തുടിയുരുളിപ്പാറയിലെ ഉരുൾപൊട്ടൽ ; കളക്ടർ സ്ഥലം സന്ദർശിച്ച് ക്വാറി പ്രവർത്തനം നിർത്തുന്നതുവരെ വരെ രാപ്പകൽ സമരം




പത്തനംതിട്ട: പ്രമാടം പഞ്ചായത്തിലെ അതീവ പരിസ്ഥിതി ദുർബല പ്രദേശമായ തുടിയുരുളിപ്പാറയിൽ ആമ്പാടി ഗ്രാനൈറ്റ്സിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ക്വാറി അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ സമരത്തിൽ. വി.കോട്ടയം ഗ്രാമരക്ഷാ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ വില്ലേജ് ഓഫീസ് മാർച്ചിന് ശേഷമാണ് രാപ്പകൽ സമരം ആരംഭിച്ചത്.  മലമുകളിൽനിന്നും ശക്തിയായി പാറ കഷണങ്ങളും മണ്ണും ചെളിയും ഒലിച്ചിറങ്ങി നിരവധി വീടുകളിൽ വെള്ളംകയറി നാശനഷ്ടം ഉണ്ടാവുകയും ഏക്കറുകണക്കിന് റബ്ബർ മരങ്ങളും കുരുമുളക് കൃഷിയും നശിച്ചു. പ്രദേശത്തെ ജനങ്ങൾ ഭീതിയോടെയാണ് ഇവിടെ കഴിയുന്നത്.

 


നിയമത്തേയും ജനങ്ങളേയും വെല്ലുവിളിച്ച് സർക്കാർ ഭൂമി കൈയ്യേറി അനധികൃതമായി പ്രവർത്തിച്ചു വരുന്ന ആമ്പാടി ഗ്രാനൈറ്റ്സ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട്  മേശിരിമുരുപ്പ് പടിയിൽ നിന്നും ആരംഭിച്ച വികോട്ടയം വില്ലേജ് ഓഫീസ് മാർച്ച് ഗ്രാമ രക്ഷാസമിതി ചെയർമാൻ കെ.എസ് തോമസ് ഉദ്ഘാടനം ചെയ്തു.എം.കെ.വിജയൻ, ആർ.ജ്യോതിഷ്, ജനകീയ പ്രതിരോധ സമിതി അംഗം ബിനു ബേബി ,പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ കമ്മറ്റി അംഗം കെ.ജി അനിൽകുമാർ എന്നിവർ സംസാരിച്ചു. ദുരന്തനിവാരണ സേന അടക്കമുള്ള ബന്ധപ്പെട്ട വകുപ്പുകൾ ഉരുൾപൊട്ടൽ സ്ഥലം സന്ദർശിച്ച് വിശദമായ പഠനം നടത്തി ഉരുൾപൊട്ടൽ ഭീഷിണി നിലനിൽക്കുന്ന സ്ഥലത്തു നിന്ന് ആളുകളെ ഒഴുപ്പിച്ച്  ഉടനടി പാറമടയുടെ പ്രവർത്തനം നിർത്തിവയ്പ്പിക്കണമെന്നും കളക്ടർ സ്ഥലം സന്ദർശിക്കുന്നതു വരെ രാപകൽ സമരം തുടരുമെന്നും ഗ്രാമ രക്ഷാസമിതി ചെയർമാൻ കെ.എസ് തോമസ് പറഞ്ഞു. 

 


2004 മുതൽ നടക്കുന്ന നിയമയുദ്ധങ്ങൾക്കും ആയിരകണക്കിന് പരാതികളുടെയും അടിസ്ഥാനത്തിൽ  സർക്കാർ ഭൂമി അളന്ന് തിട്ടപ്പെടുത്തി അനധികൃതമായി പൊട്ടിച്ചു കടത്തിയ ക്വാറി ഉത്പന്നങ്ങൾക്ക് അഞ്ചരകോടി രൂപയും ഖനന ഭൂവിജ്ഞാന വകുപ്പ് 92 ലക്ഷം രൂപയും പിഴയൊടുക്കാൻ ഉത്തരവിട്ട് വർഷങ്ങളായിട്ടും ഉന്നത രാഷ്ട്രീയ സമ്മർദ്ദത്തിൽ പിഴ ഈടാക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകാത്തത് ക്വാറി മാഫിയ ഉദ്യോഗസ്ഥ കൂട്ടുകെട്ടിലേക്കാണ് വിരൽ ചൂണ്ടുന്നത്. അമ്പാടി ഗ്രാനൈറ്റ്സിന്റെ നിയമലംഘനങ്ങൾ ചൂണ്ടികാട്ടി റിപ്പോർട്ട് തയ്യാറാക്കിയ കോന്നി തഹസിൽദാർക്കെതിരെ പ്രതികാര നടപടികളുമായി മുമ്പോട്ട് പോകുകയാണ് ജില്ലാ ഭരണകൂടമെന്ന് ഗ്രാമരക്ഷാസമിതി പ്രവർത്തകർ ആരോപിച്ചു. 

 

ഖനന വ്യവസായ ലോബികൾക്കുള്ള രാഷ്ട്രീയ പിൻബലം തന്നെയാണ് കേരളത്തിലെ കരിങ്കൽ ക്വാറി വ്യവസായത്തെ ഇത്ര അപകടം പിടിച്ച അവസ്ഥയിൽ എത്തിച്ചിരിക്കുന്നത്. വാസ്തവത്തിൽ രാഷ്ട്രീയ നേതൃത്വം ബിനാമിയായിക്കൊണ്ട് നടത്തുന്ന ഒരു വ്യവസായമാണിത്. വീട്ടിലെ മാതാപിതാക്കളോടു കാണിക്കുന്ന സ്നേഹവും  മമതയും വിട്ടുവീഴ്ച്ചയും അനുകമ്പയുമാണ് രാഷ്ട്രീയ പാർട്ടികൾ ക്വാറി ഉടമകളോട് കാണിക്കുന്നത്. 1990 മുതൽ 2018 വരെയുള്ള ഉത്തരവുകളിൽ നിന്നും ഈ സൗഹൃദ ബന്ധം വ്യക്തമാണന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി സംസ്ഥാന കമ്മറ്റി അംഗം ബിജു വി ജേക്കബ് ഗ്രീൻ റിപ്പോർട്ടറോട് പറഞ്ഞു.

 

സുന്ദരവും ഹരിതാഭവുമായ തുടിയുരുളിപ്പാറ ഇപ്പോൾ അതിന്റെ മേൽമണ്ണു പോയി വികൃതമായിരിയ്ക്കുന്നു. സ്ഫോടന ശൃംഖല അവിടത്തെ പാറക്കൂട്ടങ്ങളെ ദുർബ്ബലമാക്കിയിരിയ്ക്കുന്നു. ആളുകൾക്ക് കൃഷിയിടങ്ങളിൽ തൊഴിൽ ചെയ്യാനാകുന്നില്ല. കുട്ടികൾ  സ്ക്കൂളിൽ പോകുമ്പോളും തിരിച്ചു വരുമ്പോളും ക്വാറിയിൽ സ്ഫോടന സമയമായിരിയ്ക്കും. ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ സ്വർഗ്ഗതുല്യമായ നാടിന്റെ സ്വസ്ഥത നശിപ്പിച്ചിരിക്കുന്നു. ജല നിരപ്പു താണു. ജലം മലിനമായി. കുടിവെള്ളം കിട്ടാക്കനിയായി. സ്ഫോടക പദാർഥങ്ങളുടെ അവശിഷ്ടങ്ങൾ അലക്ഷ്യമായി ഉപേക്ഷിയ്ക്കപ്പെടുന്നു. വീടുകൾക്കുമുകളിൽ ഭീമൻ പാറകൾ എപ്പോളാണു ഉരുണ്ടു വീഴുന്നതെന്നു  ഭയപ്പെട്ടാണ് ഓരോ ദിനവും തള്ളി നീക്കുന്നത്. സ്ഫോടനങ്ങളിൽ വീടുകൾ കിടുങ്ങുകയും വിണ്ടു കീറുകയും ചെയ്യുന്നു. ഇങ്ങനെ എണ്ണമറ്റ പരാതികളാണു വി കോട്ടയത്തുകാർക്ക് പറയാനുള്ളത്. ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞാൽ യാതൊരു നടപടിയുമില്ല ക്വാറി ഉടമയും ഉദ്യോഗസ്ഥരും തമ്മിലുള്ള കൂട്ടുകച്ചവടമാണ് പത്തനംതിട്ടയിൽ നടന്നുവരുന്നത് ഇതിന് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ എല്ലാ പിന്തുണയും നൽകിവരികയാണന്നും ഇത് അവസാനിപ്പിക്കണമെന്നും ഗ്രാമ രക്ഷാസമിതിയും പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ കമ്മറ്റിയും ആവശ്യപ്പെട്ടു 
 

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment