കറണ്ടിലോടി ആനവണ്ടി ; കേരളത്തിലെ ആദ്യത്തെ ഇലക്ട്രിക് ബസ് പരീക്ഷണ ഓട്ടം തുടങ്ങി




തിരുവനന്തപുരം : കെ.ആസ്.ആർ.ടി.സി ഇലക്ട്രിക് ബസ് പരീക്ഷണ ഓട്ടം ആരംഭിച്ചു. രാവിലെ 11 മണിക്ക് തിരുവനന്തപുരം കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനില്‍നിന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മലിനീകരണം കുറച്ച് കൊണ്ട് വരാനും ഭാവിയിൽ ബസുകൾ പൂർണ്ണമായും ഇലക്ട്രിക്, സി.എൻ.ജി ബസുകളിലേക്ക് മാറാനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇലക്ട്രിക് ബസിന്റെ പരീക്ഷണ ഓട്ടം നടത്തുന്നത്. തമ്പാനൂരില്‍നിന്ന് പട്ടം, മെഡിക്കല്‍ കോളേജ് വഴി കഴക്കൂട്ടം വരെയിരുന്നു ഇലക്ട്രിക്‌ ബസിന്റെ ആദ്യ സര്‍വീസ്. കിഴക്കേകോട്ട -കോവളം, ടെക്നോ പാര്‍ക്ക്, പാപ്പനംകോട് എന്നീ റൂട്ടുകളിലും സര്‍വീസ് ഉണ്ടാകും. അഞ്ചുദിവസം തിരുവനന്തപുരത്തും പിന്നീട് അഞ്ചുദിവസം വീതം എറണാകുളം, കോഴിക്കോട് നഗരങ്ങളിലുമാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. 

 

ചൈനീസ് വാഹന നിര്‍മാതാക്കളായ ബിവൈഡി നിര്‍മിച്ച ബസ് ഒരു തവണ ചാര്‍ജ് ചെയ്താല്‍ 350 കിലോമീറ്റര്‍ ഓടാം.ഒരു തവണ ചാർജ്ജ് ചെയ്യാൻ അഞ്ച് മണിക്കൂറെടുക്കും. ഒരു കിലോമീറ്റര്‍ ഓടുന്നതിന് ഒരു യൂണിറ്റ് വൈദ്യുതി വേണം. നിലവിൽ 300 കിലോമീറ്റര്‍ ദൂരമാണ് ബസിനായി റൂട്ട് നിശ്ചയിച്ചിരിക്കുന്നത്. പിന്നിലെ രണ്ട് ചക്രങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടറുകളാണ് ബസിനെ ചലിപ്പിക്കുന്നത്. രണ്ടരക്കോടി രൂപയാണ് ഒരു ബസിന്റെ വില. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗം വരെ കൈവരിക്കാന്‍ ബസിന് കഴിയുമെങ്കിലും കേരളത്തിൽ 80 കിലോമീറ്റര്‍ പരമാവധി വേഗതയായി നിയന്ത്രിച്ചിട്ടുണ്ട്. 

 

35 സീറ്റുള്ള ബസിനു ചാര്‍ജ് ചെയ്യാനുള്ള താത്കാലിക സംവിധാനം അതത് ഡിപ്പോകളില്‍ ഒരുക്കും. കെ എസ് ഇ ബിയുടെ വ്യവസായ ആവശ്യങ്ങള്‍ക്കായുള്ള താരിഫ് പ്രകാരമാണ് നിരക്ക് ഈടാക്കുന്നത്.  ഒരു യൂണിറ്റിന് ആറു രൂപയാണ് ഈ താരിഫ് നിരക്ക്. പരീക്ഷണയോട്ടം വിജയിച്ചാല്‍ ഘട്ടം ഘട്ടമായി 300 പുതിയ ബസുകള്‍ നിരത്തിലിറക്കുമെന്ന് കെ എസ് ആര്‍ ടി സി എം ഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു. ഹിമാചല്‍പ്രദേശ്. തെലുങ്കാന, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ വൈദ്യുതബസ് ഓടുന്നത്. 
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment