തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റിൽ ഗുരുതര ആസിഡ് ചോർച്ചയെന്ന് വേദാന്ത




തൂത്തുക്കുടി സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണശാലയിൽ ഗുരുതര ചോർച്ചയുണ്ടെന്ന്  വേദാന്ത കോടതിയിൽ. പ്ലാന്റിൽ സൂക്ഷിച്ചിരിക്കുന്ന സൽഫ്യൂറിക് ആസിഡ് ടാങ്കിനുള്ളിലെ പൈപ്പ്ലൈനിൽ ചോർച്ച ഉണ്ടെന്നും ഇത് പരിഹരിച്ചില്ലെങ്കിൽ  ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നുമാണ് വേദാന്ത ബുധനാഴ്ച മദ്രാസ് ഹൈക്കോടതിയെ അറിയിച്ചത്. തകരാറ് പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ അടച്ച് പൂട്ടിയിരിക്കുന്ന ഫാക്ടറിയിലേക്കുള്ള വൈദ്യുതബന്ധം താൽക്കാലികമായി പുനഃസ്ഥാപിക്കണമെന്നാണ്   കമ്പനിയുടെ ആവശ്യം. എന്നാൽ തകരാറ് ഗുരുതരമല്ലെന്നും മുൻകരുതലെന്ന നിലയിൽ ആസിഡ് ടാങ്ക് കാലിയാക്കുമെന്നും ജില്ലാ ഭരണകൂടം ഞായറാഴ്ച അറിയിച്ചിരുന്നു. 

 

വേദാന്തയുടെ  ചെമ്പ് ശുദ്ധീകരണശാല ഗുരുതരമായ വായു, ജല മലിനീകരണം ഉണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ സമരം ചെയ്തു വരികയായിരുന്നു. ഈ സമരത്തിൽ പങ്കെടുത്ത 13 പേരെ കഴിഞ്ഞ 22 ന് പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയതിനെ തുടർന്നാണ് കമ്പനി അടച്ച് പൂട്ടാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. ഇതിനെതിരെ കോടതിയെ സമീപിച്ചപ്പോഴാണ് ആസിഡ് ടാങ്കിലെ ചോർച്ച ഗുരുതര പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുമെന്ന് വേദാന്ത കോടതിയെ അറിയിച്ചത്. റോയിട്ടേഴ്‌സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്ലാന്റ് വീണ്ടും തുറക്കാനുള്ള കമ്പനിയുടെ തന്ത്രത്തിന്റെ ഭാഗമാണോ പുതിയ നിലപാടെന്ന സംശയവും ഉയരുന്നുണ്ട്. 

 

വെടിവെപ്പിന് ശേഷവും പോലീസ് സമരത്തിൽ പങ്കെടുത്തവരെ വേട്ടയാടുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. സമരത്തിൽ പങ്കെടുത്ത 254 പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു വർഷം  വരെ വിചാരണ കൂടാതെ കസ്റ്റഡിയിൽ വെക്കാവുന്ന ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് പലരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്നൈപ്പർ തോക്കുകൾ ഉപയോഗിച്ച് സമരക്കാരെ തെരഞ്ഞു പിടിച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു എന്ന ആരോപണവും ശക്തമാണ്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment