കോഴിക്കോട് എടോനി മലയെ തകർക്കാൻ ക്വാറി മാഫിയ വീണ്ടും ; പ്രതിഷേധംശക്തമാവുന്നു




കോഴിക്കോട് നരിപ്പറ്റ പഞ്ചായത്തിലെ എടോനി മലയിൽ കരിങ്കൽ ഖനനം വീണ്ടും തുടങ്ങാൻ ക്വാറി മാഫിയ രംഗത്ത്. ഉറിതൂക്കി മലയും വലിയ കുന്നും ഇടിച്ചുനിരത്താൻ ക്വാറിമാഫിയ വീണ്ടും ശ്രമം തുടങ്ങി.
പെരിയ റിസർവ്വ് വനമേഖലയോട് ചേർന്ന് സമുദ്രനിരപ്പിൽ നിന്നും ഏറെ ഉയരത്തിൽ 70 ഡിഗ്രി ചെരുവിൽ
ചെങ്കുത്തായ് നിലകൊള്ളുന്ന ഈ മലനിര ജില്ലയിലെ അതീവ പരിസ്ഥിതി ലോല മേഖലയിലൊന്നാണ്.എടോനി, ഉറിതൂക്കി,വലിയകുന്ന്, കാപ്പി മല തുടങ്ങിയ നരിപ്പറ്റ പഞ്ചായത്തിലെ വൻ മലനിരകളിൽ ക്വാറി ലൈസൻസിന് എമറാൾഡ് റോക്ക്സ്  എന്ന കമ്പനി വീണ്ടും പഞ്ചായത്തിനെ സമീപിച്ചിരിക്കയാണ്.

 

നരിപ്പറ്റ പഞ്ചായത്തിലെ ആറാം വാർഡിലാണ് 300 ഏക്കറിലധികം വിസ്തീർണമുള്ള ക്വാറി തുടങ്ങാൻ ഉദ്ദേശിക്കുന്നത്. വേനലിലും വറ്റാത്ത നിരവധി നീരൊഴുക്കുകളും തണ്ണീർക്കുഴികളും നിറഞ്ഞ ഈ പ്രദേശം ജലസമ്പന്നതയാൽ അനുഗൃഹീതമാണ്. ജൈവ വൈവിധ്യ പ്രാധാന്യമർഹിക്കുന്ന ഈ മലനിര കാട്ടാനയും പുലിയും കാട്ടാടുമുൾപ്പെടെയുള്ള വന്യജീവികളുടെ ആവാസ മേഖലയുമാണ്. പ്രകൃതിദത്തമായ ചെമ്പോട്ടംപൊയിൽ തടാകവും വാണിമേൽ പുഴയുടെ ഉത്ഭവകേന്ദ്രവും നിരവധി ചെറുവെള്ളച്ചാട്ടങ്ങളും ഇവിടെയുണ്ട്. 150 ഓളം കുടുംബങ്ങൾ കുടിവെളളത്തിനായി ആശ്രയിക്കുന്നത് ഇവിടുത്തെ അരുവികളെയാണ്.

 

ഏഴ് വർഷംമുമ്പ്‌ ഇവിടെ ക്വാറി തുടങ്ങാൻ നീക്കം നടത്തിയിരുന്നു. പ്രദേശവാസികളിൽ ഒരുവിഭാഗത്തിന്റെ എതിർപ്പ് മറികടന്നായിരുന്നു നീക്കം.കൈവേലി ടൗണിൽ ക്വാറിക്കെതിരേ ഹിന്ദു ഐക്യവേദി നടത്തിയ സമരത്തിനുനേരെ അക്രമമുണ്ടാവുകയും ഒരു യുവാവ് കൊല്ലപ്പെടുകയും ചെയ്തതിനെത്തുടർന്ന് പിന്മാറിയ ക്വാറി മാഫിയ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. 1.75 കിലോമീറ്റർ നീളത്തിൽ റോഡും വൈദ്യുതി ലൈനും വലിച്ചുകഴിഞ്ഞു. നീർച്ചാലുകൾ നികത്തിയാണ് റോഡ് നിർമിച്ചത്.1984-ൽ ഉരുൾപൊട്ടലുണ്ടായ സ്ഥലംകൂടിയാണിത്.


അതീവ ഗുരുതരമായ പരിസ്ഥിതി ദുരന്തങ്ങൾക്കുംആഴത്തിലുള്ള സാമൂഹ്യ അസ്വാരസ്യങ്ങൾക്കും ഖനനം  വഴി തുറക്കുമെന്ന് എഴുത്തുകാരനായ നന്ദനൻ മുള്ളമ്പത്ത് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. അതീവ  പരിസ്ഥിതി ലോല പ്രദേശമായ ഈ മലയുടെ ഹരിത മാറിടം മാന്തിപ്പൊളിച്ചു കൊണ്ട് ക്വാറിക്കു വേണ്ടി ഇതിനകം നടന്നിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നാടിനോട് കൂറുള്ള, അൽപ്പമെങ്കിലും രാഷ്ടീയ ചരിത്രബോധമുള്ള ഏതൊരാളുടെയും കരൾ പിളർക്കുന്ന കരാള കാഴ്ചകളാണെന്നും നന്ദനൻ പറയുന്നു. 

 

വേനലിലും വറ്റാത്ത നീരുറവകളും തണ്ണീർക്കുഴികളും മണ്ണിട്ടു നികത്തപ്പെട്ടിരിക്കുന്നു. ഇവിടെ നിന്നുമുത്ഭവിച്ച് വാണിമേൽ പുഴയിൽചെന്നു ചേരുന്ന രണ്ട് പ്രധാന തോടുകൾ കല്ലും മണ്ണും പാറയുമിട്ട്‌ നികത്തിയിരിക്കുന്നു. ശരാശരി 150 മീറ്റർ ഉയരത്തിൽ 70 ഡിഗ്രി ചരിവോടു കൂടി സങ്കീർണ്ണമായി നിലകൊള്ളുന്ന ഈ പ്രദേശത്ത് ക്വാറിക്കു വേണ്ടി 6 മീറ്റർ ഉയരത്തിൽ അപകടകരമായ നിലയിൽ നിർമ്മിക്കപ്പെട്ട റോഡ് അശാസ്ത്രീയവും പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചുകൊണ്ടുമുള്ളതാണെന്ന്  സ്ഥലം സന്ദർശിച്ച കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിദഗ്ദ സംഘം വിലയിരുത്തി. 


1984 ൽ ഉരുൾപൊട്ടലുണ്ടായ മലനിരയാണിത് ഇക്കൊല്ലം കാലവർഷം  കരുത്താർജ്ജിക്കും മുമ്പേ
കോഴിക്കോട്  ജില്ലയിലും പരിസര പ്രദേശങ്ങളിലുമുള്ള ഇതിന്  സമാനമായ മലയോര മേഖലകളിലുണ്ടായ
ലോകത്തെ നടുക്കുന്ന പ്രകൃതിദുരന്തങ്ങൾ ഒരു ഓർമ്മപ്പെടുത്തലാണെന്ന് നന്ദനൻ മുള്ളമ്പത്ത് പറയുന്നു. അപകടകരമായ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിട്ടുള്ള എടാനി മലയെ സംബന്ധിച്ച്‌ ജനങ്ങൾക്കിടയിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. മുമ്പൊരിക്കൽ ഉരുൾപൊട്ടലുണ്ടായ സങ്കീർണ്ണമേഖലയെന്ന നിലയിൽ അപകടകരമായ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു കഴിഞ്ഞ ഈ മേഖലയിൽ ഉരുൾപൊട്ടലടക്കമുള്ള വൻ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാവാനിടയുള്ള സാദ്ധ്യത വളരെയേറെയാണെന്നും  വിലയിരുത്തപ്പെടുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ഡി.വൈ.എഫ്.ഐയും  അടക്കമുള്ള സംഘടനകൾ ഖനന നീക്കത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment