ക്വാറികളെ കുറിച്ച് മിണ്ടാതെ സർക്കാരിന്റെ പരിസ്ഥിതി ധവളപത്രം




കേരളം നേരിടുന്ന സുപ്രധാന പാരിസ്ഥിതിക വെല്ലുവിളിയായ പാറ ഖനനത്തെ കുറിച്ച് മൗനം പാലിച്ച് കേരള സർക്കാരിന്റെ പരിസ്ഥിതി ധവളപത്രം. കേരളത്തിലെ പരിസ്ഥിതിയുടെ സവിശേഷതകളും നിലവിലെ അവസ്ഥയും പാരിസ്ഥിതിക ആഘാതങ്ങളും വിവരിക്കുന്ന പരിസ്ഥിതി ധവളപത്രത്തിൽ എവിടെയും കേരളത്തിലെ പാറ ഖനനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് ഒരു സൂചന പോലുമില്ല. മണൽ ഖനനം, മാലിന്യ പ്രശ്നങ്ങൾ, നദികളുടെയും തണ്ണീർത്തടങ്ങളുടെയും അവസ്ഥ എന്നിവയെ കുറിച്ച് വിശദമായി സംസാരിക്കുന്ന ധവളപത്രം പക്ഷേ പശ്ചിമഘട്ട മലനിരകളെ അപ്പാടെ തകർക്കുന്ന അനിയന്ത്രിതവും അനധികൃതവുമായ പാറ ഖനനത്തെ കുറിച്ച് അർത്ഥഗർഭമായ മൗനം പാലിക്കുകയാണ്. 

കേരളത്തിലെ ഖനിജങ്ങൾ പൊതു ഉടമസ്ഥതയിൽ കൊണ്ട് വരുമെന്നും ഖനനം പൊതുമേഖലയിലാക്കുമെന്നുമായിരുന്നു ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സുപ്രധാനമായ ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം. സർക്കാർ അധികാരമേറ്റ് ആറു മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ധവളപത്രം രണ്ടു വർഷത്തിന് ശേഷം പുറത്തിറക്കിയപ്പോഴും അതിൽ ക്വാറികളെ കുറിച്ച് ഒന്നും മിണ്ടാത്തത് നിരവധി സംശയങ്ങൾ ഉയർത്തുന്നുണ്ട്. 

സർക്കാർ അധികാരമേറ്റ ശേഷം പാറ മാഫിയക്ക് അനുകൂലമായ നിരവധി തീരുമാനങ്ങളാണ് കൈക്കൊണ്ടിട്ടുള്ളത്. ക്വാറികളിൽ നിന്നുള്ള ദൂരപരിധി 100 മീറ്ററിൽ നിന്ന് 50 മീറ്ററായി കുറയ്ക്കുകയും പെർമിറ്റിനുള്ള അപേക്ഷ ഫീസ് ഗണ്യമായി കുറയ്ക്കുകയും പെർമിറ്റ് കാലാവധി കൂട്ടി നൽകുകയും ചെയ്തിരുന്നു. ഇതും ധവളപത്രത്തിലെ മൗനവും കൂട്ടി വായിക്കുമ്പോൾ ഈ സർക്കാരിന്റെ പരിസ്ഥിതി നയം സംബന്ധിച്ച് പരിസ്ഥിതി പ്രവർത്തകർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഒന്ന് കൂടി മൂർച്ച കൂടുകയാണ്. 

മണൽ ഖനനത്തെ സംബന്ധിച്ച് ധവളപത്രം വാചാലമാകുന്നുണ്ട്. അതേ സമയം പാറ പൊട്ടിച്ച് മണലാക്കി മാറ്റുന്ന എം സാൻഡ് യൂണിറ്റുകളെ കുറിച്ച് ധവളപത്രം മിണ്ടുന്നില്ല. പാറയിൽ നിന്ന് ഉണ്ടാക്കുന്ന എം സാൻഡാണ്  ഇപ്പോൾ വ്യാപകമായി ഉപയോഗിച്ച് വരുന്നത് . ഇത്തരം യൂണിറ്റുകൾ ഉള്ള എല്ലാ സ്ഥലങ്ങളിലും അവയുണ്ടാക്കുന്ന മാലിന്യപ്രശ്നങ്ങൾക്ക് എതിരെ നിരവധി സമരങ്ങളും പരാതികളും ഉയരുന്നുമുണ്ട്. 

അനിയന്ത്രിതമായ പാറ ഖനനം നിയന്ത്രിക്കാനായി കെട്ടിടനിർമ്മാണ ചട്ടങ്ങളിൽ മാറ്റം വരുത്തണമെന്നും ശരിയായ നിർമ്മാണ രീതികൾ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും കാലങ്ങളായി ആവശ്യങ്ങൾ ഉയരുന്നുവെങ്കിലും ഇവയോട് മുഖം തിരിച്ച് നിൽക്കുകയാണ് സർക്കാർ എന്നാണ് ധവളപത്രത്തിൽ നിന്ന് മനസ്സിലാക്കേണ്ടത്. 

ഖനനം പൊതുമേഖലയിലാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം മാറ്റി വെച്ചാലും കേരളത്തിലെ ക്വാറികൾ സൃഷ്ടിക്കുന്ന സാമൂഹ്യ സാമ്പത്തിക പരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങളെ തമസ്കരിക്കുന്ന ധവളപത്രം സർക്കാരിന്റെ പരിസ്ഥിതി വിരുദ്ധതയുടെ ധവളപത്രമായി മാറിയിരിക്കുന്നു എന്നാണ് ഉയരുന്ന ആക്ഷേപം.  

Green Reporter


Visit our Facebook page...

Responses

0 Comments

Leave your comment