ചെറിയ മീൻ കൊത്തി എന്ന നീലപൊൻമാൻ




ചെറിയ മീൻ കൊത്തി/  Common Kingfisher / Small Blue Kingfisher ( Alcedo athis )


കുളക്കരയിലും , പുഴവക്കത്തും മറ്റും, സാധാരണ കാണപ്പെടുന്ന ഈ  പക്ഷിയേ നീലപൊൻമാൻ എന്നും വിളിക്കാറുണ്ട് . ഉപരിഭാഗമെല്ലാം തിളങ്ങുന്ന നീല , അടിവശത്ത് കാവി നിറം. കണ്ണിനു പുറകേ ചെവി തടത്തിൽ ചെമ്പിച്ച തവിട്ടു നിറത്തിൽ ഒരു പട്ടയും അതിനു പുറകിൽ ഒരു തൂവെള്ള പട്ടയും കാണാം .


ഏതു സമയവും വെള്ളത്തിനടുത്തിരുന്ന് അതിലേക്കുറ്റു നോക്കി കൊണ്ടു ജീവിക്കുന്ന ഒരു സുന്ദരനാണ് ചെറിയ മീൻ കൊത്തി. വല്ല കല്ലിൻമേലേ മറ്റോ ഇരുന്ന് ഇടയ്ക്കിടെ കുറുതായ വാലിനെ താളം പിടിക്കുന്ന ഭാഗവതരുടെ കയ്യു  പോലെ പെട്ടന്നുയർത്തിയും , താഴ്ത്തിയും , തല ഉടൻ തന്നെ പൊന്തിച്ചമർത്തിയും കൊണ്ട് കൂടെ കൂടെ ക്ലിക്ക് - ക്ലിക്ക് എന്ന ശബ്ദവും പുറപ്പെടുവിക്കുന്ന ഈ പക്ഷി , പൊടുന്നനവേ ശരം പോലെ പറന്നു വെള്ളത്തിൽ പ്രവേശിക്കുന്നതു കാണാം. കണ്ണിമ പൂട്ടുന്ന സമയം മാത്രം വെള്ളത്തിലാണ്ട് , ഒരു ഞൊടിയ്ക്കുള്ളിൽ മടങ്ങി എത്തി , പൂർവ്വ സ്ഥാനത്തൊ മറ്റൊരു കല്ലിലോ ഇരിക്കും .കൊക്കിൽ ആ സമയത്ത് ഒരു ചെറു മീൻ പിടയുന്നതു കാണാം .ആദ്യം മീനിന്റെ നടുക്കായിരിക്കും പക്ഷിയുടെ പിടുത്തം .പെട്ടന്ന് അത് തലയൊന്നു തിരിക്കും .അതിനിടയ്ക്ക് ജാലവിദ്യയാലെന്ന പോലെ മീനിന്റെ തല പക്ഷിയുടെ വായ്ക്കകത്ത് എത്തിയിരിക്കും .


തനിക്കു കിട്ടിയ മീൻ അൽപ്പം വലുപ്പം കൂടിയതാണെങ്കിൽ ,പക്ഷി അതിനേ ഇരുപ്പിടത്തിലടിച്ചു പതം വരുത്തിയ ശേഷമേ വിഴുങ്ങുകയുള്ളൂ. മീൻ കൊത്തിക്കു മൽസൃം മാത്രമല്ല ആഹാരം. തവള കുഞ്ഞുങ്ങളേയും ,മറ്റു പല ജാതി ചെറു പ്രാണികളേയും ഇതു പിടിച്ച് തിന്നാറുണ്ട് . ആഹാരം മുഴുവനും ജലജീവികളാണെന്നു മാത്രം .


നവംബർ മുതൽ ജൂൺ വരേ നീണ്ടുപോകും ഈ പക്ഷികളുടെ സന്താനോൽപ്പാദന കാലം. ഇക്കാലത്ത് ആണും , പെണ്ണും ചേർന്ന് പുഴക്കരയിലോ മറ്റുമുള്ള മണൽതിട്ടിൽ കൂടുണ്ടാക്കി ,അഞ്ചു മുതൽ ഏഴു മുട്ടകളിടും . അടിയിരിക്കുന്നതിലും ,കുഞ്ഞുങ്ങളെ പൊറ്റുന്നതിലും ഇണ പക്ഷികൾ രണ്ടും ഒരു പോലെ മനസ്സിരുത്താറുണ്ട്.


തിളങ്ങുന്ന വജ്രക്കല്ലുകളേ പോലെയുള്ള ഈ മനോഹരമായ പക്ഷിയോട് കവികൾക്കു വലിയ സ്നേഹമാണ് .ജലാശയ വർണ്ണന പൂർത്തിയാവണമെങ്കിൽ മീൻ കൊത്തിയെക്കുറിച്ച് ഒരു വരിയെങ്കിലും എഴുതണം .മഴവില്ലിനെ പോലും നാണിപ്പിക്കുന്ന വർണ്ണശമ്പളതയുള്ള ഈ പക്ഷി കവിഹൃദയങ്ങളെ കവർന്നതിൽ തീരേ അത്ഭുതമില്ലെന്ന് , മീൻ കൊത്തിയെ കുറച്ചു നേരം നോക്കിയിരുന്നാൽ നിങ്ങളും സമ്മതിക്കും.

Green Reporter

Basil Peter

Visit our Facebook page...

Responses

0 Comments

Leave your comment