നരിക്കോട്ട് വാഴമല ; അനുമതിയില്ലാതെ പ്രവർത്തിക്കുന്നത് 70 ഓളം ക്വാറികൾ




കണ്ണൂർ ജില്ലയിലെ നരിക്കോട്ട് വാഴമലയിൽ എഴുപതോളം അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നതായി ആരോപണം. തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലാണ്  നരിക്കോട്ടു വാഴമല. 75 ക്വാറികൾ ഈ മലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ അനുമതിയുള്ളത് 6 എണ്ണത്തിനു മാത്രമാണ്. 90 ഡിഗ്രി ചരിവിൽ പോലും ഒരു നിയന്ത്രണവുമില്ലാതെ ക്വാറികൾ പ്രവർത്തിക്കുന്നതു കാണാം. സംരക്ഷിത വനപ്രദേശത്തോട് ചേർന്നാണ് ഇവിടെ ക്വാറികൾ പ്രവർത്തിക്കുന്നതെന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു.  സിനിമാ നിർമാതാവും ചിട്ടി മുതലാളിയുമായ സമുദായ നേതാവും ഇവിടെ ക്വാറി ഉടമയാണെന്നും ആരോപണമുണ്ട്. 

 

നരിക്കോട്ടു മലയിൽ നിന്നും ഉത്ഭവിക്കുന്ന നീരുറവകൾ പലതും ഇല്ലാതായിക്കഴിഞ്ഞു. വിദേശത്തേക്ക് പാറ കയറ്റുമതി ചെയ്യുന്ന പദ്ധതികൾ പോലും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. യു.ഡി.എഫ് ഭരിക്കുന്ന തൃപ്പങ്ങോട്ടൂർ , പഞ്ചായത്തിൽ ക്വാറിയുടെ കാര്യത്തിൽ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലെന്നും എല്ലാ രാഷ്ട്രീയ കക്ഷികളും ക്വാറി മാഫിയക്ക് ഒത്താശ ചെയ്യുകയാണെന്നും നാട്ടുകാർ പറയുന്നു. പ്രളയത്തിൽ കനത്ത നാശം നേരിട്ട ജില്ലയാണ് കണ്ണൂർ. കണ്ണൂർ ജില്ലയുടെ മലയോര മേഖലയിൽ നിരവധി ഉരുൾപൊട്ടലുകളാണ് ഉണ്ടായത്. അമ്പായത്തോട് മേഖലയിൽ ക്വാറികൾക്ക് സമീപത്തായി 30 ലധികം ഉരുൾപൊട്ടലുകൾ ഉണ്ടായി. പ്രളയത്തിൽ നിന്ന് പാഠം പഠിക്കാതെ ക്വാറി മാഫിയയെ കയറൂരി വിട്ടാൽ വൻ ദുരന്തമാവും ഫലമെന്നാണ് കണ്ണൂർ ജില്ലയിലെ പരിസ്ഥിതി പ്രവർത്തകർക്ക് പറയാനുള്ളത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment