പാറപോലെ മാഫിയകളും അധികാരി വര്‍ഗവും ; പാറമടകള്‍ കലഞ്ഞൂരിന്റെ ഉറക്കം കെടുത്തുന്നു




1995 കാലഘട്ടത്തില്‍ ഗുരു നിത്യചൈതന്യ യതിയാണ്  കലഞ്ഞൂര്‍ പഞ്ചായത്തിലെ ക്രഷര്‍ യൂണിറ്റുകള്‍ക്കെതിരായ സമരത്തിന് തുടക്കം കുറിച്ചത്. താന്‍ കളിച്ചുവളര്‍ന്ന കള്ളിപ്പാറ മല, പോത്തുപാറ മല, രാക്ഷസന്‍ പാറ, ഇഞ്ചപ്പാറ, പടപ്പാറ എന്നീ മലകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.സമരത്തിന്റെ രണ്ടാംഘട്ടം ഏഴ് വര്‍ഷം മുമ്പ് ആരംഭിക്കുകയും കേരളത്തിലും ഇന്ത്യയിലുമുള്ള നിരവധി പരിസ്ഥിതി പ്രവര്‍ത്തകരുടെയും, വി.എസ്. അച്യുതാനന്ദനെപ്പോലെയുള്ള രാഷ്ട്രീയ നേതാക്കന്മാരുടെയും പിന്തുണ ലഭിക്കുകയും ചെയ്തിരുന്നു. നിര്‍ണ്ണായകമായ 111 ദിവസം നീണ്ട പഞ്ചായത്ത് ഓഫീസിനു മുമ്പിലെ സമരം കേരളമാകെ ശ്രദ്ധിക്കപ്പെട്ടു.


ക്രഷര്‍ യൂണിറ്റുകള്‍ക്കെതിരായ പരാതി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ  സുതാര്യ കേരളം പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെടുകയും പത്തനംതിട്ട ജില്ലാ കലക്ടറോട് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. ഒരു നടപടിയും ഉണ്ടായില്ല. പ്രമുഖരായ സമുദായ നേതാക്കൾക്കുള്‍പ്പെടെ ഇവിടെ ക്രഷര്‍ യൂണിറ്റുകള്‍ ഉണ്ട്. സകലരേയും വിലയ്‌ക്കെടുത്താണ് ഇവരുടെ പ്രവര്‍ത്തനം നടന്നു വരുന്നത്. 

 

വർഷങ്ങളായി തുടരുന്ന കലഞ്ഞൂരിലെ ഖനന വിരുദ്ധ ജനകീയ സമരത്തിന് ആദ്യ പിന്തുണയുമായി എത്തിയത് നിത്യചൈതന്യയതിയായിരുന്നു. യതി ധ്യാനത്തിനും പുസ്തക രചനയ്ക്കുമായി തിരഞ്ഞെടുത്ത പ്രകൃതിയുടെ കനിവുകളാൽ സമ്പന്നമായ മലനിരകളെ കാർന്നെടുക്കുന്നതിനെതിരെ അദ്ദേഹം ജനങ്ങൾക്കൊപ്പം സമരത്തിനിറങ്ങി. അന്ന് യതിയുടെ സാന്നിധ്യം ഗ്രാമീണരുടെ സമരാവേശത്തിന് അഗ്നി പകർന്നു. രാക്ഷസൻ പറയിലേക്ക് ക്രഷർ വിരുദ്ധ യാത്ര നടത്തിക്കൊണ്ട് മുദ്രാവാക്യം മുഴക്കി "ജീവൻ നിലനിൽക്കാൻ ക്രഷർ നിരോധിക്കൂ. ജനങ്ങളിൽ അത് പടർന്ന് കരിമ്പാറ കൂട്ടങ്ങളിൽതട്ടി പ്രതിധ്വനിച്ചു. ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ അന്ന് നടന്ന സമരം വിജയമായിരുന്നു .ജനരോഷം കണ്ട് ക്രഷർ ഉദ്യമത്തിൽ നിന്നും പിൻമടങ്ങി.

 


ഇപ്പോൾ കലഞ്ഞൂർ പഞ്ചായത്തിൽ നാലാം വാർഡിൽ തട്ടുപാറയിൽ ഇഞ്ചപ്പാറ സാന്റ്& ഗ്രാനൈറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പിനി ക്വാറിയ്ക്കും ക്രഷറിനുമായി 26. 2.18 ൽ പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ച വിവരം രഹസ്യമാക്കി വയ്ക്കുകയും മുപ്പത് ദിവസം കഴിഞ്ഞപ്പോൾ ക്വാറി മാഫിയ പഞ്ചായത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും ഏകപക്ഷീയമായ വിധി സമ്പാദിക്കുകയും ചെയ്തു കഴിഞ്ഞു.കോടതിയിൽ പഞ്ചായത്ത് എതിർപ്പ് പ്രകടിപ്പിച്ചില്ലന്നും ഏഴ് ദിവസത്തിനകം ഇഞ്ചപ്പാറ സാന്റ് & ഗ്രാനൈറ്റിന് ലൈസൻസ് നൽകാൻ കോടതി ഉത്തരവിട്ടിരിക്കുകയാണ്. വിവരം പുറത്തറിയാതിരിക്കാൻ മൂന്ന് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റിയെന്നും സമരസമിതി ആരോപിച്ചു.

 


പഞ്ചായത്തിന്റെ പിടിപ്പുകേടുകൊണ്ട് ക്വാറി മാഫിയയ്ക്ക് അനുഗ്രഹമായി മാറുകയായിരുന്നു. കലഞ്ഞൂർ പഞ്ചായത്ത് നാളുകളായി തുടരുന്ന ഈ നിസംഗതയ്ക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് ജനകീയ സമരം ഇപ്പോൾ അവർക്കെതിരെ മുദ്രാവാക്യം മുഴക്കി തുടങ്ങി. പുതിയതായി തട്ടുപാറയിൽ ഇഞ്ചപ്പാറ സാന്റ്& ഗ്രാനൈറ്റ്സിന് ഏകപക്ഷിയമായി കേരള ഹൈകോടതി ലൈസൻസ് നൽകാൻ ഉത്തരവിട്ടതിന് കൂട്ടുനിന്ന പഞ്ചായത്തിന് ഗ്രാമവാസികൾ ചോദ്യം ചെയ്തു തുടങ്ങിയപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നിരോധന ഉത്തരവ് നൽകി തൽക്കാലം തലയൂരേണ്ടി വന്നു.

 

കോന്നി ഡിവിഷണൽ ഫോറസ്റ്റിന്റെ അതിർത്തി പ്രദേശത്താണ് രണ്ട് ഡസനോളം ക്വാറിയും ക്രഷറും പ്രവർത്തിക്കുന്നത് എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. കലഞ്ഞൂർ ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മലയോര പ്രദേശമായ ഇഞ്ചപ്പാറ ,പാക്കണ്ടം, മുറിഞ്ഞകൽ, അതിരുങ്കൽ ,കുളത്തുമൺ, പോത്തുപാറ, കാരയ്ക്കാക്കുഴി, അഞ്ചുമുക്ക്, തടി, എലിക്കോട്, എന്നിവിടങ്ങളിൽ നിയമങ്ങൾ കാറ്റിൽ പറത്തി വൻതോതിൽ ജില്ലാഭരണകൂടത്തിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഒത്താശയിൽ ഖനനം നടന്നു വരികയാണ്.

 

പശ്ചിമഘട്ടം അതീവ ഗുരുതരമായ ഭീഷിണികൾ നേരിടുകയാണെന്നും പശ്ചിമഘട്ടസംരക്ഷണം അടിയന്തിര പ്രാധാന്യമർഹിക്കുന്നതാണെന്നുമുള്ള ചർച്ചകൾ കേരളത്തിൽ സജീവമായി കൊണ്ടിരിക്കുന്ന സമയത്തും വനാതിർത്തിയോട് ചേർന്ന് വീണ്ടും പ്രദേശത്തെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന തട്ടുപാറയ്ക്ക് പഞ്ചായത്ത് അനുമതി നൽകിയാൽ അത് ജനങ്ങളോടുള്ള ഭരണകൂടത്തിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും വെല്ലുവിളിയായിരിക്കും. കേന്ദ്ര സർക്കാർ കോടി കണക്കിന് രൂപ മുടക്കി ജല സംരക്ഷണത്തിനുവേണ്ടി അതി സുഷ്മ നീർത്തട പദ്ധതി പ്രദേശമായി സംരക്ഷിക്കുന്ന സ്ഥലങ്ങളാണ് ഇഞ്ചപ്പാറ സമുച്ചയം. എന്നിട്ടും എങ്ങനെ ഇവിടെ ഇത്രയേറെ ക്വാറികൾക്കും ക്രഷർ യൂണിറ്റിനും അനുമതി ലഭിച്ചു എന്ന ചോദ്യമാണ് ഇവിടെ അവശേഷിക്കുന്നത്. ഉദ്യോഗസ്ഥരേയും ഭരണ -പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെയും സ്വാധീനിച്ച് ലൈസൻസുകൾ എല്ലാം നേടിയിരിക്കുന്നത് എന്ന് ഇതിൽ നിന്നും വ്യക്തമാണ്.

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment