ലോകശ്രദ്ധയാകർഷിച്ച് കേരളത്തിന്റെ ശുചിത്വസാഗരം




പ്ലാസ്റ്റിക്ക് മാലിന്യത്തെ പൊരുതി തോൽപ്പിക്കുക എന്നതായിരുന്നു ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശം. പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ ഏറ്റവും വലിയ ഇരയാണ് സമുദ്രങ്ങളും അതിലെ ജീവിവർഗ്ഗങ്ങളും. 2050 ഓട് കൂടി കടലിൽ ഉള്ള മത്സ്യസമ്പത്തിനേക്കാൾ പ്ലാസ്റ്റിക്ക് വസ്തുക്കൾ കടലിലുണ്ടാകുമെന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കടലിനെയും അതിലെ ജീവികളെയും പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്ന് രക്ഷിക്കുക എന്നത് മനുഷ്യരുടെ നിലനിൽപ്പിന്റെ കൂടി പ്രശ്നമായി മാറിയിരിക്കുകയാണ്. ലോകം മുഴുവൻ കടലിനെ പ്ലാസ്റ്റിക്ക് വിപത്തിൽ നിന്ന് രക്ഷിക്കാനുള്ള പരിശ്രമത്തിൽ കൈകോർക്കുമ്പോൾ കേരളത്തിൽ നിന്നും അതിന് ഒരു അന്തർദേശീയ മാതൃക ഉണ്ടായിരിക്കുകയാണ്. കഴിഞ്ഞ വർഷം കൊല്ലം നീണ്ടകര തീരത്ത് ആരംഭിച്ച  ശുചിത്വസാഗരം പദ്ധതി. 

 

ഒരു വർഷം പിന്നിടുമ്പോൾ ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി വിഭാഗത്തിന്റെ വരെ ശ്രദ്ധ പിടിച്ച് പറ്റുകയും അംഗീകാരം നേടുകയും ചെയ്തിരിക്കുകയാണ് ശുചിത്വ സാഗരം പദ്ധതി. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ പ്ലാസ്റ്റിക്ക് ശേഖരിക്കുകയും അത് കരയ്‌ക്കെത്തിച്ച് പുനഃചംക്രമണം നടത്തി റോഡ് ടാറിംഗിന് ഉപയോഗിക്കുന്ന പദ്ധതിയാണിത്. നീണ്ടകരയിലെ 5 ബോട്ടുകളിൽ നിന്നായി രണ്ടു   സ്ത്രീകളുൾപ്പെടെ 28 പേരാണ് ഈ പദ്ധതിയിൽ ഇപ്പോൾ പങ്കാളികളാകുന്നത്.   

 

"ഇത് വരെ അവർ 10 ടണ്ണോളം പ്ലാസ്റ്റിക്ക് സഞ്ചികൾ, 15 ടൺ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് വലകൾ, പ്ലാസ്റ്റിക്ക് കയറുകൾ തുടങ്ങിയവ ഉൾപ്പെടെ 25 ടൺ പ്ലാസ്റ്റിക്ക് കടലിൽ നിന്ന് വീണ്ടെടുത്തു. മത്സ്യത്തൊഴിലാളികളുടെ ഒരു ചെറിയ ഗ്രൂപ്പിന് 25 ടൺ മാലിന്യത്തിൽ നിന്ന് കടലിനെ മോചിപ്പിക്കാനായി." പദ്ധതിയുടെ പ്രോഗ്രാം ഓഫീസറായ ജോൺസൺ പ്രേംകുമാർ യു.എൻ പരിസ്ഥിതി വിഭാഗത്തിന്റെ വെബ്‌സൈറ്റിനോട് പറഞ്ഞു. കൊല്ലത്ത് നടപ്പാക്കിയ പദ്ധതി വൻ വിജയമായ സാഹചര്യത്തിൽ കൊച്ചിയിലേക്ക് കൂടി ഈ പദ്ധതി വ്യാപിപ്പിക്കാൻ നടപടികൾ ആരംഭിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ആ വിപത്തിനെ നേരിടാൻ പദ്ധതി കൊണ്ട് ഒരു പരിധി വരെ സാധിക്കുമെന്നും മന്ത്രി പറയുന്നു. ഈ വർഷത്തെ ലോക പരിസ്ഥിതി  ദിനത്തോടനുബന്ധിച്ച് യു.എൻ പരിസ്ഥിതി വിഭാഗം, ശുചിത്വ സാഗരം പദ്ധതിയെ ആസ്പദമാക്കി പ്രത്യേക വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. 

 

ഇച്ഛാശക്തിയോടെ ഇടപെട്ടാൽ പരിസ്ഥിതി സംരക്ഷണ രംഗത്ത് മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കും എന്നാണ് ശുചിത്വ സാഗരം പദ്ധതി തെളിയിക്കുന്നത്. കേരളത്തിലെ നദികളെയും തീരദേശത്തെയും വനങ്ങളെയും സംരക്ഷിക്കാൻ നിഷ്പ്രയാസം സാധിക്കുമെന്നും ആർജ്ജവമുള്ള പദ്ധതികൾ നടപ്പാക്കാനുള്ള  വിമുഖതയും ബാഹ്യ ഇടപെടലുകളെ അതിജീവിക്കാൻ കഴിയാതെ പോകുന്നതുമാണ്  പ്രധാന പ്രശ്നമെന്ന് കൂടി ഈ മാതൃക കാണിച്ച് തരുന്നുണ്ട്. 

വീഡിയോ കടപ്പാട് : UN Environment 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment