സേലം ചെന്നൈ ഗ്രീൻ കോറിഡോർ : പിയൂഷ് മാനുഷിന് പിന്നാലെ വിദ്യാർത്ഥി നേതാവ്  വളർമതിയും അറസ്റ്റിൽ 




നിർദിഷ്ട ചെന്നൈ സേലം ഗ്രീൻ കോറിഡോറിനെതിരെ സമരം ചെയ്യുന്ന പരിസ്ഥിതി പ്രവർത്തകർക്ക് നേരെയുള്ള പോലീസ് നടപടി തുടരുന്നു.  പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പിയുഷ് മാനുഷിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വിദ്യാർത്ഥി സമരപ്രവർത്തക വളർമതിയെയും പോലീസ് അറസ്റ്റ് ചെയ്തു. സേലം എയർ  പോർട്ട് സേലം ചെന്നൈ എക്സ്പ്രസ്സ് വേ എന്നിവയ്ക്കെതിരെയുള്ള  ജനകീയ സമരങ്ങൾക്കൊപ്പം  നടത്തിവരുന്ന പ്രവർത്തനങ്ങളാണ് അറസ്റ്റിന് പിന്നിൽ. പാത കടന്നു പോകുന്ന അച്ചൻകുട്ടപ്പട്ടി എന്ന ഗ്രാമത്തിൽ നടന്ന റെവന്യൂ പോലീസ് അധികാരികളുടെ യോഗത്തിൽ പങ്കെടുത്ത് ചോദ്യങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് വളർമതിയെ അറസ്റ്റ് ചെയ്തത്. 

 

തിങ്കളാഴ്ച വൈകുന്നേരമാണ് പിയൂഷ് മാനുഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇരു വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നു എന്നാണ് പോലീസ് ഭാഷ്യം. കാഞ്ചിപുരം , കൃഷ്ണഗിരി ,തിരുവണ്ണാമലൈ ,ധർമപുരി ,സേലം ജില്ലകളിലൂടെ കടന്നുപോകുന്ന 227 കിലോമീറ്റർ നിർദിഷ്ട 'ചെന്നൈ -സേലം ഗ്രീൻ   കോറിഡോറിനെതിരായ സമരം നടന്നുവരികയാണ് .മണികണ്ഠൻ എന്ന അഭിഭാഷകൻ ഡിജിപിക്ക് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. പിയൂഷിനെ സേലം സെൻട്രൽ ജയിലിലേക്കയച്ചിരിക്കുകയാണ്. 


പതിനൊന്നു റിസർവ്ഫോറസ്റ്റുകളും  കൃഷിഭൂമിയും ജനവാസകേന്ദ്രങ്ങളും ഉൾപ്പെടുന്ന 2791 ഹെക്ടർ പ്രദേശങ്ങളെയും മുറിച്ചുകൊണ്ടാണ് ഈ പദ്ധതി വരുന്നത്.  സേലം എയർപോർട്ട് വികസനവും ചെന്നൈ സേലം കോറിഡോറും സേലത്തെത്തന്നെ  ഇല്ലാതാക്കുമെന്ന് ആരോപണം ഉയരുന്നുണ്ട് .ശിരുവഞ്ചൂർ , നാമ്പെടു, അനന്തവാടി,അലിയാളമംഗലം, റാവണ്ടവാടി തുടങ്ങിയ മേഖലകളിൽ കർഷകരുടെ സമരം ശക്തമാണ് .അടുത്തിടെ സേലം ജില്ലയിൽ തന്നെയുള്ള തൂത്തുക്കുടിയിൽ നടന്ന സ്റ്റെർലൈറ് വിരുദ്ധ സമരത്തിന് സമാനമായ സ്ഥിതിയിലേക്ക് കാര്യങ്ങൾ പോവുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു . തൂത്തുക്കുടിയിൽ പോലീസ് വെടിവച്ചുകൊന്നത് 13 സമരപ്രവർത്തകരെയായിരുന്നു.

 

ഈ പ്രദേശങ്ങൾ  സന്ദർശിച്ചുകൊണ്ട് ജനങ്ങളുമായി നടത്തിയ സംസാരത്തിനിടെ നടത്തിയ പ്രസ്താവനയുടെ പേരിൽ മൻസൂർ അലിഖാനെ പോലീസ് അറസ്റ്റു ചെയ്തത് കഴിഞ്ഞ ദിവസമായിരുന്നു. വികസന പദ്ധതികളുടെ പേരിൽ തദ്ദേശ ജനതയും ഗവൺമെന്റും രണ്ടുപക്ഷത്താവുന്ന,വികസനത്തെ അനുകൂലിക്കുന്നവരെന്നും എതിർക്കുന്നവരെന്നും ജനങ്ങളെ രണ്ടായി ഭിന്നിപ്പിക്കുന്ന അനാരോഗ്യകരമായ    പ്രവണത രാജ്യത്തു തുടരുകയാണ് .അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സേലത്ത് കാണുന്നത് . ചെന്നൈയിൽനിന്ന് സേലത്തേയ്ക്കു വേണ്ടത്ര വേഗത്തിൽ എത്താവുന്ന  ഗതാഗത സൗകര്യങ്ങൾ  നിലവിലുള്ളപ്പോൾ ഇങ്ങനെ ഒരു പാത ആവശ്യമില്ലെന്ന് കർഷകരും പരിസ്ഥിതിപ്രവർത്തകരും ആരോപിക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment