മൽസ്യത്തൊഴിലാളിയെ ഒരു ഹാരത്തിൽ ഒതുക്കരുത് ; ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ജീവിക്കാനുള്ള സാഹചര്യം വേണം




പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ മൽസ്യത്തൊഴിലാളി സമൂഹത്തെ കേരളത്തിന്റെ സ്വന്തം സൈന്യം എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ രക്ഷകരായി ഓടിയെത്തിയ മത്സ്യത്തൊഴിലാളി സമൂഹത്തെ കേരളം മുഴുവൻ അഭിനന്ദിക്കുകയാണ്. അതേ സമയം ഈ പ്രളയത്തിന്റെ ആഘാതം വർദ്ധിപ്പിച്ച അനിയന്ത്രിതമായ പാരിസ്ഥിതിക ചൂഷണം മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും തൊഴിലിനേയും എങ്ങനെ ബാധിക്കുന്നു എന്ന ഗൗരവതരമായ വിഷയത്തിലേക്ക് ചർച്ചകൾ വരേണ്ടതുണ്ട്. അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾക്ക് അപ്പുറം തങ്ങളുടെ കുഞ്ഞുങ്ങൾക്ക് എന്താണ് വേണ്ടതെന്ന് പറയുകയാണ് മത്സ്യത്തൊഴിലാളി മേഖലയിൽ കാലങ്ങളായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന സാമൂഹ്യപ്രവർത്തക മാഗ്ലിൻ ഫിലോമിന. 

 

നിങ്ങൾക്ക് മൽസ്യത്തൊഴിലാളികളോട് എന്തെങ്കിലും ആത്മാർത്ഥതയോ കടപ്പാടോ  ഉണ്ടെങ്കിൽ മത്സ്യത്തൊഴിലാളികളുടെ ആവാസസവ്യവസ്ഥയെ നശിപ്പിക്കുന്ന പ്രധാനമായും മൂന്ന് പദ്ധതികൾ ഉപേക്ഷിക്കാൻ തയ്യാറാകണം. ഒന്ന് വിഴിഞ്ഞം പദ്ധതി, രണ്ടു ആലപ്പാട്, ആറാട്ടുപുഴ മേഖലയിലെ കരിമണൽ ഖനനം, മൂന്ന് പുതുവൈപ്പിലെ ഐ.ഓ.സി പ്ലാന്റ്. ആറാട്ടുപുഴയിൽ തന്നെ 84 ചതുരശ്ര കിലോമീറ്ററോളം തീരം ഉണ്ടായിരുന്നു . ഇപ്പം അത് എട്ടിനും ഒമ്പതിനും ഇടയ്ക്ക് ചതുരശ്ര കിലോമീറ്ററിലേക്ക് ചുരുങ്ങിയിട്ടുണ്ട്. ഇത് കടൽ ഉണ്ടാക്കുന്നതല്ല, മനുഷ്യൻ ഉണ്ടാക്കുന്നതാണ്. ആ മേഖലയിൽ ഉണ്ടായ സുനാമി ദുരന്തം പോലും മനുഷ്യനിർമ്മിത ദുരന്തമായിരുന്നു. മണ്ണെടുത്ത് ഭൂമി താഴ്ന്നതോടെ കടൽ കേറി കരയെടുത്തു. 

 

കൊച്ചിയിൽ ചെല്ലാനത്ത് നിന്ന് കടലെടുക്കുന്ന മണ്ണ് വൈപ്പിനിൽ കൊണ്ട് വെക്കുകയാണ്. കടൽ ഒന്നും എടുത്തുകൊണ്ട് പോകില്ല. ആ തീരം വെക്കുന്നത് മുഴുവൻ കൊച്ചിൻ ഹാർബറിന്റേതാണെന്ന് പറയുക, ചെല്ലാനത്ത് കടലെടുക്കുന്നതിന്റെ ഉത്തരവാദിത്വം ആർക്കും ഇല്ല, അതിന്റെ പഴി മൊത്തം കടലമ്മയ്ക്കാണ്. ചെല്ലാനം ഭാഗത്ത് കടലാക്രമണത്തിന്റെ കാരണം ഈ മണ്ണ് നഷ്ടപ്പെടുന്നതാണ്. കൊച്ചിൻ പോർട്ടിൽ കൊണ്ട് വെക്കുന്ന ഈ മണ്ണ് അവരെടുത്ത് വിൽക്കുകയാണ്. കപ്പൽ കടന്നു പോകുന്നതിന് തടസം ഉണ്ടാകുന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് പറയുന്നത്. കൊച്ചിൻ പോർട്ട് താഴ്ന്ന പ്രദേശമാണ്. ഉയരമുള്ള സ്ഥലത്ത് നിന്ന് താഴ്ന്ന പ്രദേശത്ത് കൊണ്ട് വെക്കുന്നത് സ്വാഭാവികമാണ്. ഇവിടെ ചെയ്യേണ്ടത്  കൊച്ചിൻ പോർട്ടിൽ നിന്നെടുക്കുന്ന മണ്ണ് തിരിച്ച് ചെല്ലാനം ഭാഗത്തേക്ക് കൊണ്ട് നിക്ഷേപിക്കണം. നിക്ഷേപിച്ചാലും ഇല്ലെങ്കിലും കടൽ മണ്ണെടുക്കും, പക്ഷേ ഇങ്ങനെ ചെയ്താൽ കുറച്ച് കൂടി തീരത്തെ സംരക്ഷിക്കാൻ കഴിയും. 

 

ഈ വെള്ളപ്പൊക്കത്തിൽ ഏലൂർ ഭാഗത്തുള്ള കമ്പനികളിൽ മുഴുവൻ വെള്ളം കയറിയിട്ടുണ്ട്. ഈ മാലിന്യങ്ങൾ വന്നടിയുന്നത് മുഴുവൻ കടലിലാണ്, അത് പോലെ തന്നെ പ്ലാസ്റ്റിക് മാലിന്യങ്ങളും ഉണ്ട്. ഇത് ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ വളരെ വലുതാണ്. അത് കരയിൽ അല്ലാത്തത് കൊണ്ട് അതാർക്കും കാണാൻ കഴിയുന്നില്ല. കടലിന്റെ പരിസ്ഥിതിയെ തന്നെ അത് ബാധിക്കും. 

 

അവശേഷിക്കുന്ന കണ്ടൽ കാടുകൾ മുഴുവൻ നശിപ്പിച്ച് കൊണ്ടുള്ള വൻകിട പദ്ധതികൾ ഉപേക്ഷിക്കണം. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കി കൊണ്ട് കേരളത്തിലെ മലകളെയും പുഴകളെയും കടലിനെയും നമ്മുടെ ആവാസ വ്യവസ്ഥയെയും നിലനിർത്തിക്കൊണ്ടുള്ള ഒരു വികസനം ഇല്ലെങ്കിൽ കേരളം ഇനിയും വലിയ ദുരന്തങ്ങൾ കാണേണ്ടി വരും. കേരളം ഇപ്പോൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ റെഡ് സോണിലൂടെയാണ് കടന്നു പോകുന്നത്. ഓഖിക്ക് ശേഷം മറ്റൊരു കൊടുങ്കാറ്റുണ്ടായിരുന്നു. അത് വലിയ നഷ്ടം ഒന്നും ഉണ്ടാക്കാതെ കടന്നു പോയി. അതിന് ശേഷമാണ് ഈ പ്രളയം വരുന്നത്. അതായത് ഒരു വർഷത്തിനിടെ മൂന്നാമത്തെ വലിയ ദുരന്തമാണ് ഇപ്പോൾ സംഭവിക്കുന്നത്. 

 

ഓരോ ദുരന്തത്തിന് ശേഷവും നമ്മുടെ ലക്ഷ്യം കൂടുതൽ ഡാമുകൾ കെട്ടുക, വൻകിട പദ്ധതികൾ നടപ്പിലാക്കുക, ലുലുവിനെയും അദാനിയേയും പോലുള്ള വൻകിട മുതലാളിമാർക്ക് കേരളം വിട്ടു കൊടുക്കുക ഇതൊക്കെയാണ്. ഈ പ്രളയത്തിൽ പലർക്കും ഭൂമി നഷ്ടമായിട്ടുണ്ട്. കേരള സർക്കാർ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി, അദാനിക്ക് കൊടുത്ത ഭൂമി തിരിച്ച് പിടിച്ച് ആ ഭൂമി ഭൂമി നഷ്ടമായവർക്ക് വിതരണം ചെയ്യണം. അദാനിക്ക് എന്തിനാണ് ഭൂമി കൊടുക്കുന്നത്? ഇപ്പോൾ വീട് നഷ്ടപ്പെട്ടവർ കരയുകയാണ്. തീരപ്രദേശത്ത് വീട് നഷ്ടപ്പെട്ടവർ പത്തും പന്ത്രണ്ടും കൊല്ലം സ്‌കൂളുകളിലും മറ്റും കഴിഞ്ഞവരുണ്ട്. അത് ദുരന്തമായിരുന്നു. ഇപ്പോൾ തീരത്ത് ഉണ്ടാകുന്ന കടലാക്രമണം മനുഷ്യനിർമ്മിത ദുരന്തമാണ്. അദാനിയുടെ വിഴിഞ്ഞം പോർട്ടിന് വേണ്ടി കടലിൽ കല്ലിട്ടത് കൊണ്ട് ഉണ്ടായ ദുരന്തമാണ് തിരുവനന്തപുരത്തിന്റെ തീരം നേരിടുന്നത്. വിഴിഞ്ഞം പോർട്ടിന് വടക്ക് വശത്തുള്ള പ്രദേശത്ത് മുഴുവൻ കടലെടുക്കുകയാണ്. ശംഖുമുഖം ബീച്ച് അടക്കം എല്ലാം നഷ്ടപ്പെട്ടു പോയിരിക്കുകയാണ്. 

 


അവരെ പുനരധിവസിപ്പിക്കാൻ എന്താണ് വഴി? അവരെ മുഴുവൻ ഫ്ലാറ്റിൽ കൊണ്ടിടുകയാണ്. ഞങ്ങൾക്ക് ഫ്ലാറ്റ് വേണ്ട. ഫ്ലാറ്റുകൾ എന്ന് പറഞ്ഞാൽ ചേരികളാണ്. അപ്പൊ ഈ അദാനിക്കും ലുലുവിനും ഒക്കെ കൊടുക്കുന്ന ഭൂമി സാധാരണക്കാരന് കൊടുക്കണം. ഭൂമിക്ക് ആഘാതമുണ്ടാക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തിരമായി നിർത്തി വെക്കണം.  കടലിൽ കല്ലിടുന്നത് തീരം സംരക്ഷിക്കാനെന്ന പേരിലാണ്. പശ്ചിമഘട്ട മലനിരകളെ ഇടിച്ച് നിരത്തി കടലിൽ കൊണ്ട് ഇടുകയാണ്. ഇങ്ങനെ മലയിടിച്ചത് ഇപ്പോൾ ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇവിടുത്തെ കാടും, മലയും, പുഴയും, കടലും സംരക്ഷിക്കാതെയുള്ള ഒരു വികസന പ്രവർത്തനവും ശാശ്വതമല്ല. 

 


അപ്പോൾ ചോദിക്കും വികസനം വേണ്ടേ? ഡാം വേണ്ടേ എന്നൊക്കെ?  ഒരു കൊച്ച് കേരളത്തിൽ എന്തിനാണ് ഇത്രയധികം ഡാമുകൾ? പല രാജ്യങ്ങളും ഡാമുകൾ ഡീകമ്മീഷൻ ചെയ്യുകയാണ്. പാരിസ്ഥിതിക ആഘാതം കുറഞ്ഞ പദ്ധതികളെ കുറിച്ച് നാം ആലോചിക്കണം. ലോകത്തിലെ ഏറ്റവും വലിയ സോളാർ പദ്ധതികളിൽ ഒന്നാണ് കൊച്ചിയിലെ വിമാനത്താവളത്തിൽ ഉള്ളത്. അപ്പൊ മാതൃകകൾ നമ്മൾ വേറെ ആരെയും കണ്ടു പഠിക്കേണ്ടതില്ല. ഇത്തരം കാര്യങ്ങൾ പരിഗണിക്കാതെ ഇനി നമുക്ക് മുന്നോട്ട് പോകാനാകില്ല. 

 


മൽസ്യത്തൊഴിലാളികളുടെ സാഹസികതയെ കുറിച്ച് കുറച്ച് ദിവസം വാഴ്ത്തിപ്പാടുന്നതിന് പകരം ദീർഘകാലാടിസ്ഥാനത്തിൽ അവരുടെ ജീവിതത്തെ നിലനിർത്തുന്ന നയങ്ങളാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഓരോരുത്തർക്കും മൂവായിരം രൂപ മുഖ്യമന്ത്രി പ്രഖ്യാപിച്ചല്ലോ. കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ട് കടലിൽ പോകാൻ കഴിയാത്ത ദിവസങ്ങളിൽ എല്ലാ മത്സ്യതൊഴിലാളികൾക്കും ഒരു ദിവസത്തെ വേതനം നല്കാൻ തീരുമാനിച്ചിരുന്നെങ്കിൽ ഞാൻ സന്തോഷിച്ചേനെ. പ്രളയം വന്നു എത്ര ദിവസം സർക്കാർ ഓഫീസുകൾ അടച്ചിട്ടു. അവർക്കൊന്നും സർക്കാർ ശമ്പളം കൊടുക്കാതിരിക്കുകയാണോ? അത് പോലെ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് കടലിൽ പോകാത്ത മൽസ്യത്തൊഴിലാളിക്ക് നൽകട്ടെ. അതല്ലാതെ ഞങ്ങൾക്ക് ഒരു മൂവായിരം രൂപ നൽകാമെന്ന് പറയുന്നതിൽ എന്ത് കാര്യമാണുള്ളത്.? 

 

ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി എന്നൊരു സംവിധാനം ഉണ്ടല്ലോ? എന്ത് മുൻകരുതലാണ് അവർ സ്വീകരിച്ചിട്ടുള്ളത്? ഓഖി ദുരന്തം ഉണ്ടായി. നമ്മൾ എന്ത് പഠിച്ചു? ഡാം തുറന്നാൽ ഇവിടെയൊക്കെ വെള്ളം എത്തും, അവിടെ നിന്ന് ആളുകളെ ഒഴിപ്പിക്കണം, അതിന് ഇത്രയിത്ര സംവിധാനങ്ങൾ വേണം എന്നൊക്കെ ഒരു കരുതൽ ഉണ്ടാവേണ്ടതല്ലേ. ഇപ്പോൾ എല്ലാവരും പറയുന്നത് ഞങ്ങൾ പറഞ്ഞിട്ടാണ് മൽസ്യത്തൊഴിലാളികൾ ഇറങ്ങിയത് എന്നാണ്. ആരെങ്കിലും ആയിക്കോട്ടെ. കാര്യം നടന്നാൽ മതി. പക്ഷെ സർക്കാർ പറഞ്ഞിട്ടാണ് ഇറങ്ങിയത് എന്നൊക്കെ പറയുന്നത് മോശമാണ്. ഇപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഒരു സൈഡിൽ സ്വീകരണം കൊടുക്കുന്നു. കോൺഗ്രസുകാർ സ്വീകരണം കൊടുക്കുന്നു. എല്ലാവരും ഇപ്പോ അതിന്റെ ആളുകളായി മാറുകയാണ്. ആയിക്കോട്ടെ, സന്തോഷമുണ്ട്. പക്ഷേ  ഈ അഭിനന്ദനങ്ങൾ ഒരു ഹാരമിടലോ അഭിനന്ദന യോഗത്തിലോ ഒതുക്കരുത്.ഞങ്ങൾക്ക് അവരുടെ അഭിനന്ദനങ്ങളല്ല വേണ്ടത്. ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഭാവിയിൽ ജീവിക്കാനുള്ള സാഹചര്യമാണ് വേണ്ടത്. അതിന് വേണ്ടി നിലപാടിലും നയങ്ങളിലും ഉള്ള മാറ്റമാണ് വേണ്ടത്.

 

പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് കൃത്യമായി പഠിച്ച് വിലയിരുത്തി അല്ലാതെ വികസന പദ്ധതികളുമായി മുന്നോട്ട് പോകുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കരുത്. മനുഷ്യനോളം കരുതൽ പരിസ്ഥിതിക്കും കൊടുക്കണം. അങ്ങനെയുള്ള ഒരു വികസനമാണ് ഞങ്ങൾ മത്സ്യത്തൊഴിലാളി സമൂഹം ആഗ്രഹിക്കുന്നത്. ഇനിയും യതീഷ്ചന്ദ്രയെ പോലുള്ള ആളുകളെ കൊണ്ട് വന്ന് ഞങ്ങളെ തല്ലിച്ചതക്കരുത്. ഞങ്ങളുടെ കുഞ്ഞുങ്ങൾ സമാധാനത്തോടെ ജീവിക്കട്ടെ. അതിന് അവരുടെ ആവാസ വ്യവസ്ഥ തകർക്കാതിരിക്കണം. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശമാണ് ഞങ്ങളുടേത്. അവിടുത്തെ മനുഷ്യരെയും മനുഷ്യരായി കരുതണം. അവരുടെ ജീവിതവും തൊഴിലും തകർക്കുന്ന ഈ വൻകിട പദ്ധതികൾ ഉപേക്ഷിക്കണം. ഞങ്ങൾ ചെയ്ത സേവനത്തെ സർക്കാർ ഏതെങ്കിലും തരത്തിൽ മാനിക്കുന്നുണ്ടെങ്കിൽ ഇവിടെ ഞങ്ങൾക്ക് വേണ്ടത് ശാശ്വതമായ വികസന പദ്ധതി, ഞങ്ങളുടെ കടലിനെയും, തീരത്തെയും, ജീവിതത്തെയും സംരക്ഷിച്ച് കൊണ്ടുള്ള ഒരു വികസന പദ്ധതിയാണ് വേണ്ടത്. 
 

Green Reporter


Visit our Facebook page...

Responses

0 Comments

Leave your comment