ദുരന്തം വിതച്ച് ഡാമുകൾ ; ലാവോസ് ജലവൈദ്യുത പദ്ധതികൾ ഉപേക്ഷിച്ചു




കൂടുതൽ ഡാമുകൾ നിർമ്മിച്ച് തെക്ക് കിഴക്കൻ ഏഷ്യയുടെ പവർ സെന്ററായി മാറാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറാനൊരുങ്ങി ലാവോസ്. ജൂലൈ23 നുണ്ടായ ഡാം അപകടമാണ് മാറിച്ചിന്തിക്കാൻ ലാവോസിനെ പ്രേരിപ്പിച്ചത്.  തെക്കൻ ലാവോസിലെ അട്ടാപ്പിയു പ്രവിശ്യയിൽ കൊറിയൻ നിർമ്മിത ഷെ പിയാൻ ഷെ നാംനോയ് അണക്കെട്ടാണ് ജൂലൈ 23 ന് തകർന്നത്. ദുരന്തത്തിൽ 34 പേർ മരിക്കുകയും നൂറുകണക്കിന് പേരെ കാണാതാവുകയും ചെയ്തു. ഡാം തകർന്നതിനെ തുടർന്ന് വെള്ളം സെകോങ് നദിയിലേക്ക് ഇരച്ചെത്തിയത് അയൽരാജ്യമായ കമ്പോഡിയയിലും വ്യാപക നാശനഷ്ടം വിതച്ച വെള്ളപ്പൊക്കത്തിന് കാരണമായി. വിയറ്റ്നാമിലെ കാർഷികമേഖലയെയും വെള്ളപ്പൊക്കം ബാധിച്ചതായാണ് റിപ്പോർട്ടുകൾ. 

 

ലാവോസിലെ ഉന്നത ഉദ്യോഗസ്ഥരും ദുരന്തത്തിന് ഇരയായവരിൽ ഉൾപ്പെടുന്നു. ഇതിനെ തുടർന്ന് ആഗസ്റ്റ് 7 ന് പുതിയ ജലവൈദ്യുത പദ്ധതികൾ നിർത്തിവെക്കുന്നതായി ലാവോസ് ഗവണ്മെന്റ് പ്രഖ്യാപിച്ചു. പുതിയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വികസന നയത്തെ കുറിച്ച് പുനഃപരിശോധിക്കുന്നതിനായാണ് തീരുമാനം. പണി പൂർത്തിയായതും, നിർമ്മാണത്തിൽ ഇരിക്കുന്നതുമായ എല്ലാ ഡാമുകളും പരിശോധിക്കാൻ പ്രത്യേക ദൗത്യസേനയെയും ലാവോസ് പ്രധാനമന്ത്രി നിയമിച്ചു. 

 

സെകോങ് ഡാം ദുരന്തം മനുഷ്യനിർമ്മിത ദുരന്തമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നിർമ്മാണത്തിലിരിക്കുന്ന ഡാം പ്രതികൂല കാലാവസ്ഥയെ അതിജീവിക്കില്ലെന്നും, വിയറ്റ്നാം തീരത്ത് കൂടി കൊടുങ്കാറ്റ് സഞ്ചരിക്കുന്നതായും അറിവുണ്ടായിട്ടും കൊറിയൻ കമ്പനിയായ പി.എൻ.പി.സി അധികൃതർ യാതൊരു മുന്നറിയിപ്പും നൽകുകയോ മുൻകരുതലുകൾ സ്വീകരിക്കുകയോ ചെയ്തില്ല എന്നാണ് ആരോപണം. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് സാധാരണ ലഭിക്കുന്നതിൽ നിന്ന് മൂന്നിരട്ടി മഴയാണ് ലഭിച്ചത്. ഈ മൺസൂണിലെ ഏറ്റവും കൂടിയ മഴ ഉണ്ടാകുമെന്ന് ദിവസങ്ങൾക്ക് മുൻപ് ലഭിച്ച കാലാവസ്ഥ മുന്നറിയിപ്പുകളും കമ്പനി അവഗണിച്ചു. ഡാം തകരുന്നതിന് 24 മണിക്കൂർ മുൻപ് തന്നെ ഡാം പൂർണ്ണമായും നിറഞ്ഞിരുന്നു എങ്കിലും കമ്പനി ഇതും അവഗണിക്കുകയായിരുന്നു. ഡാം തകരുന്നതിന് മണിക്കൂറുകൾ മുൻപ് മാത്രമാണ് ഡാം തകർന്നേക്കുമെന്ന് കമ്പനി ഗവണ്മെന്റിനെ അറിയിച്ചത്. 

 

140 ഡാമുകളാണ് ലാവോസിൽ ഉടനീളമുള്ളത്. ഇതിൽ മൂന്നിലൊന്നും പണി പൂർത്തിയായവയുമാണ്. ഡാം നിർമ്മിച്ച് 20 മുതൽ 30 വർഷം വരെ പ്രവർത്തിപ്പിച്ച ശേഷം ഗവൺമെന്റിന് തിരികെ നൽകുന്ന കരാറിന്റെ അടിസ്ഥാനത്തിൽ ചൈന, തായ്‌ലൻഡ്,കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള സ്വകാര്യ കമ്പനികളാണ് ഈ ഡാമുകൾ നിർമ്മിക്കുന്നത്. ഇത് കൊണ്ട് ലാവോസിന് പ്രത്യേകിച്ച് നേട്ടമൊന്നും ഉണ്ടാകുന്നില്ല. ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി മുഴുവൻ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ട് പോകുകയാണ് ചെയ്യുന്നത്. അതേ  സമയം ഡാമുകൾ കൊണ്ടുണ്ടാകുന്ന ദുരന്തങ്ങൾ മുഴുവൻ ലാവോസ് ജനത അനുഭവിക്കേണ്ടി വരികയും, ദുരിതാശ്വാസത്തിന് വേണ്ടി വൻതുക ഗവൺമെന്റിന് ചെലവഴിക്കേണ്ടതായും വരുന്നു. 

 

അവികസിത രാജ്യത്തിൽ നിന്ന് വൈദ്യുതി കയറ്റുമതി ചെയ്ത് മധ്യവർത്തി രാഷ്ട്രമായി മാറാനുള്ള പദ്ധതിയുടെ ഭാഗമായാണ് ലാവോസ് ഗവണ്മെന്റ് വൻതോതിൽ ജലവൈദ്യുത പദ്ധതികൾ നിർമ്മിക്കാൻ അനുമതി നൽകിയത്. എന്നാൽ രാജ്യത്തെ സാധാരണക്കാർക്കും, ഗോത്രവിഭാഗങ്ങൾക്കും ഈ തീരുമാനം ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് നിരവധി പഠനങ്ങൾ മുന്നറിയിപ്പ് നൽകി. അതോടൊപ്പം ഡാമുകൾ വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ വരുത്തി വെക്കുമെന്നും വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. സെകോങ് നദിയിലെ മൽസ്യ പ്രജനനത്തെ ഡാമുകൾ ഗുരുതരമായി ബാധിക്കുകയും ഉൾനാടൻ മൽസ്യബന്ധന മേഖലയെ തകർക്കുകയും ചെയ്തു. 

 

ആവശ്യമായ ദുരന്തനിവാരണ സംവിധാനങ്ങളോ, കാലാവസ്ഥാ പ്രവചന സംവിധാനമോ ഇല്ലാത്ത ലാവോസ് ഇത്രയും ഡാമുകൾ നിർമ്മിക്കുന്നതിലൂടെ വലിയ ദുരന്തം വിലകൊടുത്തു വാങ്ങുകയാണെന്ന് പലരും മുന്നറിയിപ്പ് നൽകിയിരുന്നു. പ്രാദേശിക ജനതയ്ക്ക് ഡാമുകൾ കൊണ്ട് എന്ത് നേട്ടമുണ്ടാകുന്നു എന്ന ചോദ്യവും ഉയർന്നിരുന്നു. പ്രാദേശിക ജനതയ്ക്ക് അവരുടെ വീടും സ്ഥലവും വലിയ തോതിൽ ഈ പദ്ധതികൾക്ക് വേണ്ടി വിട്ടു കൊടുക്കുകയും ചെയ്യേണ്ടി വന്നു. തായ്‌ലാൻഡും വിയറ്റ്നാമും പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ ഉപയോഗപ്പെടുത്താൻ തുടങ്ങിയതും ലാവോസിന്റെ ജലവൈദ്യുത പദ്ധതികളെ ബാധിച്ചു. സോളാർ, കാറ്റാടി പോലുള്ള ഊർജ്ജസ്രോതസ്സുകളെ കൂടുതൽ ഉപയോഗിക്കാനാണ് ലാവോസ് ഗവണ്മെന്റ് ഇപ്പോൾ പദ്ധതിയിടുന്നത്. 

 

കടപ്പാട് : www.eastbysoutheast.com 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment