പസഫിക് സമുദ്രത്തിലെ പ്ലാസ്റ്റിക്ക് നീക്കാൻ 600 മീറ്റർ നീളമുള്ള ഭീമൻ വളയം




പ്ലാസ്റ്റിക്ക് മാലിന്യത്താൽ നിറഞ്ഞ പസിഫിക് സമുദ്രത്തെ വൃത്തിയാക്കാൻ പുതിയ സംവിധാനവുമായി അമേരിക്കൻ പരിസ്ഥിതി സംഘടന. പ്രത്യേകം രൂപകൽപ്പന ചെയ്ത 600 മീറ്റർ നീളമുള്ള ഒരു വളയമാണ് കടലിൽ ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ കോരിയെടുക്കാൻ വേണ്ടി കടലിൽ ഇറക്കിയിരിക്കുന്നത്. ഓഷ്യൻ ക്ലീൻ അപ്പ് ഫൗണ്ടേഷൻ എന്ന സംഘടനയാണ് ഈ വളയത്തിന്റെ കണ്ടെത്തലിന് പിന്നിൽ. കഴിഞ്ഞ ശനിയാഴ്ച സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ഈ ഭീമൻ വളയം യാത്ര തിരിച്ചു. ആദ്യ ഘട്ടത്തിൽ 450 കിലോമീറ്ററോളം സമുദ്രം വൃത്തിയാക്കാനാണ് നീക്കം. 

 

സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലൈറ്റുകൾ, ക്യാമറകൾ, സാറ്റലൈറ്റ് ആന്റിന, സെൻസറുകൾ എന്നിവയടങ്ങിയ യു ഷേപ്പിലുള്ള പ്ലാസ്റ്റിക് വളയമാണ് മാലിന്യങ്ങൾ കോരിയെടുക്കാൻ ഉപയോഗിക്കുന്നത്. മൂന്ന് മീറ്റർ ആഴത്തിലേക്ക് നീണ്ടു കിടക്കുന്ന ഒരു സ്ക്രീനും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. പൊങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇതിൽ കുടുങ്ങുകയും സ്ക്രീനിനടിയിലൂടെ സമുദ്രജീവികൾക്ക് യഥേഷ്ടം കടന്നു പോകാനും സാധിക്കും. സമയാസമയങ്ങളിൽ സാറ്റലൈറ്റ് സംവിധാനം വഴി സ്ഥാനം അറിയാനും, ബോട്ടുകളിൽ എത്തി മാലിന്യം കോരിയെടുത്ത് കരയിലെത്തിച്ച് വേർതിരിക്കാനും സാധിക്കും. 

 

ഫ്രാൻസിനേക്കാൾ മൂന്നിരട്ടി വലിപ്പമുള്ളതാണ് പസഫിക്കിലെ മാലിന്യദ്വീപുകൾ. ഇതിന്റെ 50 ശതമാനം അടുത്ത അഞ്ച് വർഷത്തിനിടെ നീക്കം ചെയ്യാനാണ് ഓഷ്യൻ ക്ലീൻ അപ്പ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. 1.8 ട്രില്യൺ പ്ലാസ്റ്റിക് കഷണങ്ങളാണ് പസഫിക് സമുദ്രത്തിൽ ചിതറിക്കിടക്കുന്നതെന്നാണ് ഗവേഷകർ കണക്ക് കൂട്ടുന്നത്. പുതിയ സംവിധാനം ശേഖരിക്കുന്ന മാലിന്യങ്ങളുമായി ഈ വർഷം അവസാനത്തോടെ കണ്ടയിനറുകൾ തിരികെയെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

 

35 മില്യൺ അമേരിക്കൻ ഡോളർ സംഭാവനയിനത്തിൽ കണ്ടെത്തിയിട്ടുള്ള  ഓഷ്യൻ ക്ലീൻ അപ്പ് ഫൗണ്ടേഷൻ 60 ഇത്തരം മാലിന്യ ശേഖരണ സംവിധാനങ്ങൾ കടലിൽ ഇറക്കാനാണ് ഉദ്ദേശിക്കുന്നത്. 1900 കിലോമീറ്ററുകൾ സഞ്ചരിച്ച് ഗ്രേറ്റ് പസഫിക് ഗാർബേജ് പാച്ചിലേക്ക് എത്തും. പസഫിക് സമുദ്രത്തിലെ ആറു ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും, 80,000  മെട്രിക് ടൺ ഭാരവുമുള്ള മാലിന്യക്കൂമ്പാരമാണ് ഗ്രേറ്റ് പസഫിക് ഗാർബേജ് പാച്ച്. 

 

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment