണ്. 

പരിസ്ഥിതിക്ക് വേണ്ടി  മുദ്രാവാക്യങ്ങൾ മുഴക്കിയ ശേഷം ഒരു മലയെ അപ്പാടെ പൊട്ടിച്ച് കൊണ്ട് വന്നു വീട് വെക്കുന്നത് കാപട്യമാണെന്ന് അരുൺ പറയുന്നു. ഇങ്ങനെ നിയന്ത്രണമില്ലാതെ ഉപയോഗമില്ലാത്ത വീടുകൾ കെട്ടിപ്പൊക്കും തോറും നമ്മുടെ മലകൾ പൊട്ടിച്ച് മാറ്റപ്പെട്ടു കൊണ്ടിരിക്കും. 

കെട്ടിട നിർമ്മാണത്തിന് നിയന്ത്രണം കൊണ്ട് വരാൻ സർക്കാർ തയ്യാറാകണമെന്നും അരുൺ അഭിപ്രായപ്പെടുന്നു. വമ്പൻ കൊട്ടാര സദൃശമായ വീടുകൾ കെട്ടിപ്പൊക്കിയ ശേഷം ഒരിക്കൽപ്പോലും ഉപയോഗിക്കാതെ അടച്ചിട്ടിരിക്കുകയാണ്.  പണം ഉണ്ടെന്ന് കരുതി അംബാനി വെച്ചത് പോലെയുള്ള വീട് വെക്കാൻ അനുവദിക്കാൻ സാധ്യമല്ല, രാജ്യത്തെ ജനങ്ങൾക്ക് അവകാശപ്പെട്ട പൊതുസ്വത്ത്  അങ്ങനെ ധൂർത്തടിക്കുന്നത് അനുവദിക്കാനാവില്ല. 

ഒരേ അച്ചിൽ വാർത്തത് പോലെ പ്ലാനിംഗ് ഇല്ലാതെ നിർമ്മിക്കുന്ന വീടുകൾക്ക് പകരം പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ വീടുകൾ നിർമ്മിക്കുക എന്നത് സാധ്യമാണെന്നും അത് കാണിച്ച് കൊടുക്കാൻ കൂടി വേണ്ടിയാണ് താൻ ഇത്തരത്തിൽ വീട് നിർമിച്ചതെന്നും അരുൺ പറയുന്നു. വലിയ കോൺക്രീറ്റ് വീടുകൾ രണ്ടു വർഷം കൂടുമ്പോൾ പെയിന്റ് ചെയ്യുന്ന പണമുണ്ടെങ്കിൽ ഇത്തരമൊരു വീട് പുതുക്കി പണിയാനാവും. ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങൾ വരുമ്പോൾ കൂടുതൽ അപകടങ്ങൾ ഉണ്ടാവുന്നത് കെട്ടിടങ്ങൾ തകർന്നു വീണാണ്. ഇത്തരം വീടുകളിൽ അത്തരം അപകടങ്ങൾ ഇല്ല. 

വീട് പണി തുടങ്ങിയത് മുതൽ അയൽക്കാരിൽ നിന്നും നാട്ടുകാരിൽ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. നിരവധി പേരാണ് ഓരോ ദിവസവും വീട് സന്ദർശിക്കാൻ എത്തിക്കൊണ്ടിരിക്കുന്നത്. പാചകം ചെയ്ത ഭക്ഷണം കഴിക്കാത്ത ആളായതിനാൽ ഈ വീട്ടിൽ  അടുക്കള ഉണ്ടാക്കിയിട്ടില്ല. വീടിന്റെ താഴത്തെ നില ഒരു ഹാളാക്കി മാറ്റി പരിസ്ഥിതി ക്യാമ്പുകളും കൂട്ടായ്മകളും നടത്താനാണ് അരുൺ തഥാഗത് ആഗ്രഹിക്കുന്നത്. മദ്യം ഉപയോഗിക്കുന്നവർക്കും പ്ലാസ്റ്റിക്കിനും പ്രവേശനമില്ല എന്നതാണ് ഇവിടെ വരുന്നതിനുള്ള നിബന്ധന. പച്ചപ്പ് നിറഞ്ഞ പറമ്പിന് നടുക്ക് വെള്ളത്തിന് വേണ്ടി ഒരു കുളവും നിർമിച്ചിട്ടുണ്ട്. 

ഇത് അരുൺ തഥാഗത് എന്ന വ്യക്തിയുടെ മഹത്വമായി ആഘോഷിക്കാതെ എല്ലാവരും ഇത് ഏറ്റെടുക്കും എന്നാണ് പ്രതീക്ഷയെന്നും അതിനുള്ള ഒരു കാറ്റലിസ്റ്റ് മാത്രമായി പ്രവർത്തിക്കാനാണ് താൽപര്യമെന്നും അരുൺ പറയുന്നു. 

 സുരക്ഷാഭീതിയും വൃത്തികെട്ട വൃത്തിബോധവും ഒരു ബാധ പോലെ പിടികൂടി കെട്ടിപ്പൊക്കുന്ന ഓരോ കോൺക്രീറ്റ് വീടും ഓരോ മലയുടെ തേങ്ങലാണ്. പ്രകൃതിയെ മുറിവേൽപ്പിക്കാതെ കാറ്റും വെളിച്ചവും കടക്കുന്ന സൗന്ദര്യത്തിനും സൗകര്യത്തിനും കുറവില്ലാത്ത ബഹുനില മന്ദിരങ്ങൾ നിർമ്മിക്കുക എന്നത് സാധ്യമാകും എന്നാണ് അരുൺ തഥാഗത് കാണിച്ച് തരുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

Hi, I really appreciate your work. Can you please share your address and contact number? Is it possible to visit your home? Thank you, Anju

  • 2018-06-10

Leave your comment