തുരുത്തി മക്കളുടെ താക്കീത് ; വിദ്യാർത്ഥിനിയുടെ മുദ്രാവാക്യം വിളി വൈറലാവുന്നു




തിരുവനന്തപുരം :  തുരുത്തി സമരത്തിനിടെ  പ്ലസ് ടു വിദ്യാർത്ഥിനിയുടെ മുദ്രാവാക്യം വിളി സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. കുടിയിറക്കുന്ന ദേശീയ പാതാ വികസനത്തിനെതിരെ തുരുത്തി കോളനി നിവാസികൾ ജൂൺ 18 ന് നടത്തിയ നിയമസഭാ മാർച്ചിലാണ് അതിജീവനത്തിന്റെ കരുത്ത് തുടിക്കുന്ന മുദ്രാവാക്യങ്ങളുമായി  നിമ വേലായുധൻ എന്ന പ്ലസ് ടു വിദ്യാർത്ഥിനി ശ്രദ്ധേയയായത്. ഏകത പരിഷത്ത് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് അനിൽ രാമൻ  പകർത്തിയ ദൃശ്യങ്ങൾ ഇതിനകം പതിനായിരക്കണക്കിന് പേരാണ് കണ്ടത്. 

 

കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി പഞ്ചായത്തിലെ തുരുത്തി പട്ടികജാതി കോളനി നിവാസികൾ  ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി മുപ്പതോളം കുടുംബങ്ങൾക്ക് അവരുടെ വീടുകളും ആരാധനാലയങ്ങളും നഷ്ടപ്പെടാൻ പോകുന്നതിനെതിരെ 2018 ഏപ്രിൽ 27 മുതൽ സമരത്തിലാണ്. ദേശീയപാത വികസനത്തിന്റെ ഭാഗമായി വികസന അതോറിറ്റി പുറത്തുവിട്ട മൂന്നാമത്തെ അലൈൻമെന്റ് 90 ശതമാനവും തുരുത്തിയിലെ പട്ടികജാതി വിഭാഗത്തെ കുടിയിറക്കുന്ന തരത്തിലുള്ളതാണ്. ഒന്നും രണ്ടും അലൈൻമെന്റുകൾ വളവുകളില്ലാത്തതും ഏതെങ്കിലും ഒരു വിഭാഗത്തെ പ്രതികൂലമായി ബാധിക്കാത്തതുമായിരുന്നു.   വേളാപുരം മുതൽ തുരുത്തി വരെ 500 മീറ്റർ നീളത്തിനിടയിൽ ഒരു വളവ് ബോധപൂർവ്വം സൃഷ്ടിച്ച് 29 കുടുംബങ്ങളെ പൂർണ്ണമായും കുടിയിറക്കുന്ന രൂപത്തിലേക്ക് അലൈൻമെന്റ് മാറ്റിയെന്ന് സമരസമിതി ആരോപിക്കുന്നു.  അലൈൻമെന്റിൽ പറയുന്ന പ്രദേശത്ത്  400 വർഷം പഴക്കമുള്ള ഒരു ആരാധന കേന്ദ്രം നിലനിൽക്കുന്നുണ്ട്. തുരുത്തിയിൽ അരിങ്ങളേയൻ തറവാട്ടുകാരുടെതാണ് ശ്രീ പുതിയിൽ ഭഗവതി ക്ഷേത്രം. പുലയരുടെ ആചാരവും അനുഷ്ഠാനവും വിശ്വാസവുമായി ബന്ധപ്പെട്ടതാണ് ഈ ആരാധനാലയം.

 

2016ൽ പുറത്തു വന്ന പ്രസ്തുത അലൈൻമെന്റ് നോട്ടിഫിക്കേഷൻ പ്രകാരം ഈ കുടുംബങ്ങളിൽ മിക്കതും ദേശീയപാത വികസന അതോറിറ്റിക്ക് വിയോജിപ്പ് വ്യക്തിപരമായി എഴുതി നൽകിയിരുന്നു. എന്നാൽ യാതൊരു തരത്തിലുള്ള അനുകൂല പ്രതികരണവും അതോറിറ്റിയിൽ നിന്നുണ്ടായില്ല. പഞ്ചായത്ത് അധികാരികൾ, ജില്ലാ കലക്ടർ, തഹസിൽദാർ എന്നിവരെ പല ഘട്ടങ്ങളിലായി ഈ കുടുംബാംഗങ്ങൾ പരാതിയുമായി സമീപിച്ചെങ്കിലും  പരാതി കേൾക്കാൻ തയ്യാറാവാതിരുന്നതിനെ തുടർന്ന് തുരുത്തി നിവാസികൾ ഒരു ആക്ഷൻ കമ്മറ്റിക്ക് രൂപംകൊടുത്തു ഏപ്രിൽ 27-ാം തീയ്യതി മുതൽ  കുടിൽ കെട്ടി സമരം ആരംഭിക്കുകയായിരുന്നു. 

 

സമരത്തിന്റെ അൻപത്തിമൂന്നാം ദിവസമാണ് സമരവുമായി തുരുത്തി നിവാസികൾ നിയമസഭയ്ക്ക് മുന്നിലേക്ക് എത്തിയത്. ഈ സമരത്തിനിടെയായിരുന്നു കോരിച്ചൊരിയുന്ന മഴയിലും ആവേശം ചോരാത്ത കരുത്തുമായി നിമയുടെ മുദ്രാവാക്യം വിളി. കോർപ്പറേറ്റുകൾക്ക് പായ വിരിച്ച് ദളിത് കുടുംബങ്ങളെ കുടിയിറക്കുന്നതാണോ നമ്പർ വൺ കേരളത്തിന്റെ വികസന നയമെന്നാണ് തുരുത്തി ചോദിക്കുന്നത്. "താക്കീതാണിത് താക്കീത്, കറുത്ത മക്കളുടെ താക്കീത്, തുരുത്തി മക്കളുടെ താക്കീത്"  മുദ്രാവാക്യം താക്കീത് നൽകുന്നു. 

 

കണ്ണിൽ ചോരയില്ലാത്ത വികസന നയങ്ങൾക്ക് നേരെ വിരൽ ചൂണ്ടി നിമ വിളിക്കുന്ന മുദ്രാവാക്യങ്ങൾ, വികസനത്തിന്റെ ലേബലിൽ എന്തുമാകാമെന്ന് കരുതുന്ന അധികാരികൾക്കും വികാസനോന്മാദം പിടികൂടിയ പൊതുബോധത്തിനും തുരുത്തി മക്കളുടെ തിരുത്തലാവുകയാണ്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment