മത്സ്യതൊഴിലാളി സമൂഹത്തിന് കേരളത്തിന്റെ സല്യൂട്ട്




കേരള  സമൂഹത്തിലെ പ്രകൃതി ദുരന്തം ആവര്‍ത്തിച്ച് അനുഭവിച്ചു വരുന്ന കടലോരവാസികളായ  ധീരന്‍മാരായ മനുഷ്യര്‍ സംസ്ഥാനം  പ്രളയത്താല്‍ മുങ്ങുമ്പോള്‍ അവിടെയെത്തി ജനങ്ങളെ രക്ഷിക്കുവാന്‍ മുന്നില്‍ നില്‍ക്കുന്നു എന്ന വാർത്ത സന്തോഷകരമാണ്.

 
അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത വെള്ളപ്പൊക്കാത്താൽ  ഭയന്നു വിറക്കുകയാണ് നാട് .കാസര്‍ഗോഡ്‌ ഒഴിച്ച് മറ്റേല്ലാ ജില്ലകളും  നാളിതുവരെ ഇല്ലാത്ത ദുരന്തങ്ങളിലൂടെ കടന്നുപോകുന്നു. ഏറ്റവും അധികം മഴ ലഭിച്ച ഇടുക്കി, പാലക്കാട്ട്, വയനാട് ജില്ലകളില്‍ ഒതുങ്ങാത്ത ദുരന്തം പടിപടിയായി മറ്റു ജില്ലകളിലേക്കും വ്യാപിച്ചു.

1960 മുതല്‍ 2010 വരെ സംസ്ഥാനത്ത് 63 ഉരുള്‍പൊട്ടല്‍ ഉണ്ടായി എന്ന് CESS രേഖപെടുത്തിയിരുന്നു.50 വര്‍ഷത്തിനുള്ളില്‍ ശരാശരി ഒന്നിലധികം ഉരുള്‍പൊട്ടല്‍ സംഭവിച്ചു. തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയില്‍ ആയിരുന്നു അതില്‍ ഏറ്റവും വലിയ ദുരന്തം .ഒരൊറ്റ രാത്രിയില്‍ 39 ആളുകള്‍ മരണപെട്ട സംഭവത്തെ പാഠമാക്കുവാന്‍ നമുക്ക് കഴിഞ്ഞില്ല. 

 

ഈ കാലവര്‍ഷത്തില്‍ ഇടുക്കിയിലും വയനാട്ടിലും മാത്രം പൊട്ടി ഒലിച്ച മല നിരകള്‍ 150ലധികമാണ്. മലപ്പുറത്തും കോട്ടയത്തും പാലക്കാട്ടും പത്തനംതിട്ടയിലും നിരവധി ഉരുള്‍പൊട്ടല്‍ ഉണ്ടായി. വിവരിക്കുവാന്‍ കഴിയാത്ത ദുരന്തത്താൽ നമ്മുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ  ലക്ഷ്യത്തില്‍ എത്തുവാന്‍ വിജയിക്കുന്നില്ല. ദുരിതാശ്വാസ വിഷയത്തില്‍ അത്ര കണ്ടു പരിചിതമല്ലാത്തതും ദേശിയ ശ്രദ്ധ നേടാത്തതുമായ സംവിധാനങ്ങളാണ് കേരളത്തില്‍ പ്രവർത്തിക്കുന്നത്.

 
ദുരിത അവസ്ഥകളുടെ ഒന്നാം ഘട്ടത്തിലൂടെ നാട് കടന്നു പോകുമ്പോള്‍ അനുബന്ധ പ്രതിസന്ധികള്‍ വളരെ രൂക്ഷമായിരിക്കും. അത്തരം പ്രതിസന്ധികളെ തരണം ചെയ്യുവാന്‍ നാടിനു നാളെ കഴിയും എന്ന്  പ്രതീക്ഷിക്കാം.

 

കഴിഞ്ഞ ആഴ്ച്ചയില്‍ കുട്ടനാട് വെള്ളത്താല്‍ മുങ്ങി താണപ്പോള്‍ 6.5 ലക്ഷം ആളുകള്‍ ക്യാമ്പുകളിലേക്ക് എത്തേണ്ടി വന്നു. എന്നാല്‍ 9 നുശേഷമുള്ള വെള്ളപൊക്കം മലപ്പുറം, പാലക്കാട്,കോട്ടയം, ഇടുക്കി ഡാമിന്‍റെ താഴ് വരെയും ഒക്കെ  മുക്കി താഴ്ത്തി. സൈന്യവും മറ്റു സേനകളും രംഗത്ത് ഉണ്ട് എങ്കിലും വിവിധ ജില്ലകളില്‍ നിന്നും എത്തിയ മത്സ്യതൊഴിലാളികള്‍ അവരുടെ വള്ളം ഉപയോഗിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനം വാക്കുകള്‍കൊണ്ട് വിവരിക്കുവാന്‍ കഴിയുന്നതിനും അപ്പുറമാണ്.

 

സൈന്യത്തിന്‍റെ യാനങ്ങളില്‍ രക്ഷപെടുത്തുവാന്‍ കഴിയുന്നവരുടെ എണ്ണം ഏറെ കുറവാണ് എന്നിരിക്കെ മത്സ്യതൊഴിലാളികളുടെ വള്ളങ്ങളില്‍  അധികം ആളുകളെ രക്ഷപെടുത്തുവാന്‍ കഴിഞ്ഞു കുടുങ്ങി കിടക്കുന്ന വീടുകളില്‍ നിന്നും നീന്തി എത്തി അവരെ വള്ളങ്ങളില്‍ എത്തിച്ചു രക്ഷപെടുത്തുവാന്‍ അവർ കാട്ടിവരുന്ന ശ്രമം എത്ര മഹത്തരമാണ്.

 

ഓഖി ദുരന്തത്തിന്‍റെ ഇരകളുടെ ബന്ധുക്കള്‍ തന്നെ മറ്റൊരു ദുരിത ഇടത്തെത്തി നടത്തുന്ന ശ്രമങ്ങള്‍ ലോകത്തിനു മാതൃകയാണ്.

 

കാലാവസ്ഥയില്‍ ഉണ്ടായ മാറ്റം കടലില്‍ നിരവധി പ്രതിസന്ധികള്‍ ഉണ്ടാക്കി.മത്സ്യ ലഭ്യതയിലെ കുറവ് ഗ്രാമങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്നു. കടലില്‍ ഒഴുകി എത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മറ്റൊരു പ്രതിസന്ധിയാണ്. ചാകര പോലും വേണ്ട വിധത്തില്‍ ഉണ്ടാകാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. സംസ്ഥാനത്തെ 550 കിലോമീറ്റർ  തീരദേശത്തില്‍ 320 കിലോമീറ്ററും കടല്‍ ക്ഷോഭത്താല്‍   വിഷമത്തിലാണ്. തീരദേശത്തെ വന്‍കിട പദ്ധികള്‍ മത്സ്യരംഗത്ത് ജീവിതങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടില്‍ എത്തിച്ചു വരുന്നു.

 

ഒരു നൂറ്റാണ്ടിനു മുന്‍പ് ശ്രീ.അയ്യന്‍‌കാളിയുടെ നേതൃത്വത്തില്‍ നടത്തിയ വിദ്യാഭ്യാസ അവകാശ സമരത്തിനു പിന്തുണ നല്‍കിയ തിരുവിതാംകൂറിലെ മത്സ്യ തൊഴിലാളികള്‍ അന്ന്  ഒരു ജനതയുടെ വിമോചന സമരത്തെ സഹായിച്ചു വിജയിപ്പിക്കുകയായിരുന്നു. പഞ്ചമിയുടെ സ്കൂൾ പ്രവേശന അവകാശ സമരത്തെ ലക്ഷ്യത്തിൽ എത്തിക്കുവാൻ മത്സ്യതൊഴിലാളി ഗ്രാമങ്ങൾ നൽകിയ പിൻതുണ നിർണ്ണായക പങ്കാണു വഹിച്ചത്.  അതേ മാനവികമൂല്യങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ് ഇന്നു വെള്ളപൊക്ക സ്ഥലങ്ങളിൽ നടത്തിവരുന്ന  നമ്മുടെ പ്രിയപ്പെട്ട മത്സ്യ തൊഴിലാളികളുടെ  രക്ഷാപ്രവര്‍ത്തനങ്ങൾ.

 

മഹത്തരമായ രക്ഷാപ്രവർത്തനം  നടത്തുന്ന നമ്മുടെ മത്സ്യത്തൊഴിലാളികളെ ഈ ലോകം എത്ര കണ്ട് അഭിനന്ദിച്ചാലും  മതിയാവുകയില്ല.
 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment