നെൽവയലുകളും തണ്ണീർത്തടങ്ങളും സമ്പൂർണ്ണ നാശത്തിലേക്ക് ; ഭക്ഷ്യോൽപ്പാദനം 75 ശതമാനം കുറഞ്ഞു : പരിസ്ഥിതി ധവളപത്രം




വയൽനിലങ്ങൾ നിർമ്മാണ പ്രവർത്തനങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കുമായി വിനിയോഗിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ ഭഷ്യസുരക്ഷയ്ക്കും പരിസ്ഥിതി സംതുലനാവസ്ഥയ്ക്കും കാര്യമായ നഷ്ടം ഉണ്ടാക്കുന്നുവെന്ന്  കേരള സർക്കാർ പുറത്തിറക്കിയ പരിസ്ഥിതി ധവളപത്രം.കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കാലമായി നെൽവയലുകൾ ജനവാസ കേന്ദ്രങ്ങളും നാണ്യവിളകളുടെ ഉത്പാദന കേന്ദ്രങ്ങളുമായി മാറിയത് പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും പരിസ്ഥിതി ധവളപത്രം പറയുന്നു.

 
 
1965 ൽ7 .53  ലക്ഷം  ഹെക്ടറായിരുന്ന  നെൽവയലുകളുടെ വിസ്തൃതി 2014 -15 കാലയളവിൽ 1.9 ലക്ഷം  ഹെക്ടറായി ച്ചുരുങ്ങി . ഇതിലൂടെ ഭഷ്യവിളകളുടെ  ഉത്പാദനം  75 ശതമാനം കണ്ടു കുറഞ്ഞു. നമ്മുടെ നിലനിൽപ്പുമായി വളരെയധികം ബന്ധമുള്ള കൃഷിയിലെ  നിഷേധാത്മകത ഭക്ഷ്യ വിളകളായ നെല്ല് ,മരച്ചീനി തുടങ്ങിയവയുടെ ഉൽപ്പാദനം ഗണ്യമായി കുറയ്ക്കുകയും കേരളത്തിന്റെ ഭക്ഷ്യ പോഷകാഹാര സുരക്ഷയെ ബാധിക്കുകയും ചെയ്തിട്ടുണ്ടെന്നു ധവളപത്രം  വ്യക്തമാക്കുന്നു .

 

ഇത്തരം  ഗുരുതരമായ  പാരിസ്ഥിതിക  പ്രശ്നങ്ങൾ  ധവളപത്രം മുന്നോട്ടു വയ്ക്കുമ്പോൾ പോലും  കണ്ടങ്കാളിയിലും കീഴാറ്റൂരിലും സർക്കാർ  തന്നെ  വയൽ നികത്തലുമായി മുന്നോട്ടു പോകുന്നത്തിലെ  വിരോധാഭാസം കേരളത്തിലെ പരിസ്ഥിതി പ്രവർത്തകരുടെ  ഇടയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട് .

 

കേരളത്തിലെ അതിലോല പരിസ്ഥിതി ആവാസ കേന്ദ്രങ്ങിലൊന്നായ തണ്ണീർ തടങ്ങൾ നികത്തപ്പെടുന്നതിനെക്കുറിച്ച്  പരിസ്ഥിതി ധവളപത്രം വിലപിക്കുന്നുണ്ട് .2004  ൽ മൂന്നേകാൽ ലക്ഷം ഹെക്ടറായിരുന്ന തണ്ണീർത്തടങ്ങൾ  49 ശതമാനത്തോളം ക്ഷയിച്ചു ഒന്നര ലക്ഷം ഹെക്ടറായി ചുരുങ്ങിയതായും  ധവളപത്രം പറയുന്നു . അതേസമയം കേരളത്തിലെ ആദ്യ  ജൈവവൈവിധ്യരജിസ്റ്റർ തയ്യാറാക്കപ്പെട്ട  കണ്ടങ്കാളിയിൽ 85 ഏക്കർ നെൽയലാണ് ജനങ്ങളുടെ   എതിർപ്പിനെ അവഗണിച്ചുകൊണ്ട് പെട്രോൾ സംഭരണ കേന്ദ്രത്തിനു വേണ്ടി നികത്തുന്നതിനുള്ള തീരുമാനങ്ങളുമായി മുന്നോട്ടു പോകുന്നത്.

 

2008 ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തെ പുനരുജ്ജീവിപ്പിക്കും എന്ന വാഗ്ദാനവുമായി അധികാരത്തിലേറിയ സർക്കാർ അധികാരമേറ്റ ശേഷം നിയമത്തെ തന്നെ അട്ടിമറിക്കുന്ന രീതിയിൽ ഭേദഗതികൾ കൊണ്ട് വന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പൊതു ആവശ്യത്തിന് എന്ന പേരിൽ സർക്കാരിന് നിയന്ത്രണമില്ലാതെ നെൽവയലുകൾ നികത്താൻ അധികാരം നൽകുന്ന ഭേദഗതിക്കെതിരെ വലിയ എതിർപ്പാണ് ഉയർന്നത്. 

 

കേവല മുദ്രാവാക്യങ്ങൾക്ക് പുറത്ത്, ധവളപത്രത്തിൽ ചൂണ്ടിക്കാട്ടുന്ന നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും അതിഗുരുതരമായ അവസ്ഥയെ അഭിസംബോധന ചെയ്യാൻ പ്രാപ്തമായ പരിഹാര മാർഗ്ഗങ്ങൾ സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടാകുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. 

Green Reporter

Ganesh Anchal

Visit our Facebook page...

Responses

0 Comments

Leave your comment