പ്രളയദുരിതം തുടരുന്നു ; ഇന്ന് മരിച്ചത് 27 പേർ




സംസ്ഥാനത്ത് എമ്പാടും ദുരന്തം വിതച്ച് കാലവർഷം വീണ്ടും കനത്തു. ഇന്ന് മാത്രം സംസ്ഥാനത്ത് 27 പേരാണ് മരിച്ചത്. മലപ്പുറം ജില്ലയിൽ മാത്രം 12 പേരാണ് ഉരുൾപൊട്ടലിൽ കൊല്ലപ്പെട്ടത്. 12  ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ പലയിടത്തും മണ്ണിടിച്ചിലും, ഉരുൾപൊട്ടലും ഉണ്ടായി. ഇന്നലെ മുതൽ തോരാതെ പെയ്യുന്ന മഴയിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളും പ്രളയക്കെടുതിയിലായിരിക്കുകയാണ്. തിരുവനന്തപുരം നഗരത്തിൽ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. പലയിടത്തും വീടുകൾ പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. തിരുവനന്തപുരം നഗരത്തിൽ നിന്ന് എഴുപതോളമാളുകളെ ഒഴിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ നദികളും നിറഞ്ഞൊഴുകുകയാണ്. നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിട്ടിരിക്കുകയാണ്. 


 

മലപ്പുറം പെരിങ്ങാവിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞ് ഒൻപതു പേരാണ് മരിച്ചത്. ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി വർദ്ധിക്കുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായതോടെ മുല്ലപ്പെരിയാർ തുറന്നു വിട്ടത്, ഇടുക്കിയെ വെള്ളത്തിൽ മുക്കിയിരിക്കുകയാണ്. പത്തനംതിട്ട നഗരത്തിൽ വെള്ളം കയറാൻ തുടങ്ങിയിട്ടുണ്ട്. റാന്നിയിൽ വ്യാപകമായ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായിട്ടുണ്ട്. റാന്നിയിൽ നിന്നു നാവിക സേന രക്ഷപ്പെടുത്തിയ 20 പേരെ തിരുവനന്തപുരം ശംഖുമുഖം നാവിക കേന്ദ്രത്തിൽ എത്തിച്ചു. ഒട്ടേറെ പേർ കെട്ടിടങ്ങളുടെ മുകളിൽ അഭയം തേടിയിരിക്കുകയാണ്. ശബരിമലയിലും പമ്പയിലും ശക്തമായ മഴയും വെള്ളപ്പൊക്കവും നിലനിൽക്കുന്നതിനാൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അയ്യപ്പഭക്തർ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ്  കർശന നിർദ്ദേശം നല്കയിട്ടുണ്ട്. റാന്നിയിൽ വീടുകൾക്ക് മുകളിൽ കുടുങ്ങിയിട്ടുള്ളവരിൽ  ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്താൻ സാധിക്കാതിരുന്നവരെ ഇന്ന് രാത്രി ബോട്ട് ഉപയോഗിച്ച് രക്ഷപ്പെടുത്തും. 

 

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലേക്ക് കുറച്ചുകൊണ്ടുവരുന്നതിന് ഇടപെടണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അണക്കെട്ടിന്‍റെ സുരക്ഷിതത്വം കണക്കിലെടുത്ത് വെള്ളത്തിന്‍റെ അളവ് നിയന്ത്രിക്കണം. മുല്ലപ്പെരിയാറിന്‍റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്ത് പെയ്തുകൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 142 അടിയില്‍ എത്തി. 142 അടിയില്‍ നിന്ന് വെള്ളം പെട്ടെന്ന് തുറന്നു വിടുമ്പോള്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കും. അതിനാല്‍ വെള്ളം കൂടുതലായി തുറന്നുവിടേണ്ടതുണ്ട്. ഇക്കാര്യത്തില്‍ തമിഴ്നാടിന്‍റെ എഞ്ചിനീയര്‍മാര്‍ വേണ്ടത്ര സഹകരിക്കുന്നില്ലെന്നും  പളനിസ്വാമിക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.


കേന്ദ്രസേനയുടെയും മിലിട്ടറി എൻജിനീയറിംഗ് വിങ്ങിന്റെയും സഹായം കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തകരെ ദുരിതമേഖലകളിൽ എത്തിക്കാൻ സീ 17 വിമാനങ്ങളും, കൂടുതൽ ബോട്ടുകൾ വേണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ തോരാതെ മഴ പെയ്യുന്ന സാഹചര്യത്തിൽ ഈ ജില്ലകളിൽ കൂടി റെഡ് അലർട്ട് പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment