ഭൂകമ്പ സാധ്യതാ മേഖലയിൽ അപകടം ഒരുക്കി വെച്ച് ഈ ക്വാറി




തൃശൂർ : വലിയൊരു ദുരന്തത്തെ മുന്നിൽ കണ്ടാണ് തൃശൂർ ജില്ലയിലെ ദേശമംഗലം നിവാസികൾ ഓരോ ദിവസവും കഴിയുന്നത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം അവരുടെ ഭീതി വർദ്ധിപ്പിച്ചിരിക്കുന്നു. മലഞ്ചെരിവിലെ അഞ്ചേക്കർ വരുന്ന ക്വാറിയിൽ കെട്ടി നിൽക്കുന്ന വെള്ളം എപ്പോൾ വേണമെങ്കിലും തങ്ങളുടെ മേലേക്ക് പതിച്ചേക്കാം എന്ന് ഈ നാട്ടുകാർ ഭയപ്പെടുന്നു. ദേശമംഗലത്ത് കഴിഞ്ഞ 13 വർഷമായി പ്രവർത്തിക്കുന്ന ബി.പി അസോസിയേറ്റ് എന്ന ക്രഷറാണ് അപകട ഭീഷണി ഉയർത്തുന്നത്. പ്രാദേശിക സമരസമിതി വിവരാവകാശ നിയമപ്രകാരം നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ നിന്ന് നേടിയ രേഖ അനുസരിച്ച് 2003 നും 2017 നും ഇടയിൽ 29 ഭൂചലനങ്ങളാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്. 

 

മൈനിംഗ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥരുടെയും, ചില രാഷ്ട്രീയക്കാരുടേയും പിൻബലത്തോടെയാണ് ക്വാറി ഇവിടെ പ്രവർത്തിക്കുന്നതിനും, എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി പ്രവർത്തിക്കുന്ന ഈ ക്വാറിക്കെതിരെ പ്രതികരിക്കുന്നവരെ സ്വാധീനം ഉപയോഗിച്ച് നിശ്ശബ്ദരാക്കുകയാണ് പതിവെന്നും സമരസമിതി ആരോപിക്കുന്നു. ആരോഗ്യപ്രവർത്തകർ നടത്തിയ ഒരു പഠനത്തിൽ ഈ പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തെ ഈ ക്രഷർ മാരകമായി ബാധിക്കുന്നതായി കണ്ടെത്തിയതായും സമരസമിതി പറയുന്നു. ഈ ക്വാറിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ഇവർ ഇപ്പോൾ. 

 

ഒരു തരത്തിലും ക്വാറി പ്രവർത്തിപ്പിക്കാൻ സാധ്യതയില്ലാത്ത സ്ഥലത്ത് ഉദ്യോഗസ്ഥ, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഈ ക്രഷർ പ്രവർത്തിക്കുന്നതെന്ന് ഇവർ പറയുന്നു. ഭൂചലന സാധ്യതയുള്ള മേഖലയായതിനാൽ ചെറിയൊരു ഭൂചലനം കുന്നിൽ വിള്ളൽ വീഴ്ത്തിയാൽ പുനരധിവസിപ്പിക്കാൻ പോലും മനുഷ്യനെ ബാക്കിവെക്കാതെ ,ഒരു രക്ഷാപ്രവർത്തനത്തിനും വീണ്ടെടുക്കാനാകാതെ ഈ മനുഷ്യർ മുഴുവൻ മണ്ണിനടിയിലേക്ക് മൂടപ്പെടും എന്ന ആശങ്ക ഇവർ പങ്കുവെക്കുന്നു. ആർത്തിയൊടുങ്ങാത്ത മനുഷ്യന്റെ അത്യാഗ്രഹത്തിന്  കൊടുക്കേണ്ടിവരുന്ന വലിയ വിലയായി തങ്ങൾ ഭൂപടത്തിൽ നിന്ന് തന്നെ മാഞ്ഞു പോകുമോ എന്ന ഭീതിയിലാണ് ഈ മനുഷ്യർ. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment