ക്ലീൻ എയർ സ്ട്രാറ്റജി ; വായുമലിനീകരണത്തെ നേരിടാൻ ബ്രിട്ടനിൽ നിന്നൊരു ലോകമാതൃക




സ്വന്തം ജനതയോട് ഉത്തവാദിത്വമുള്ള രാജ്യങ്ങൾ വായുമലിനീകരണത്തെ അതീവ ഗുരുതരമായ ഒരു പാരിസ്ഥിതിക പ്രശ്നമായി തിരിച്ചറിഞ്ഞുകൊണ്ട് പരിഹാരമാർഗങ്ങൾ കണ്ടെത്തുന്നത്തിനുള്ള പരിശ്രമത്തിലാണ്. പ്രശ്നത്തിന്റെ സങ്കീർണത വായുമലിനീകരണത്തെ നേരിടുന്നതിനുള്ള പരിഹാരമാർഗങ്ങൾ രൂപീകരിക്കുന്നതിന് വിലങ്ങുതടിയായിരിക്കെ, ബ്രിട്ടീഷ് പരിസ്ഥിതി വകുപ്പ് പുറത്തിറിക്കിയ 'ക്ലീൻ എയർ സ്ട്രാറ്റജി 'ശ്രദ്ധേയമായിരിക്കുകയാണ് .പരമാവധി സമഗ്രമായി പ്രശ്നത്തെ അപഗ്രഥിക്കുന്നതിലും പരിഹാരമാർഗങ്ങൾ കണ്ടത്തുന്നതിലും 'ക്ലീൻ എയർ സ്ട്രാറ്റജി  വിജയം  കണ്ടിരിക്കുന്നു . വായുമലിനീകരണം മൂലം രാജ്യത്തെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിൽ ലോകത്തിന്റെ മുൻനിരയിലെത്തുക എന്ന ലക്ഷ്യം കൂടി ഗവൺമെന്റിനുണ്ട്.

 

വമ്പൻ ഫാക്ടറികളുടെ പുകക്കുഴലുകൾ മുതൽ വീടുകളിലെ ചിമ്മിനികൾ വരെ വായുമലിനീകരണത്തിന്റെ ഉറവിടങ്ങളെയപ്പാടെ മലിനീകരണ  വിമുക്തമായ സാഹചര്യത്തിലേക്കെത്തിക്കുന്ന നിർദ്ദേശങ്ങളും വ്യക്തമായ പ്രവർത്തനപദ്ധതികളുമാണ് രൂപരേഖയിലുള്ളത്. 2040 ന് മുൻപായി ഡീസൽ പെട്രോൾ വാഹനങ്ങളുടെ  വിൽപ്പന അവസാനിപ്പിച്ചുകൊണ്ട് മലിനീകരണ വിമുക്തമായ വാഹനങ്ങളുടെ സാങ്കേതിവിദ്യാ വികസനത്തിലും നിർമാണത്തിലും ബ്രിട്ടനെ ലോകത്തിന്റെ മുൻനിരയിലെത്തിക്കാൻ 3 .5 ബില്യൺ പൗണ്ട് ചെലവഴിച്ചുകൊണ്ട്  തുടക്കമിടുന്നു . ട്രെയിനുകളെ ഡീസൽ മുക്തമാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുകയും ചെയ്യും.

 

ഗാർഹികമേഖലയിൽ  നിന്നുള്ള കാർബൺ പുറന്തള്ളൽ തോതിനെ ക്ലീൻ എയർ സ്ട്രാറ്റജി ഗൗരവത്തോടെ പരിഗണിക്കുന്നുണ്ട്. ഓപ്പൺ ഫയർ മൂലമുള്ള 38 % ശതമാനത്തോളം എമിഷനും, Non-methane volatile organic compounds (NMVOCs) അടങ്ങിയിട്ടുള്ള ഗാർഹിക ഉല്പന്നങ്ങളായ കാർപ്പെറ്റ് ,അപ്ഹോൾസ്റ്ററി ,പെയിന്റ്,ക്ലീനിങ് സൊല്യൂഷനുകൾ മറ്റു വ്യക്തിഗത ആവശ്യങ്ങൾക്കുള്ള ഉൽപ്പന്നങ്ങൾ  എന്നിവയിൽ നിന്നെല്ലാം  ഉണ്ടാകുന്ന വായുമലിനീകരണത്തെയും  ഫലപ്രദമായി നേരിടാനുള്ള പദ്ധതികൾ  മുന്നോട്ടുവയ്ക്കുന്നു. 

 

വീടുകളിലെ ചിമ്മിനികളിൽനിന്നുള്ളമലിനീകരണം തടയാൻ തദ്ദേശഗവണ്മെന്റുകൾക്ക്  ഇടപെടാനാവും വിധം നിയമനിർമാണം നടത്തുവാനുള്ള തീരുമാനംശ്രദ്ധേയമാണ്  . വ്യവസായ കേന്ദ്രങ്ങൾ , ചെറുകിടവ്യാപാരികൾ, ആരോഗ്യ വിദഗ്ദന്മാർ തുടങ്ങിയവരുമായിച്ചേർന്നു കൺസ്യൂമർ ഉൽപ്പന്നങ്ങളിൽ നിന്നുള്ള NMVOCs കുറയ്ക്കുന്നതിനും ലോ എമിഷൻ ബദൽ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനും ബ്രിട്ടൻ പദ്ധതിയിടുന്നു.

 

കാർഷികമേഖലയിലെ അമോണിയം പുറന്തള്ളൽ ഒഴിവാക്കാൻ മെച്ചപ്പെട്ട കാർഷിക പ്രവർത്തനത്തിനു നാഷണൽ കോഡ് ഏർപ്പെടുത്തും. യു കെ യിൽ പുറന്തള്ളപ്പെടുന്ന അമോണിയത്തിന്റെ അളവിൽ  88 ശതമാനവും കാർഷികമേഖലയിൽ നിന്നാണ്. ഒരിടത്തുനിന്നും പുറന്തള്ളപ്പെടുന്ന മലിനീകാരികൾ മറ്റിടങ്ങളിൽ നിന്നുള്ളവയുമായി കൂടിക്കലർന്ന് വായുമലിനീകരണത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു . അങ്ങേയറ്റം ഹാനികരമായ പദാർഥങ്ങൾക്കുമേൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ അത്രപെട്ടെന്ന് ദോഷം സൃഷ്ടിക്കാത്തവയുടെ ഉൽപ്പാദനമാകട്ടെ  ആയിക്കണക്കിനും കോടിക്കണക്കിനും ടണ്ണുകളാണ് . അങ്ങനെ ഇവയും മറ്റൊരു തരത്തിൽ വായുമലിനീകരണം ത്വരിതപ്പെടുത്തി അപകടകരമായ  ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു .ഇത്തരം പ്രശ്നങ്ങളെയെല്ലാം ക്ലീൻ എയർ സ്ട്രാറ്റജി വിശകലനം ചെയ്യുന്നുണ്ട് .

 

പരിസ്ഥിതി സംരക്ഷണത്തെ രാജ്യത്തിൻറെ അഭിമാനപ്രശ്നമായി ഒട്ടുമിക്ക രാജ്യങ്ങളും പരിഗണിച്ചുവരികയാണ് .പരിസ്ഥിതി നശീകരണം സമ്പദ് വ്യവസ്ഥയിലും ആരോഗ്യ സൂചികയിലുമുണ്ടാക്കുന്ന ആഘാതങ്ങൾ അവർ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് വന്നതിലൂടെ കൈവന്ന അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി പരിസ്ഥിതി സംരക്ഷണത്തിന്റെ ലോകനായകരാകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ക്ലീൻ എയർ സ്ട്രാറ്റജിയിൽ ബ്രിട്ടൻ പരിസ്ഥിതി വകുപ്പ് വ്യക്തമാക്കുന്നു. 

 

വായുമലിനീകരണത്തിന്റെ പ്രത്യാഘാതങ്ങൾ ഡൽഹിയിൽ സംഭവിച്ചിട്ടും ഇന്ത്യൻ നഗരങ്ങൾ വായുമലിനീകരണം നിയന്ത്രിക്കാൻ  കാര്യമായ ചുവടുവയ്പുകൾ ഇനിയും നടത്തിയിട്ടില്ല. പരിസ്ഥിസംരക്ഷണത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥിതി എത്രമാത്രം ദയനീയമാണെന്നു യേൽ യൂണിവേഴ്സിറ്റി ഈ വർഷമാദ്യം  പുറത്തിറക്കിയ എൻവയോൺമെന്റൽ പെർഫോമൻസ് ഇൻഡക്സിൽ നിന്ന് മനസിലാക്കാം . വായുമലിനീകരണമാണ് മനുഷ്യരാശി ഇന്ന് നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നങ്ങളിലൊന്ന് എന്നാണ് റിപ്പോർട്ട് പറയുന്നത് . എൻവയോൺമെന്റൽ പെർഫോമൻസ് ഇൻഡക്സിൽ 177 ആം സ്ഥാനത്താണ് ഇന്ത്യ . 180 രാജ്യങ്ങളാണ് പട്ടികയിലുണ്ടായിരുന്നത്.

 

വായുമലിനീകരണത്തെ നേരിടാനുള്ള സമഗ്രവും ശാസ്ത്രീയവുമായ മാർഗ്ഗങ്ങൾ തേടുകയും അത് നടപ്പിലാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്യുന്ന ബ്രിട്ടന്റെ ക്ലീൻ എയർ സ്ട്രാറ്റജി ലോകത്തിന് ഒരു പുതിയ മാതൃകയാണ് മുന്നോട്ട് വെക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തെ അഭിമാനമായി കാണുന്ന ഈ ബ്രിട്ടീഷ് മോഡൽ നമ്മുടെ വികസനവാദികളുടെ കണ്ണ് തുറപ്പിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.  

Green Reporter

Ganesh Anchal

Visit our Facebook page...

Responses

0 Comments

Leave your comment