ചെടിയായി മുളയ്ക്കുന്ന പേനകൾ ; സുരേഷ്ബാബുവിന്റെ ജീവിതവും




എഴുതിത്തീർന്ന പേന ജനലിലൂടെ പുറത്തേക്ക് എറിയുന്നു. സാധാരണഗതിയിൽ ഭൂമിക്ക് ഭാരമായി നൂറ്റാണ്ടുകളോളം അതങ്ങനെ കിടക്കാറാണ് പതിവ്. എന്നാൽ അതൊരു മരമായി മുളച്ചു വന്നാലോ? ഈ ആശയത്തിന്റെ സാക്ഷാത്കാരമാണ് പേപ്പർ കൊണ്ടുള്ള വിത്ത് പേനകൾ. റീഫിൽ ഒഴികെയുള്ള പേനയുടെ ഭാഗങ്ങൾ കടലാസ്സ് കൊണ്ട് നിർമ്മിക്കുകയും പേനയുടെ ഉള്ളിൽ ഒരു കുഞ്ഞു വിത്തിനെ ഒളിപ്പിക്കുകയും ചെയ്യുന്നു. ഈ പേന വലിച്ചെറിയുമ്പോൾ പേപ്പർ നശിച്ച് പോകുകയും വിത്ത് ഒരു ചെടിയായി വളരുകയും ചെയ്യുന്നു. 

 

ബീറ്റ് പ്ലാസ്റ്റിക്ക് പൊലൂഷൻ എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ ആശയം. ഒരു സ്‌കൂൾ കുട്ടി ഒരു മാസം ശരാശരി അഞ്ച് പേനകൾ എങ്കിലും ഉപയോഗിക്കുന്നു എന്നാണ് കണക്ക്. പ്ലാസ്റ്റിക്കിൽ നിർമ്മിച്ച  ഈ പേനകൾ ഉപയോഗശേഷം വലിച്ചെറിയുന്നതാണ് പതിവ്. ഓരോ സ്‌കൂളിൽ നിന്നും ആയിരക്കണക്കിന് പേനകളാണ് ഓരോ മാസവും മണ്ണിലേക്ക് എത്തുന്നത്. ഇതിന് പരിഹാരമായാണ് പേപ്പർ വിത്ത് പേനകൾ ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നത്. ഈ പേനകളുടെ ഉപയോഗത്തിലൂടെ ഭൂമിയിലേക്ക് എത്തുന്ന പ്ലാസ്റ്റിക്കിന്റെ അളവിൽ ഗണ്യമായ കുറവ് വരുത്താനാവും. സ്‌കൂളുകളിലും കോളേജുകളിലും ഹരിതചട്ടം പാലിക്കുന്ന ചടങ്ങുകളിലും പേപ്പർ പേനകൾ ഉപയോഗിച്ച് തുടങ്ങിയതോടെ പലരും പേപ്പർ പേനകളുടെ നിർമ്മാണത്തിലേക്ക് കടന്നു വന്നിരിക്കുകയാണ്. 

 

 അത്തരത്തിൽ തന്റെ ശാരീരിക അവശതകളെ മറികടന്ന് പേപ്പർ പേനകളുടെ നിർമ്മാണത്തിലൂടെ ജീവിതമാർഗ്ഗം കണ്ടെത്തുന്ന ഒരാളാണ് കൊല്ലം അഞ്ചൽ സ്വദേശി സുരേഷ്ബാബു. 22 വർഷമായി പോളിയോ ബാധിച്ച് കിടപ്പിലായ സുരേഷ്ബാബു കഴിഞ്ഞ ഒരു വർഷക്കാലമായി പേപ്പർ പേനകളുടെ നിർമ്മാണത്തിലൂടെ മോശമില്ലാത്ത വരുമാനം നേടുന്നു. ഹാൻഡി ക്രോപ്പ്സ് എന്ന കൂട്ടായ്മയാണ് അംഗങ്ങൾക്ക് പേപ്പർ പേനകൾ നിർമ്മിക്കാനുള്ള പ്രചോദനവും പരിശീലനവും നൽകിയത്. ഇപ്പോൾ ഈ സംഘത്തിലെ നിരവധി പേർ ഈ രംഗത്ത് സജീവമാണ്. 

 

നിരവധി സ്‌കൂളുകൾക്കും കോളേജുകൾക്കും സ്ഥാപനങ്ങൾക്കും സുരേഷ്ബാബു പേനകൾ നിർമ്മിച്ച് കൊടുക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും വരെ സുരേഷ്ബാബു പേനകൾ എത്തിക്കുന്നുണ്ട്. ഫെയ്‌സ്ബുക്ക്, വാട്ട്സ്ആപ്പ് എന്നിവയുടെ സഹായത്തോടെയാണ് കൂടുതലും ആവശ്യക്കാരെ കണ്ടെത്തുന്നത്. 

 

"ഈ പേനകൾ ഉപയോഗിക്കുന്നതിലൂടെ  പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം കുറയ്ക്കുകയും ഒരു ചെടിയെങ്കിൽ ഒരു ചെടി മുളയ്ക്കാൻ കാരണക്കാരാകുകയും ചെയ്യാം. കൂടാതെ മറ്റു തൊഴിലുകളിൽ ഏർപ്പെടാൻ ശാരീരിക പരിമിതികൾ ഉള്ള ആളുകൾക്ക് ഒരു കൈത്താങ്ങാകാനും സാധിക്കും." സുരേഷ്ബാബു പറയുന്നു. കമ്പനി റീഫില്ലുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന പേനകൾ 8 രൂപയ്ക്കാണ് സുരേഷ്ബാബു വിൽക്കുന്നത്. പരിപാടികളുടെ പേരോ, ആശംസകളോ ഒക്കെ പ്രിന്റ് ചെയ്തും നൽകാറുണ്ട്. 

 

ശാരീരിക വെല്ലുവിളികളെ അതിജീവിക്കുന്നതോടൊപ്പം പരിസ്ഥിതിയിലേക്ക് എത്തി നൂറ്റാണ്ടുകൾ മലിനീകരണം സൃഷ്ടിക്കുമായിരുന്ന പ്ലാസ്റ്റിക്കിൽ ഒരു ഭാഗമെങ്കിലും കുറയ്ക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും സുരേഷ്ബാബു പങ്കുവെക്കുന്നു. പരിസ്ഥിതിസൗഹൃദ തൊഴിൽ സംരംഭങ്ങൾ എന്ന് കേൾക്കുമ്പോൾ തന്നെ നെറ്റി ചുളിക്കുന്ന ഒരു സമൂഹത്തിൽ തന്റെ ശാരീരിക അവശതകളെയെല്ലാം മറികടന്നു കൊണ്ടാണ് അത് പ്രയോഗികമാണെന്ന് സുരേഷ്ബാബു തെളിയിക്കുന്നത്. 

 

സ്‌കൂൾ, കോളേജ് എക്കോ ക്ളബ്ബുകൾ, എൻ.എസ്. എസ് യൂണിറ്റുകൾ, രാഷ്ട്രീയ പാർട്ടികൾ, യുവജന സംഘടനകൾ, സന്നദ്ധസംഘടനകൾ തുടങ്ങിയവർ  അവരവരുടെ പരിപാടികൾക്ക് വിത്ത് പേനകൾ ഇപ്പോൾ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. സർക്കാർ ഏജൻസികളിൽ നിന്ന് ഇത്തരം സംരഭങ്ങൾക്ക് കൂടുതൽ പിന്തുണ കൂടി നൽകിയാൽ വിത്ത് പേനകൾ പ്രകൃതിയെ നോവിക്കാതിരിക്കാനുള്ള ഉത്തരവാദിത്വത്തിന്റെ ഒരു പുതിയ സംസ്കാരത്തിന് തുടക്കം കുറിക്കും എന്നതിൽ സംശയമില്ല. പരിസ്ഥിതിചിന്തയുടെ  പുതിയ  പാഠങ്ങൾ  കൂടിയാണ് പേപ്പർ പേനകൾ എഴുതിച്ചേർക്കുന്നത്‌.നമ്മുടെ പേനകൾ ചെടികളായി വളർന്നു തളിർക്കട്ടെ, പൂക്കട്ടെ കൂടെ ഒരുപിടി ജീവിതങ്ങളും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment