മേക്ക് ഇൻ ഇന്ത്യ മുംബൈ ബീച്ചിനെ തകർത്തെന്ന് ബോംബേ ഹൈക്കോടതി 




മേക്ക് ഇൻ ഇന്ത്യ പരിപാടി നടത്തിയതിലൂടെ മുംബൈ ബീച്ചിന് സാരമായ തകരാറുകൾ സംഭവിച്ചെന്ന് ബോംബേ ഹൈക്കോടതി. 2016 ൽ ഗുർഗാവ് ചൗപ്പാട്ടി ബീച്ചിൽ നടത്തിയ മേക്ക് ഇൻ ഇന്ത്യ ആഘോഷത്തിനെതിരെയാണ് കോടതി വിധി. തീ പിടുത്തത്തെ തുടർന്ന് പരിപാടി ഉപേക്ഷിച്ചിരുന്നു. മഹാരാഷ്ട്ര സർക്കാർ രണ്ടു മാസത്തിനകം ബീച്ചിലെ നാശമുണ്ടായ ഭാഗങ്ങൾ പൂർവ്വ സ്ഥിതിയിലാക്കണമെന്നും കോടതി ഉത്തരവിട്ടു. നിർമ്മാണപ്രവർത്തനങ്ങളും റാലികളും വമ്പൻ പരിപാടികളും വഴി ബീച്ചിന് നാശമുണ്ടാക്കുന്നത് തടയണം എന്നാവശ്യപ്പെട്ടുള്ള പൊതു താൽപ്പര്യ ഹർജിയിലാണ് ജസ്റ്റിസുമാരായ  എ.എസ് ഓക, പി.എൻ ദേശ്മുഖ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധി. 

 

ബീച്ചുകൾ പരിസ്ഥിതിയുടെ അവിഭാജ്യ ഘടകങ്ങളാണെന്നും അത് നശിപ്പിക്കുന്നതിലൂടെ ഭരണഘടനയുടെ 21 ആം വകുപ്പിന്റെ ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്നും കോടതി വിലയിരുത്തി. മുംബൈയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഗുർഗാവ് ചൗപ്പാട്ടി ബീച്ച്. അതിനെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമ കൂടിയാണെന്ന് കോടതി പറഞ്ഞു. മേക്ക് ഇൻ ഇന്ത്യ പരിപാടി ബീച്ചിന്റെ ഒരു ഭാഗത്തിന് ഗുരുതരമായ നാശമുണ്ടാക്കിയതായും കോടതി കണ്ടെത്തി.

 

സാധാരണക്കാർക്ക് ശുദ്ധവായു ശ്വസിക്കാൻ കഴിയുന്ന വളരെക്കുറച്ച് സ്ഥലങ്ങൾ മാത്രമേ മുംബൈയിൽ അവശേഷിക്കുന്നുള്ളു, അതിലൊന്നായ ബീച്ചിനെ പരിപാടികളും  പ്രവർത്തനങ്ങളും വഴി തകർക്കുന്നത് അനുവദിക്കാനാവില്ല. സ്വാതന്ത്ര്യസമര പോരാളിയായിരുന്ന ബാലഗംഗാധര തിലകന്റെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്ന സ്ഥലമാണ് ഈ ബീച്ച്. അത് കൊണ്ട് തന്നെ ഈ ബീച്ചിനെ മലിനമാക്കാതെയും നശിപ്പിക്കാതെയും കാത്തുസൂക്ഷിക്കുക എന്നത് പരമപ്രധാനമാണെന്നും കോടതി പറഞ്ഞു. ബീച്ചിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് മഹാരാഷ്ട്ര തീരദേശ പരിപാലന അതോറിറ്റിയോടും കോടതി നിർദ്ദേശിച്ചു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment