സൗദി - കുവൈത്ത് അതിർത്തിയിൽ ശക്തമായ മഴ; ഏഴ് മരണം




ഹഫ്റുല്‍ ബാതിന്‍: സൗദി-കുവൈത്ത് അതിര്‍ത്തിയിലെ ഹഫ്റുല്‍ ബാതിനിലുണ്ടായ ശക്തമായ മഴയില്‍ ഏഴുപേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് ഹഫ്റുല്‍ ബാതിനില്‍ ശക്തമായ കാറ്റും മഴയുമുണ്ടായത്.


ആലിപ്പഴവര്‍ഷത്തോടും ശക്തമായ കാറ്റോടും ആരംഭിച്ച മഴ, അര മണിക്കൂര്‍ ശക്തമായി പെയ്തു. 43 മില്ലി മീറ്റര്‍ മഴ പെയ്തതായാണ് കണക്ക്. റോഡുകളില്‍ വെള്ളം കയറി. നിരവധി വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേടുപാടുണ്ടായി.  മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണു. ഹഫ്റുല്‍ ബാതിന്‍ സെന്‍റല്‍ ആശുപത്രിയിലെ പാര്‍ക്കിങ് കുടകള്‍ തകര്‍ന്നു. കെട്ടിടത്തിെന്‍റ മുന്‍ഭാഗത്തെ ഗ്ലാസുകള്‍ക്ക് കേടുപറ്റി. ആലിപ്പഴ വര്‍ഷത്തില്‍ കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു.


ഗതാഗത തടസ്സമുണ്ടായി. പല മേഖലകളിലും വൈദ്യുതി വിച്ഛേദിച്ചു. ഉയര്‍ന്ന പ്രസരണശേഷിയുള്ള വൈദ്യുതി ടവറുകളും കാറ്റില്‍ നിലംപൊത്തിയതായും റിപ്പോര്‍ട്ടുണ്ട്. 


40 വാഹനങ്ങള്‍ക്കും മൂന്ന് വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. അതേസമയം ശക്തമായ കാറ്റും മഴയെയും തുടര്‍ന്ന് ഹഫ്റുല്‍ ബാതിനിലെ ചില ഭാഗങ്ങളിലുണ്ടായ വൈദ്യുതിത്തകരാറ് പരിഹരിക്കാന്‍ ശ്രമം നടത്തിവരുകയാണെന്ന് സൗദി ഇലക്ട്രിക് കമ്ബനി ട്വിറ്ററില്‍ അറിയിച്ചു. കാലാവസ്ഥ അനുകൂലമല്ലെങ്കിലും വൈദ്യുതിബന്ധം എത്രയുംവേഗം പുനഃസ്ഥാപിക്കാന്‍ റിപ്പയറിങ് സംഘം സ്ഥലത്തേക്ക് പോയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് ഹഫ്റുല്‍ ബാതിനിലുണ്ടായ മഴയില്‍ വലിയ നാശനഷ്ടങ്ങളാണുണ്ടായത്. മഴക്കെടുതിയില്‍പ്പെട്ടവര്‍ക്കുവേണ്ട സഹായെമത്തിക്കാനാനുള്ള ശ്രമം തുടരുകയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment