തൊഴിലാളികളുടെ പേരുപറഞ്ഞ് പശ്ചിമഘട്ടത്തെ തകർക്കരുത്.




പശ്ചിമഘട്ടത്തിന്‍റെ ശേഷിക്കുന്ന നിലനില്‍പ്പിനെയും പ്രതിസന്ധിയില്‍ ആക്കുന്ന മറ്റൊരു തീരുമാനവും കൂടി നടപ്പിലാക്കാനുള്ള തിരക്കിലാണ് സർക്കാർ. തോട്ടങ്ങളെ പശ്ചിമഘട്ടത്തിന്‍റെ നട്ടെല്ലായ Ecologically Fragile Land(EFL) നിയമത്തില്‍ നിന്നും ഒഴിവാക്കുവാന്‍ തീരുമാനിച്ച സര്‍ക്കാര്‍ വലിയ പരിസ്ഥിതി നാശത്തിലേക്ക് കേരളത്തെ നയിക്കും. Eoclogical Fragile Land കളെ സംരക്ഷിക്കുവാന്‍ ഉണ്ടാക്കിയ നിയമം അട്ടിമറിക്കുകയാണ്. പരിസ്ഥിതി ലോല പ്രദേശങ്ങൾ കണ്ടെത്തി സംരക്ഷിക്കണമെന്ന് ആ നിയമത്തിൽ പറയുന്നു. കഴിഞ്ഞ 15 വർഷത്തിനിടെ കണ്ടെത്തിയ 14000 ഹെക്ടർ ഭൂമി പ്രഖ്യാപിക്കാൻ പോലും തയ്യാറാകാത്ത സർക്കാർ, സംരക്ഷിക്കേണ്ട ഒരടി ഭൂമി പോലും നിയമത്തിന്റെ പരിധിയിൽ എത്തിക്കാത്ത  സര്‍ക്കാര്‍ ആ നിയമത്തെ തന്നെ അസാധുവാക്കുകയാണ്. ഇതുവഴി 14000 ഹെക്ടര്‍ EFL നഷ്ടപെടുകയാണ്. 


കേരളത്തിന് പുറത്തുള്ള തോട്ടങ്ങളെ ഫോറസ്റ്റ് ആക്ടിന്റെ ഭാഗമായി കാണുന്നില്ല എന്നാണ് ഇതിനു പറയുന്ന ന്യായം. കേരളത്തിന് പുറത്ത് ആസാമിലെ തേയിലത്തോട്ടങ്ങളാകട്ടെ, അലിപ്പൂരിലെ തേയിലത്തോട്ടങ്ങളാകട്ടെ അവയൊന്നും വനഭൂമിയിലല്ല. കേരളത്തിലെ തോട്ടങ്ങൾ 90 ശതമാനവും പശ്ചിമഘട്ട മലനിരകളിലാണ്. അത് കൊണ്ട് തന്നെ തോട്ടം മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. അത് കൊണ്ട് തന്നെ പശ്ചിമഘട്ട മലനിരകളെ കുത്തകകൾക്ക് തീറെഴുതുവാനുള്ള നീക്കമാണിതെന്നാണ് മനസ്സിലാക്കേണ്ടത്. 

 

കേരളത്തിലെ തോട്ടങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആയതിനാൽ അവയെ സഹായിക്കുവാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ ഇവയാണ്. തോട്ടങ്ങളുടെ നികുതി എടുത്തു കളയും (ഹെക്ടര്‍ന് 700 രൂപ), ലാഭ വിഹിതം കൊടുക്കേണ്ടതില്ല.ഭൂനികുതി വൈകാതെ കുറക്കും, മരങ്ങള്‍ മുറിച്ചു മാറ്റുമ്പോള്‍ സര്‍ക്കാരിനടക്കേണ്ട പണം ഒഴിവാക്കി.

 

തോട്ടങ്ങളില്‍ ഏറെയും പാട്ടഭൂമികളാണ്. 1.1 ലക്ഷം ഹെക്ടര്‍ റവന്യു ഭൂമിയും 60400 ഹെക്ടര്‍ വനവും .
ഈ ഭൂമിയിൽ നിന്ന് എന്താണ് സര്‍ക്കാരിനു ലഭിക്കുന്ന വരുമാനം ? 1980 ലെ നിയമപ്രകാരം ഹെകടറിന് 3 രൂപ മുതല്‍ 10 വരെയായിരുന്നു പാട്ടത്തുക. കഴിഞ്ഞ സര്‍ക്കാര്‍ പാട്ടതുക 100 ഹെക്ടറിന് മുകളില്‍ ഉള്ള തോട്ടത്തിന് 1300 ഉം 25 മുതല്‍ 100 ഹെക്ടര്‍ വരെ 1000 രൂപ അതിനു താഴെ 750 രൂപയായും നിശ്ചയിച്ചു. ഒരേക്കറിന് മാസം 50 രൂപ പോലും വാങ്ങാതെ കുത്തകകളെ സഹായിക്കുകയാണ്. 

 

സര്‍ക്കാര്‍ നിയമം പറയുന്നത് വസ്തു വിലയുടെ 3% അല്ലെങ്കില്‍ വിള വരുമാനത്തില്‍ നിന്നും 70% സർക്കാരിനു നൽകണമെന്നാണ്. (തെന്മലയില്‍ ഉള്ള ഹാരിസന്‍ തോട്ടം ഈ കണക്കു പ്രകാരം ഹെക്ടറിന്  76000 രൂപ  സര്‍ക്കാരിന് നല്‍കേണ്ടതുണ്ട്). ടാറ്റാ  നിസ്സാര തുക പോലും നല്‍കാതെ പാട്ട വ്യവസ്ഥിതിയെ അട്ടിമറിച്ചു വരുന്നു. ഹാരിസന്‍ ഭൂമി ഇടപാടില്‍ സര്‍ക്കാര്‍ തോറ്റു കൊടുത്തപ്പോള്‍ ടാറ്റക്ക് വേണ്ടി CPI നേതാക്കളും MM മണിയും രാജേന്ദ്രനും VS സഖാവിന്‍റെ കാല്‍ വെട്ടുവാന്‍ രംഗത്ത്‌ ഉണ്ടായിരുന്നു. 

 

സംസ്ഥാന സര്‍ക്കാര്‍ പുറപെടുവിച്ച പരിസ്ഥിതി ധവളപത്രത്തില്‍ കേരളം നേരിടുന്ന പരിസ്ഥിതി രംഗത്തെ തിരിച്ചടികളെ പരാമര്‍ശിക്കുവാന്‍ നിര്‍ബന്ധിതമായി. സര്‍ക്കാര്‍ തോട്ടങ്ങളെ കൂടി വനത്തിന്‍റെ വ്യാപ്തിയില്‍ ഉള്‍പെടുത്തി  29.5% വനവിസ്തൃതിയുണ്ട് എന്ന് അവകാശപ്പെടുന്നു (അതില്‍ 19% വും തോട്ടങ്ങള്‍.) പ്രതിവര്‍ഷം 5000 ഹെക്ടര്‍ വന ഭൂമി കേരളത്തിനു നഷ്ടപെടുന്നു എന്ന് കണക്കുകള്‍. 1965 നു ശേഷം 9 ലക്ഷം ഹെക്ടര്‍ പശ്ചിമഘട്ട വനം വെളിപ്പിച്ചു കഴിഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ പശ്ചിമഘട്ടത്തെയും മറ്റും  സമ്പൂര്‍ണ്ണമായി  കൈ ഒഴിയുന്നു. ആര്‍ക്കുവേണ്ടി ? സംസ്ഥാനം കഴിഞ്ഞ ആഴ്ച്ച സാക്ഷ്യം വഹിച്ച ഉരുള്‍പൊട്ടല്‍ ഉണ്ടാക്കിയ 16 നിരപരാധികളുടെ മരണം നമ്മുടെ സര്‍ക്കാരിന് ഒരു തരത്തിലുമുള്ള പുനര്‍ ചിന്തനം ഉണ്ടാക്കിയിട്ടില്ല.


തോട്ടം തൊഴിലാളികളുടെ പേര് പറഞ്ഞാണ് കുത്തകളെ സംരക്ഷിക്കാനുള്ള ഇപ്പോഴത്തെ നീക്കം. യഥാർത്ഥത്തിൽ തോട്ടം തൊഴിലാളികളുടെ അവസ്ഥയെന്താണ്? കേരള രൂപീകരണത്തിനു ശേഷം ആദ്യമായി തൊഴിലാളി സമരത്തില്‍ രണ്ടു രക്തസാക്ഷികള്‍ ഉണ്ടായത് മൂന്നാറില്‍ ആയിരുന്നു. സമരത്തിന്‍റെ തുടര്‍ച്ചയായി തൊഴിലാളികളുടെ അവകാശങ്ങള്‍ ഏറെ നേടിയെടുത്തു . എന്നാൽ പിൽക്കാലത്ത് യൂണിയന്‍ നേതാക്കള്‍ തോട്ടം മുതലാളിമാരുടെ ദല്ലാള്‍പണിക്കാരായി.  പൊറുതി മുട്ടിയ സ്ത്രീ തൊഴിലാളികള്‍ പുതിയ സംഘടന ഉണ്ടാക്കി തെരുവില്‍ ഇറങ്ങി.  പൊമ്പിളൈ ഒരുമൈ ഉയര്‍ത്തിയ ആവശ്യത്തിനൊപ്പം അവസാനം കൂടി ആ സമരത്തെ ഈ യൂണിയനുകൾ അട്ടിമറിച്ചു.  ബോണസ്സ് കൊടുക്കുവാന്‍ മുതലാളിമാര്‍ക്ക് പാങ്ങില്ല എന്ന് പറഞ്ഞ നേതാക്കള്‍ 500 രൂപാ വേതന ആവശ്യം 301 രൂപയില്‍ ഒതുക്കി.(റബ്ബര്‍ തോട്ടം വേതനം 381 രൂപയിലും).

 

ഇടതു സര്‍ക്കാര്‍ പ്രകടന പത്രികയില്‍ 500 രൂപ മിനിമം വേതനം എന്ന് ഉറപ്പു നല്‍കി. മാസം 25 കഴിഞ്ഞു. തൊഴിലാളികളുടെ മിനിമം വേതനം കൂട്ടിയില്ല .അതുവഴി കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ തൊഴിലാളികള്‍ക്ക് ഉണ്ടായ ആകെ നഷ്ടം 15625 കോടി രൂപ. (പ്രതിദിനം ഒരു തൊഴിലാളിക്ക് 100 രൂപ വെച്ച് നഷ്ടം കണക്കാക്കിയാല്‍ 25 ലക്ഷം തൊഴിലാളികള്‍ 25 ദിവസം 25 മാസം) .ഇതിനിടയിൽ  എം.എൽ.എ മാര്‍ക്ക് വേതനം കൃത്യമായി കൂട്ടിയ കാര്യവും നമുക്കറിയാം. ഇത്രയും രൂപ കുത്തകകൾക്ക് ലാഭമുണ്ടാക്കി കൊടുത്ത സർക്കാർ വീണ്ടും തൊഴിലാളികളുടെ പേരുപറഞ്ഞ്  പശ്ചിമഘട്ടത്തെ തകർക്കാൻ കൂട്ട് നിൽക്കുകയാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment