പുതുവൈപ്പിൽ പ്ലാന്റ് വേണ്ട ; പ്രതിഷേധവുമായി പുതുവൈപ്പിലെ അമ്മമാർ സെക്രട്ടേറിയറ്റിന് മുന്നിൽ




പുതുവൈപ്പ് സമരത്തിനെതിരായ പോലീസ് അടിച്ചമർത്തലിന്റെ ഒന്നാം വാർഷികത്തിൽ പുതുവൈപ്പിലെ അമ്മമാർ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു. വി.ഡി സതീശൻ , ബിഷപ്പ് സൂസൈപാക്യം, ഹൈബി ഈഡൻ എം.എൽ.എ, വിവിധ പരിസ്ഥിതി ജനകീയ സമര സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഐ.ഓ.സിയുടെ എൽ.എൻ.ജി ടെർമിനൽ പുതുവൈപ്പിൽ സ്ഥാപിക്കരുത് എന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ വർഷം ജൂൺ 14, 16,18 തീയതികളിലായി നടന്ന പോലീസ് അതിക്രമത്തിന്റെ ഒന്നാം വാർഷികത്തിൽ സമരസമിതി സെക്രട്ടേറിയറ്റിന് മുന്നിലേക്ക് എത്തിയത്. 

പോലീസ് അതിക്രമത്തിന് നേതൃത്വം നൽകിയ യതീഷ്ചന്ദ്രയെ തൃശൂരിൽ പോലീസ് കമ്മീഷണറാക്കി നിയോഗിക്കുകയാണ് പോലീസ് ചെയ്തത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടത്തി എന്ന് വ്യക്തമായിട്ടും കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും സമരസമിതി ആരോപിക്കുന്നു. എന്ത് വന്നാലും പ്ലാന്റ് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന നിലപാട് പുതുവൈപ്പിൽ നിന്നെത്തിയ അമ്മമാർ ആവർത്തിച്ചു. 


ജനങ്ങൾ ഉന്നയിച്ച ആശങ്കകളിൽ കാര്യമുണ്ടെന്നാണ് സമിതി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന കടൽക്ഷോഭത്തെ നേരിടാൻ ചെന്നൈ ഐ.ഐ.ടി പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചിൻ പോർട്ടും ഐ.ഓ.സിയും നിർദ്ദേശിച്ച പരിഹാരമാർഗ്ഗങ്ങൾ കാലഹരണ പെട്ടതാണെന്ന് സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജൈവവൈവിധ്യ ബോർഡിന്റെ മുൻ അധ്യക്ഷനായ ഡോ. വി.എസ്  വിജയൻറെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ ജനവാസമേഖലയും ജൈവ മത്സ്യസമ്പത്തിന്റെ കലവറയുമായ പ്രദേശത്ത് പ്ലാന്റ് സ്ഥാപിക്കരുതെന്ന് വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്ലാന്റ് പുതുവൈപ്പിൽ സ്ഥാപിക്കരുതെന്നും അതിക്രമം നടത്തിയ പോലീസുകാർക്കെതിരെ നടപടി വേണമെന്നും സമരസമിതി ആവശ്യപ്പെട്ടു. 

 

പുതുവൈപ്പിൽ ഇന്ന് ഇരുനൂറോളം പേരാണ് സമരത്തിന് എത്തിയത്. വിവിധ ജനകീയ സമര പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും ധർണയിൽ പങ്കെടുത്തു. 
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment