പ്രളയത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത് പരിസ്ഥിതിക്ക് മേലുള്ള അനിയന്ത്രിതമായ ഇടപെടലെന്ന് ദേശാഭിമാനി മുഖപ്രസംഗം




കേരളത്തിലെ പ്രളയത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത് പരിസ്ഥിതിക്ക് മേലുള്ള അനിയന്ത്രിതമായ ഇടപെടലെന്ന് ദേശാഭിമാനി മുഖപ്രസംഗം. കേരളത്തിലെ പ്രളയത്തിന് ഇടയാക്കിയത് അപ്രതീക്ഷിതവും അസാധാരണവുമായ മഴയാണെങ്കിലും ചിലയിടത്തെങ്കിലും അതിന്റെ ആഘാതം വര്‍ധിപ്പിച്ചത് പരിസ്ഥിതിക്ക് മേലുളള അനിയന്ത്രിതമായ ഇടപെടലാണെന്ന് സിപിഐഎം മുഖപത്രമായ ദേശാഭിമാനി എഡിറ്റോറിയലിൽ പറയുന്നു. പുതിയ കേരളം നിർമ്മിക്കുമ്പോൾ എന്ന തലക്കെട്ടിലാണ് ദേശാഭിമാനി മുഖപ്രസംഗം. അതതിടത്തെ പരിസ്ഥിതികൂടി പരിഗണിച്ചുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളേ ഇനി അനുവദിക്കുകയുള്ളൂ എന്ന തീരുമാനം വേണ്ടിവരുമെന്നും മുഖപ്രസംഗം പറയുന്നു.

 

കാലാവസ്ഥ വ്യതിയാനം ഉയര്‍ത്തുന്ന പ്രശ്‌നങ്ങളും പ്രധാനമാണ്. സാന്ദ്രത കൂടിയ മഴയും കനത്ത മഴയും ഇതുമൂലം ഉണ്ടാകാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മലയിടിച്ചിലിന് ഇടയാക്കുന്ന വിധത്തിലുള്ള വനനശീകരണവും ജലശേഖരണ സംവിധാനങ്ങള്‍ ഇല്ലാതാക്കി തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്ന പ്രവണതയും തടയണം. ക്വാറികള്‍ക്കും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും മുന്‍വിധികളില്ലാത്ത പഠനങ്ങളുടെ അടിസ്ഥാനത്തില്‍, നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടിവരും. പശ്ചിമഘട്ട സംരക്ഷണമെന്ന എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കാനുള്ള നടപടികള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുകയും വേണം. ദേശാഭിമാനി ചൂണ്ടിക്കാട്ടുന്നു. 

 

കേരളം ഉള്‍പ്പെടുന്ന മേഖല പ്രളയബാധിതപ്രദേശമായി ഇതുവരെ കേന്ദ്രസര്‍ക്കാര്‍ പഠനങ്ങളിലും കരുതപ്പെട്ടിരുന്നില്ല. മിന്നല്‍ വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിലും കേരളം പെടുന്നില്ല. കാലവര്‍ഷക്കാലത്ത് ചുഴലിക്കാറ്റുകള്‍ അടിക്കാന്‍ സാധ്യതയുള്ള നാടുമല്ല നമ്മുടേത്.എന്നാല്‍, ഇനി അങ്ങനെ നീങ്ങാനാകില്ല. ഇനി നമ്മള്‍ രൂപപ്പെടുത്തുന്ന വികസനപദ്ധതികളിലൊക്കെ ഈ കരുതല്‍ വേണ്ടിവരും. ഇപ്പോഴത്തെ ദുരന്തനിവാരണ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ഇത്തരം കാര്യങ്ങളിലും സര്‍ക്കാര്‍ ശ്രദ്ധയൂന്നുമെന്ന് പ്രതീക്ഷിക്കാമെന്നാണ് മുഖപ്രസംഗം അവസാനിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും കനത്ത പ്രളയത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത് പശ്ചിമഘട്ട മലനിരകൾക്കും കേരളത്തിന്റെ പരിസ്ഥിതിക്കും മേൽ അനിയന്ത്രിതമായി നടത്തിയ ഇടപെടലുകളാണെന്ന യാഥാർഥ്യം സിപിഐഎം മുഖപത്രമായ ദേശാഭിമാനി തിരിച്ചറിയുന്നത് ശുഭസൂചനയാണ്. 

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment